ഇംഗ്ലണ്ട് പര്യടനത്തിനായി ഇന്ത്യന്‍ പുരുഷ, വനിതാ ക്രിക്കറ്റ് ടീമുകള്‍ ഇംഗ്ലണ്ടിലെത്തി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഇന്ത്യന്‍ പുരുഷ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ മത്സരങ്ങള്‍ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലോടെയാണ് ആരംഭിക്കുക
ഇംഗ്ലണ്ട് പര്യടനത്തിനായി ഇന്ത്യയുടെ പുരുഷ, വനിതാ ക്രിക്കറ്റ് ടീമുകള്‍ ഇംഗ്ലണ്ടില്‍ വിമാനമിറങ്ങി. ലണ്ടനില്‍ നിന്ന് സതാംപ്ടണിലെത്തുന്ന പുരുഷ, വനിതാ ടീമുകള്‍ അവിടെ നിര്‍ബന്ധിത ക്വാറന്റീന്‍ പുര്‍ത്തിയാക്കിയ ശേഷം പരിശീലനം ആരംഭിക്കും. മുംബൈയിലെ ഹോട്ടലില്‍ ക്വാറന്റൈനും കോവിഡ് ടെസ്റ്റുകളും പൂര്‍ത്തിയാക്കിയ ശേഷമാണ് ഇന്ത്യന്‍ സംഘം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിച്ചത്. ഇന്ത്യന്‍ പുരുഷ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ മത്സരങ്ങള്‍ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലോടെയാണ് ആരംഭിക്കുക. ജൂണ്‍ 18ന് സതാംപ്ടണിലാണ് ഫൈനല്‍ മത്സരം നടക്കുന്നത്.
ഇന്ത്യന്‍ വനിതാ ടീം, ഇംഗ്ലീഷ് വനിതകളുമായി ഒരു ടെസ്റ്റ് മത്സരം കളിക്കും. ഈ മാസം 16ന് ബ്രിസ്റ്റോളില്‍ ടെസ്റ്റ് ആരംഭിക്കും. ടെസ്റ്റിനുശേഷം ഇന്ത്യന്‍ വനിതകള്‍ ഇംഗ്ലണ്ടുമായി മൂന്ന് വീതം മത്സരങ്ങളുള്ള ഏകദിന, ടി 20 പരമ്പരകളും കളിക്കും. ഇന്ത്യന്‍ വനിതകളുടെ ഇംഗ്ലണ്ട് പര്യടനം ജൂലൈ പതിനഞ്ചിന് സമാപിക്കും. പുരുഷ ടീമിന് ന്യൂസിലന്‍ഡിനെതിരായ ഫൈനല്‍ മത്സരത്തിന് ശേഷം ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങള്‍ അടങ്ങിയ ടെസ്റ്റ് പരമ്പരയും കളിക്കേണ്ടതുണ്ട്. ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റ് നോട്ടിങ്ഹാമില്‍ ഓഗസ്റ്റ് നാലിനാണ് ആരംഭിക്കുക.
advertisement
ഇനിയുള്ള മൂന്ന് മാസക്കാലത്തോളം ഇന്ത്യന്‍ പുരുഷ ടീം ഇംഗ്ലണ്ടില്‍ ആയിരിക്കും. 20 അംഗ ഇന്ത്യന്‍ ടീമിനെയാണ് ബി സി സി ഐ ഇംഗ്ലണ്ടിലേക്ക് അയച്ചിരിക്കുന്നത്. ഇവര്‍ക്കൊപ്പം അഞ്ച് സ്റ്റാന്റ്ബൈ താരങ്ങളെയും സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് കൂടുതല്‍ കളിക്കാര്‍ക്ക് ടീമില്‍ സ്ഥാനം നല്‍കിയത്. ഇംഗ്ലണ്ടിനെതിരായ മത്സരങ്ങള്‍ ഓഗസ്റ്റ് 4 മുതല്‍ സെപ്റ്റംബര്‍ 14 വരെ നോട്ടിങ്ഹാം, ലണ്ടന്‍, ലീഡ്‌സ്, മാഞ്ചെസ്റ്റര്‍ എന്നിവിടങ്ങളിലാണ് നടക്കുക.
advertisement
ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്നത് വളരെ തിരക്കേറിയ മാസങ്ങളാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനെ ഏകദിന ലോകകപ്പിന്റെ പ്രാധാന്യത്തോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്. തൊണ്ണൂറുകളിലെ റെട്രോ ജേഴ്സിയിലാകും ഇന്ത്യ കീവീസിനെതിരായ കലാശപ്പോരാട്ടത്തിന് ഇറങ്ങുക. ഇന്ത്യന്‍ ടീമിനെയും നായകന്‍ വിരാട് കോഹ്ലിയെയും സംബന്ധിച്ച് ഇംഗ്ലണ്ടിലെ മത്സരങ്ങള്‍ എല്ലാം തന്നെ അഭിമാന പ്രശ്‌നമാണ്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി ന്യൂസിലാന്‍ഡിനെതിരെ നടന്ന പരമ്പര ഇന്ത്യ തോറ്റിരുന്നു. അവസാന ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനോട് തോറ്റാണ് പുറത്തായത്. ധോണിയില്‍ നിന്ന് നേതൃത്വസ്ഥാനം ഏറ്റെടുത്തതിന് ശേഷം ഐ സി സിയുടെ പ്രധാന ട്രോഫികളൊന്നും തന്നെ ഇന്ത്യയില്‍ എത്തിക്കാന്‍ കോഹ്ലിക്ക് കഴിഞ്ഞിട്ടില്ല. ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടില്‍ അവസാനമായി ഇന്ത്യ ഒരു ടെസ്റ്റ് പരമ്പര നേടിയത് 2007ലാണ്. ഇതെല്ലാം തന്നെ വരാനിരിക്കുന്ന മത്സരങ്ങളില്‍ ആരാധകരുടെ ആവേശം കൂട്ടുകയാണ്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 04, 2021 1:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഇംഗ്ലണ്ട് പര്യടനത്തിനായി ഇന്ത്യന്‍ പുരുഷ, വനിതാ ക്രിക്കറ്റ് ടീമുകള്‍ ഇംഗ്ലണ്ടിലെത്തി