വെംബ്ലിയില്‍ നടന്ന ആവേശകരമായ രണ്ടാം സെമി ഫൈനലില്‍ ഡെന്മാര്ക്കിനെ മറികടന്ന് ആതിഥേയരായ ഇംഗ്ലണ്ട് ഫൈനലിലേക്ക്. എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ടിന്റെ ജയം. ഒരു ഗോളിന് പുറകില്‍ നിന്ന ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്. ഇംഗ്ലണ്ടിനായി ഹാരി കെയ്നും ഡെന്മാര്ക്കിനായി മിക്കേല്‍ ഡംസ്ഗാര്ഡുമാണ് സ്കോര്‍ ചെയ്തത്. മത്സരത്തിലെ മറ്റൊരു ഗോള്‍ സിമോണ്‍ കെയറിന്റെ സെല്‍ഫ് ഗോളായിരുന്നു. ഇതാദ്യമായാണ് ഇംഗ്ലണ്ട് യൂറോ കപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. 1996ല്‍ സെമി ഫൈനലില്‍ എത്തിയതായിരുന്നു ഇതിനു മുന്‍പുണ്ടായ വലിയ നേട്ടം. ഞായറാഴ്ച രാത്രി വെംബ്ലിയില്‍ വെച്ച് തന്നെ നടക്കുന്ന ഫൈനലില്‍ ഇറ്റലിയാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍.
ഇന്നത്തെ മത്സരത്തില്‍ വലിയ മുന്‍തൂക്കവുമായാണ് ആതിഥേയരായ ഇംഗ്ലണ്ട് വെംബ്ലിയില്‍ ഇറങ്ങിയത്. 25 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഇംഗ്ലണ്ട് യൂറോ കപ്പിന്റെ സെമിയില്‍ കടക്കുന്നത്. അതും സ്വന്തം കാണികളുടെ മുമ്പില്‍. ഇത്തവണത്തെ യൂറോ കപ്പില്‍ ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് ഇംഗ്ലണ്ട് സെമി ഫൈനല്‍ വരെ എത്തിയത്. എന്നാല്‍ ഇരു ടീമുകളും അവസാനം ഏട്ടുമുറ്റിയപ്പോള്‍ വിജയം 1-0ന്റെ വിജയം നേടിയതിന്റെ ആത്മവിശ്വാസവുമായാണ് ഡെന്മാര്ക്ക് ഇന്നിറങ്ങിയത്. കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെ തന്നെയാണ് അവര്‍ കളത്തിലിറക്കിയത്.
മത്സരത്തിന്റെ ആറാം മിനിട്ടില്‍ തന്നെ മനോഹരമായ ഒരു ഗോള്‍ അവസരം സ്റ്റെര്‍ലിംഗ് പാഴാക്കി. വലതു വിങ്ങില്‍ നിന്ന് ഹാരികെയ്ന് ബോക്സിനുള്ളിലേക്ക് നല്കിയ ക്രോസ്സിലേക്ക് കൃത്യ സമയത്ത് എത്തിച്ചേരാന്‍ സ്റ്റെര്‍ലിംഗിന് കഴിഞ്ഞില്ല. തുടക്കം മുതലേ ഇംഗ്ലണ്ട് മത്സരത്തില്‍ ആധിപത്യം സ്ഥാപിച്ചിരുന്നുവെങ്കിലും കൃത്യമായ ഇടവേളകളില്‍ ഡെന്മാര്ക്കും മുന്നേറ്റം നടത്തിക്കൊണ്ടിരുന്നു. 24ആം മിനിട്ടില്‍ ഡെന്മാര്ക്ക് താരം ഡോള്‍ബെര്‍ഗിന്റെ ഇന്‍ സ്വിങ് ലോങ്റേഞ്ചര്‍ പോസ്റ്റിന് പുറത്തേക്ക് പോയി. എന്നാല്‍ സെറ്റ് പീസുകളിലൂടെ ഡെന്മാര്ക്ക് മുന്നേറ്റം നടത്തിക്കൊണ്ടിരുന്നു.
29ആം മിനിട്ടില്‍ ഡംസ്ഗാര്ഡിലൂടെ ഡെന്മാര്ക്ക് ഇംഗ്ലണ്ടിനെതിരെ ആദ്യ ഗോള്‍ നേടി. ടൂര്‍ണമെന്റില്‍ ഇതാദ്യമായാണ് ഇംഗ്ലണ്ട് ഒരു ഗോള്‍ വഴങ്ങിയത്. തകര്‍പ്പന്‍ ഡയറക്റ്റ് ഫ്രീ കിക്കിലൂടെയാണ് ഡംസ്ഗാര്‍ഡ് ഗോള്‍ വല കുലുക്കിയത്. ഇത്തവണത്തെ യൂറോ കപ്പിലെ ആദ്യ ഡയറക്റ്റ് ഫ്രീ കിക്ക് ഗോളായിരുന്നു ഇത്. 37-ാം മിനിട്ടില്‍ സ്റ്റെര്‍ലിംഗിന് ഓപ്പണ്‍ അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ഷ്മൈക്കേല്‍ അവിശ്വസനീയമായി തട്ടിയകറ്റി. എന്നാല്‍ തൊട്ടുപിന്നാലെ തന്നെ ഇംഗ്ലണ്ട് ഒരു ഗോള്‍ തിരിച്ചടിച്ച് സമനില പിടിച്ചു. ഡെന്മാര്ക്ക് നായകന് സിമോണ്‍ കെയറിന്റെ സെല്‍ഫ് ഗോളാണ് ഇംഗ്ലണ്ടിന് തുണയായത്. ബോക്സിനുള്ളില്‍ സ്റ്റെര്‍ലിംഗിന് ലഭിക്കേണ്ട പന്ത് ക്ലിയര്‍ ചെയ്യുന്നതിനിടെ കെയറിന്റെ കാലില്‍ തട്ടി പന്ത് വലയില്‍ കയറുകയായിരുന്നു. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു.
രണ്ടാം പകുതിയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പമുള്ള പ്രകടനമാണ് കാഴ്ച വെച്ചത്. രണ്ടാം പകുതി ആരംഭിച്ച് ആറ് മിനിട്ടിനുള്ളില്‍ ഡെന്മാര്ക്കിന്റെ കാസ്പെര്‍ ഡോള്‍ബെര്‍ഗിന്റെ ഗോള്‍ ശ്രമം അവിശ്വസനീയമായി ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ പിക്ക്ഫോര്‍ഡ് തട്ടിയകറ്റി. 72ആം മിനിട്ടില്‍ മേസണ്‍ മൗണ്ടെടുത്ത ഷോട്ട് പോസ്റ്റിലേക്ക് താണിറങ്ങി വന്നെങ്കിലും ഷ്മൈക്കേല്‍ അത് തട്ടിയകറ്റി. അവസാന നിമിഷങ്ങളില്‍ വിജയ ഗോളിനായി ഇംഗ്ലണ്ട് കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഡെന്മാര്ക്ക് പ്രതിരോധം മറികടക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. നിശ്ചിത സമയത്ത് ഇരു ടീമുകളും സമനില പാലിച്ചതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി.
എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയില്‍ തുടക്കത്തിലേ ആക്രമിച്ച് കളിച്ച ഇംഗ്ലണ്ട് 104ആം മിനിട്ടില്‍ തങ്ങള്‍ക്കനുകൂലമായി ലഭിച്ച പെനാല്‍റ്റിയിലൂടെ ഡെന്മാര്ക്കിനെതിരെ ലീഡെടുത്തു. സ്റ്റെര്‍ലിംഗിനെ ബോക്സിനുള്ളില്‍ ഫൗള്‍ ഫൗള്‍ ചെയ്തതിനായിരുന്നു പെനാല്‍റ്റി ലഭിച്ചത്. ഹാരികെയ്ന് എടുത്ത പെനാല്‍റ്റി കിക്ക് ഷ്മൈക്കേല്‍ തടഞ്ഞിട്ടെങ്കിലും രണ്ടാം ശ്രമത്തില്‍ ഇംഗ്ലണ്ട് നായകന് പന്ത് വലയിലെത്തിച്ചു. പിന്നീട് ഡെന്മാര്ക്ക് തിരിച്ചടിക്കാന്‍ ശ്രമിച്ചു എങ്കിലും ഇംഗ്ലീഷ് ഡിഫന്‍സിന് കാര്യമായി വെല്ലുവിളി ഉയര്‍ത്താന്‍ ഡാനിഷ് അറ്റാക്കുകള്‍ക്ക് ആയില്ല.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.