തിരുവനന്തപുരത്ത് ഒരിക്കൽ കൂടി ക്രിക്കറ്റ് എത്തുന്നു എന്നതിനപ്പുറം ഇവിടെയെങ്കിലും സഞ്ജുവിന് അവസരം ലഭിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകരും ക്രിക്കറ്റ് പ്രേമികളും. ബംഗ്ളാദേശിനെതിരായ ടി 20 പരമ്പരയിൽ സഞ്ജു ടീമിലുണ്ടായിരുന്നെങ്കിലും അന്തിമ ഇലവനിൽ ഇടം ലഭിച്ചില്ല. വിക്കറ്റ് കീപ്പർ - ബാറ്റ്സ്മാൻ ആയല്ല സഞ്ജുവിനെ എടുത്തത്. സ്പെഷലിസ്റ്റ് ബാറ്റ്സ്മാൻ എന്ന നിലയിലാണ്.
വിക്കറ്റിനു പിന്നിൽ ഋഷഭ് പന്ത് ഇപ്പോഴും ചുവടുറപ്പിച്ചിട്ടില്ലെങ്കിലും താളം കണ്ടെത്താൻ സമയം നൽകണമെന്ന നിലപാടിലാണ് ബി സി സി ഐയും ടീം മാനേജ്മെന്റും. ടെസ്റ്റിലെ മിന്നൽ പ്രകടനവുമായി മായങ്ക് അഗർവാൾ വെള്ള പന്ത് ടീമിലും അവകാശവാദമുന്നയിച്ചതും സഞ്ജുവിന് ഭീഷണിയാകും. ഒരു ടെസ്റ്റ് ഇന്നിംഗ്സിൽ ഏറ്റവും അധികം സിക്സർ പറത്തിയ (എട്ട്) പഴയ സിക്സർ വീരൻ നവ്ജ്യോത് സിംഗ് സിദ്ധുവിന്റെ റെക്കോർഡിനൊപ്പമെത്തിയ മായങ്ക് അഗർവാളിനു പോലും കാത്തിരിക്കേണ്ടി വരുമെന്നും ഐ പി എല്ലിൽ മികവ് തെളിയിച്ചാൽ മാത്രമേ സാധ്യത തെളിയൂ എന്നുമാണ് സൂചന.
Also Read-
റൊണാൾഡോയ്ക്ക് 99-ാമത് ഗോൾ; പോർച്ചുഗൽ യൂറോ കപ്പിലേക്ക്ഐ പി എല്ലിൽ തിളങ്ങിയ ചരിത്രമുണ്ടെങ്കിലും സഞ്ജുവിന് രാജ്യാന്തര തലത്തിൽ മികവ് കാട്ടാൻ അവസരം ലഭിക്കുന്നില്ലെന്ന് ആരാധകർ പരാതിപ്പെടുന്നു. വിശ്രമം കഴിഞ്ഞ് ക്യാപ്റ്റൻ വിരാട് കോഹ്ലി മധ്യനിരയിലേക്ക് മടങ്ങിയെത്തുന്നതോടെ സഞ്ജുവിനെ എവിടെ ഉൾക്കൊള്ളിക്കും എന്ന ആശയക്കുഴപ്പവുമുണ്ട്. അടുത്ത വർഷം നടക്കുന്ന ടി 20 ലോകകപ്പിനു മുന്നോടിയായി പരമാവധി പേരെ പരീക്ഷിക്കാൻ സാധ്യതയുള്ളതിനാൽ സ്വന്തം നാട്ടിൽ കളി എത്തുമ്പോൾ സഞ്ജുവിന് അവസരമൊരുങ്ങൂ എന്ന പ്രതീക്ഷയിലാണ് കെ സി എ വൃത്തങ്ങളും ക്രിക്കറ്റ് പ്രേമികളും.
ടീമുകൾ ഏഴിന് എത്തും; ടിക്കറ്റ് വിൽപ്പന നവംബർ 25 മുതൽവിൻഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. ഏതായാലും മുംബൈയിലെ ആദ്യമത്സരത്തിനു ശേഷം ഇരു ടീമും ഡിസംബർ ഏഴിന് തലസ്ഥാനത്ത് എത്തുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.
വൈകിട്ട് 5.15ന് ടീമുകൾ തിരുവനന്തപുരത്ത് വിമാനമിറങ്ങും. ഡിസംബർ എട്ടിന് രാത്രി ഏഴ് മണി മുതലാണ് മത്സസരം. കാണികൾക്ക് വൈകിട്ട് നാല് മുതലൽ പ്രവേശനം അനുവദിക്കും. ടിക്കറ്റ് വിൽപ്പന നവംബര്‍ 25ന് ആരംഭിക്കും. കെ.സി.എയുടെ ടിക്കറ്റിങ് പാര്‍ട്ണര്‍ പേ ടി എം ആണ്. ടിക്കറ്റുകളുടെ ബുക്കിങ് ഓണ്‍ലൈൻ, പേ ടി എം എന്നിവ വഴി മാത്രമായിരിക്കും. ടിക്കറ്റ് ബുക്കിങ്ങിനായുള്ള ലിങ്ക് കെ.സി.എ വെബ്‌സൈറ്റില്‍ ലഭ്യമാകും. അപ്പർ ടിയർ ടിക്കറ്റുകൾക്ക് 1000 രൂപയും ലോവർ ടിയർ ടിക്കറ്റുകൾക്ക് 2000 രൂപയും സ്‌പെഷ്യൽ ചെയർ ടിക്കറ്റുകൾക്ക് 3000 രൂപയും എക്‌സിക്യൂട്ടീവ് പവിലിയനിൽ 5000 രൂപയുമാണ് ടിക്കറ്റ് നിരക്ക്. എക്സിക്യൂട്ടിവ് ടിയർ ടിക്കറ്റ് നിരക്ക് ഭക്ഷണം ഉൾപ്പടെയാണ്. വിദ്യാർഥികൾക്ക് 500 രൂപയ്ക്ക് കളി കാണാം.
ഒരു മെയിൽ ഐഡിയിൽ നിന്നും ഒരു മൊബൈൽ നമ്പരിൽ നിന്നും ആറു ടിക്കറ്റുകൾ വരെജി.എസ്.ടിയും കേരള പ്രളയ സെസും ഉള്‍പ്പടെയാണ് ടിക്കറ്റ് നിരക്ക്. ഒരാൾക്ക് ഒരു ഇ മെയിൽ ഐഡിയിൽ നിന്നും ഒരു മൊബൈൽ നമ്പരിൽ നിന്നും ആറ് ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാം. കളി കാണാനെത്തുവന്നവർ ഐ ഡി കാർഡ് കൈയിൽ കരുതണം. പരിശോധനയ്ക്ക് വിധേയമാക്കണം. വിദ്യാർഥികൾ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ സ്റ്റുഡന്റ് ഐ ഡി കാർഡ് ലഭ്യമാക്കണം. കളി കാണാനെത്തുമ്പോൾ ഇതേ ഐ ഡി പരിശോധനയ്ക്ക് വിധേയമാക്കുകയും വേണം.
സ്‌റ്റേഡിയത്തില്‍ അനുവദനീയവും നിരോധിതവുമായ കാര്യങ്ങൾ ടിക്കറ്റിന്റെ മറുവശത്ത് രേഖപ്പെടുത്തിയിട്ടുണ്ടാവും. ഇതു കർശനമായി പാലിക്കണം. കഴിഞ്ഞ ആഴ്ച്ച കേരള പൊലീസ് മത്സര സുരക്ഷ അവലോകനം ചെയ്തു. മത്സരത്തിനു മുമ്പ് പാർക്കിംഗും ട്രാഫിക്ക് നിയന്ത്രണവും സംബന്ധിച്ച നിർദേശങ്ങൾ കെ.സി.എയും കേരള പൊലീസും നൽകും.
സ്റ്റേഡിയത്തിലേക്ക് കുപ്പിവെള്ളവും ശീതള പാനീയങ്ങളും പുറത്തുനിന്നു കൊണ്ടുവരാൻ അനുവദിക്കില്ല. പെപ്‌സിക്കോയാണ് സ്‌റ്റേഡിയത്തിനുള്ളിലെ വെള്ളവും പാനീയങ്ങളും വിതരണം ചെയ്യുന്നത്. എൽ എൻ സി പി ഇ, കേരള യൂണിവേഴ്‌സിറ്റി ക്യാംപസ് കാര്യവട്ടം കോളേജ് തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും പാർക്കിംഗ് അനുവദിക്കുക.
ഭക്ഷണ കൗണ്ടറുകളിൽ പരിശോധന, മിതമായ വിലയ്ക്ക് നല്ല ഭക്ഷണംമിതമായ വിലയ്ക്ക് നല്ല ഭക്ഷണവും വെള്ളവും ലഭ്യമാക്കുമെന്ന് കെ സി എ അറിയിച്ചു. എല്ലാ ഗാലറികളിലും പവിലിയനുകളിലും വിവിധ കാറ്ററിങ് യൂണിറ്റുകളുടെ ഭക്ഷണ കൗണ്ടറുകൾ ഉണ്ടായിരിക്കും. കെ സി എ സ്‌പെഷ്യൽ ടീം, തിരുവനന്തപുരം കോർപറേഷൻ, ഫുഡ് ആൻഡ് സേഫ്റ്റി അതോറിറ്റി, ശുചിത്വമിഷൻ സ്‌പെഷ്യൽ ടീം തുടങ്ങിയവ മത്സര വേളയിൽ ഭക്ഷണകൗണ്ടറുകളിൽ പരിശോധന നടത്തും. എം ആർ പി നിരക്കിൽ കൂടുതൽ ഈടാക്കാൻ ആരെയും അനുവദിക്കില്ല. ഭിന്നശേഷിക്കാർക്കും എല്ലാ ലിംഗ വിഭാഗങ്ങൾക്കും ശുചിത്വമുള്ള ശുചിമുറികളും ഒരുക്കിയിട്ടുണ്ട്.
മത്സരത്തിന്റെ ഔദ്യോഗിക മെഡിക്കൽ പങ്കാളികളായ അനന്തപുരി ഹോസ്പിറ്റൽസ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ജില്ലാ ആരോഗ്യ വകുപ്പും കളിക്കാർക്കും കാണികൾക്കും മെഡിക്കൽ സേവനം ലഭ്യമാക്കും. ഇത്തവണയും ഗ്രീൻ പ്രോട്ടോകോൾ പാലിക്കുമെന്നും ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.