2022 ഖത്തര്‍ ലോകകപ്പിനുള്ള യോഗ്യതാ മത്സരത്തില്‍ മെസ്സിയുടെ അര്‍ജന്റീനയെ സമനിലയില്‍ കുരുക്കി ചിലി. ആവേശകരമായ മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു. അര്‍ജന്റീനയ്ക്ക് വേണ്ടി അവരുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയും ചിലിക്കായി അലക്സിസ് സാഞ്ചസുമാണ് ഗോള്‍ നേടിയത്.
മത്സരം സമനിലയായതോടെ ലോകകപ്പിനുള്ള ലാറ്റിനമേരിക്കന്‍ മേഖലാ യോഗ്യതാ റൗണ്ടില്‍ ഒന്നാമതെത്താനുള്ള അവസരം അര്‍ജന്റീനക്ക് നഷ്ടമായി. ബ്രസീലാണ് ഒന്നാം സ്ഥാനത്ത്. അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 11 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. അതേസമയം നാല് കളികളില്‍ നിന്നും 12 പോയിന്റാണ് ബ്രസീലിനുള്ളത്. അഞ്ച് മത്സരങ്ങളില്‍ ഒന്ന് മാത്രം ജയിച്ച ചിലി അഞ്ച് പോയിന്റുമായി ആറാമതാണ്. കളിച്ച അഞ്ച് മത്സരങ്ങളില്‍ ഒന്ന് പോലും തോറ്റിട്ടില്ല എന്നത് കോപ്പ അമേരിക്കയ്ക്ക് ഒരുങ്ങുന്ന അര്‍ജന്റൈന്‍ ടീമിന് ആശ്വാസം പകരുന്ന കാര്യമാണ്.
Also Read-ഇംഗ്ലണ്ട് പര്യടനത്തിനായി ഇന്ത്യന്‍ പുരുഷ, വനിതാ ക്രിക്കറ്റ് ടീമുകള്‍ ഇംഗ്ലണ്ടിലെത്തിമത്സരത്തിലെ 23ആം മിനുട്ടില്‍ ലയണല്‍ മെസ്സി നേടിയ ഗോളില്‍ അര്‍ജന്റീനയാണ് ആദ്യം മുന്നില്‍ എത്തിയത്. അര്‍ജന്റീന താരമായ ലൗതാരോ മാര്‍ട്ടിനെസിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനല്‍റ്റി ഗോളാക്കി മാറ്റിയാണ് മെസ്സി തന്റെ ടീമിനെ കളിയില്‍ മുന്നിലെത്തിച്ചത്. റഫറി നടത്തിയ വാര് പരിശോധനയുടെ സഹായത്തോടെയാണ് അര്‍ജന്റീനയ്ക്ക് പെനല്‍റ്റി ലഭിച്ചത്.
എന്നാല്‍ 36ആം മിനുട്ടില്‍ അലക്സിസ് സാഞ്ചസ് നേടിയ ഗോളില്‍ ചിലി മത്സരത്തില്‍ ഒപ്പമെത്തി. അര്‍ജന്റീനയുടെ ബോക്സിനു പുറത്ത് നിന്ന് എടുത്ത ഫ്രീകിക്കില്‍ ഉയര്‍ന്ന് വന്ന പന്ത് ഗോളിന് മുന്നില്‍ നില്‍ക്കുകയായിരുന്ന അലക്സിസ് സാഞ്ചസിന് മറിച്ച് നല്കിയ ഗാരി മെഡലിന്റെ മികവിലാണ് അവരുടെ ഗോള്‍ പിറന്നത്. മെഡല്‍ തന്റെ കാല്‍പാകത്തിന് നല്കിയ പന്ത് ഒഴിഞ്ഞ വലയിലേയ്ക്ക് തട്ടിയിടുക എന്ന ചുമതല മാത്രമേ സാഞ്ചസിന് ഉണ്ടായിരുന്നുള്ളൂ.
ഗോള്‍ വീണതോടെ കളി വീണ്ടും ആവേശകരമായി വിജയ ഗോളിനായി ഇരുടീമുകളും ആഞ്ഞ് പൊരുതിയെങ്കിലും പിന്നീട് ഗോള്‍ നേടാന്‍ ഇരു ടീമുകള്‍ക്കും കഴിഞ്ഞില്ല. ഇതിനിടെ മെസ്സിക്ക് ഫ്രീകിക്കില്‍ നിന്ന് രണ്ട് സുവര്‍ണ ഗോവസരങ്ങള്‍ ലഭിച്ചുവെങ്കിലും, ഒന്ന് ഗോള്‍കീപ്പര്‍ കുത്തിയകറ്റുകയും മറ്റൊന്ന് ബാറിലിടിച്ച് മടങ്ങുകയും ചെയ്തു.
Also Read-അരങ്ങേറ്റ മത്സരത്തിൽ ഇരട്ടസെഞ്ച്വറിയുമായി കോൺവേ; തകർത്തത് ലോഡ്സിലെ 125 വർഷം പഴക്കമുള്ള റെക്കോർഡുകൾലാറ്റിനമേരിക്കന് റൗണ്ടിലെ മറ്റ് മത്സരങ്ങളില്‍ ബൊളീവിയ വെനസ്വേലയെ (3-1) തോല്പിച്ചപ്പോള് യുറഗ്വായ്-പാരഗ്വായ് മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. അര്‍ജന്റീനയുടെ ഇനിയുള്ള മത്സരം കൊളംബിയയുമായാണ്. ചിലിക്ക് ബൊളീവിയയെയാണ് ഇനി അടുത്ത മത്സരത്തില്‍ നേരിടാനുള്ളത്. രണ്ട് മത്സരങ്ങളും ജൂണ്‍ ഒമ്പതിന് ആണ് നടക്കുക. പിന്നീട് കോപ്പാ അമേരിക്ക ടൂര്‍ണമെന്റിന് ശേഷമാകും ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ പുനരാരംഭിക്കുക. കോപ്പാ അമേരിക്ക ടൂര്‍ണമെന്റിന്റെ വേദിയുമായി ബന്ധപ്പെട്ട് പല പ്രശ്നങ്ങളും ഉയര്‍ന്ന് വന്നെങ്കിലും അവസാനം ബ്രസീലില്‍ തന്നെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
നേരത്തെ കൊളംബിയയിലും പിന്നീട് അര്‍ജന്റീനയിലും നടത്താന്‍ ഒരുങ്ങിയ ടൂര്‍ണമെന്റ് പല വിധ കാരണങ്ങളാല്‍ ഇവിടങ്ങളില്‍ നിന്ന് മാറ്റുകയായിരുന്നു. നിലവില്‍ ബ്രസീലില്‍ നിശ്ചയിച്ചിരിക്കുന്ന ടൂര്‍ണമെന്റിനും നിരവധി പ്രതിസന്ധികള്‍ ഉണ്ടെങ്കിലും മുന്നോട്ട് പോവാന്‍ തന്നെയാണ് സംഘാടകരുടെ തീരുമാനം. കോവിഡ് വ്യാപനം ഏറ്റവും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ച രാജ്യങ്ങളില്‍ ഒന്നാണ് ബ്രസീല്‍. രോഗം ബാധിച്ചു മരിച്ച ആള്‍ക്കാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് ബ്രസീല്‍. അത് കൊണ്ട് തന്നെ സ്റ്റേഡിയങ്ങള്‍ക്ക് പുറത്ത് പ്രതിഷേധ പ്രകടനങള്‍ ഉയരുന്നുണ്ട്. പക്ഷേ ടൂര്‍ണമെന്റ് ഭംഗിയായി നടത്താന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് സംഘാടകര്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.