European Super League | സൂപ്പര്‍ ലീഗില്‍ നിന്ന് പിന്മാറി വമ്പന്‍ ക്ലബ്ബുകള്‍; ഫലം കണ്ട് താക്കീതും പ്രതിഷേധങ്ങളും

Last Updated:

യൂറോപ്യന്‍ സൂപ്പര്‍ ലീഗുമായി സഹകരണം പ്രഖ്യാപിച്ച് 48 മണിക്കൂര്‍ പിന്നിടും മുന്‍പാണ് ആറു ടീമുകളും ഒന്നിച്ച് പിന്‍മാറുന്നതായി പ്രഖ്യാപിച്ചത്

മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ കടുത്ത വിമര്‍ശനവും ഫിഫ, യുവേഫ അധികൃതരുടെ താക്കീതും ആരാധകരുടെ രൂക്ഷ പ്രതിഷേധത്തേയും തുടര്‍ന്ന് സൂപ്പര്‍ ലീഗ് നടത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറിആറു ഇംഗ്ലീഷ് ക്ലബ്ബുകള്‍. മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലിവര്‍പൂള്‍, ചെല്‍സി, ടോട്ടന്‍ഹാം, ആഴ്‌സണല്‍ ക്ലബ്ബുകളാണ് പിന്മാറുന്നതായി ബുധനാഴ്ച്ച വ്യക്തമാക്കിയത്. ഇതിനായുള്ള നിയമനടപടികള്‍ ക്ലബ്ബുകള്‍ ആരംഭിച്ചു. 'തെറ്റു തിരുത്തി' തിരിച്ചെത്തിയ ഇംഗ്ലിഷ് ക്ലബ്ബുകളെ യുവേഫ പ്രസിഡന്റ് അലക്‌സാണ്ടര്‍ സെഫെറിന്‍ 'യുവേഫ കുടുംബ'ത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.
ഇതോടെ സൂപ്പര്‍ ലീഗ് തത്കാലം നടത്തുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് സൂപ്പര്‍ ലീഗ് തിരിച്ചുവരുമെന്നും അധികൃതര്‍ ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
ഇംഗ്ലീഷ് ക്ലബ്ബുകള്‍ക്ക് പിന്നാലെ ഇറ്റാലിയന്‍ ക്ലബ്ബുകളായ എസി മിലാനും ഇന്റര്‍മിലാനും പിന്മാറുകയാണെന്ന് അറിയിച്ചു. ഇതോടെ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസും സ്പാനിഷ് ക്ലബ്ബുകളായ റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നിവര്‍ മാത്രമാണ് ശേഷിക്കുന്നത്.
നേരത്തെ, യൂറോപ്യന്‍ സൂപ്പര്‍ ലീഗുമായി സഹകരണം പ്രഖ്യാപിച്ച് 48 മണിക്കൂര്‍ പിന്നിടും മുന്‍പാണ് ആറു ടീമുകളും ഒന്നിച്ച് പിന്‍മാറുന്നതായി പ്രഖ്യാപിച്ചത്.
advertisement
ഫിഫയും യുവേഫയുമടക്കമുള്ള ഫുട്‌ബോള്‍ അസോസിയേഷനുകള്‍ നേരത്തെ തന്നെ സൂപ്പര്‍ ലീഗിന് എതിരേ രംഗത്തെത്തിയിരുന്നു. ലീഗില്‍ കളിക്കുന്ന ടീമുകളെ വിലക്കുമെന്ന് അസോസിയേഷനുകള്‍ പ്രഖ്യാപിച്ചിരുന്നു. ലീഗില്‍ കളിക്കുന്ന താരങ്ങളെ ദേശീയ ടീമില്‍ നിന്ന് വിലക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ഉള്‍പ്പെടെയുള്ളവരും മുന്‍ താരങ്ങളും ആരാധകരും കൂട്ടത്തോടെ സൂപ്പര്‍ ലീഗിനെതിരെ രംഗത്തെത്തിയിരുന്നു. സൂപ്പര്‍ ലീഗിനെ അംഗീകരിച്ചാല്‍ ചാമ്പ്യന്‍സ് ലീഗിനെ ബാധിക്കുമോ എന്ന ആശങ്കയും ആരാധകര്‍ പങ്കുവെച്ചിരുന്നു. സൂപ്പര്‍ ലീഗ് ക്ലബ്ബുകള്‍ക്കെതിരെ അഭിപ്രായം സ്വരൂപിക്കാനും നടപടികള്‍ തീരുമാനിക്കാനും ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ യോഗം വിളിച്ചുചേര്‍ക്കുകയും ചെയ്തിരുന്നു.
advertisement
ലിവര്‍പൂള്‍ പരിശീലകന്‍ യൂര്‍ഗന്‍ ക്ലോപ്പ്, മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള എന്നിവരും പുതിയ ലീഗിനോടുള്ള അതൃപ്തി പരസ്യമാക്കി രംഗത്ത് വന്നിരുന്നു. മുന്‍ താരങ്ങളായ ഡേവിഡ് ബെക്കാം, എറിക് കാന്റണ, മുന്‍ ഇംഗ്ലിഷ് താരങ്ങളായ ഗാരി ലിനേക്കര്‍, മൈക്കല്‍ ഓവന്‍ തുടങ്ങിയവരും സൂപ്പര്‍ ലീഗിനെതിരെ ശക്തമായി പ്രതികരിച്ചു. ഇപ്പോഴും കളത്തില്‍ സജീവമായ ലിവര്‍പൂള്‍ താരം ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സന്‍, മാഞ്ചസ്റ്റര്‍ സിറ്റി താരം കെവിന്‍ ഡിബ്രൂയ്‌നെ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം മാര്‍ക് റാഷ്ഫഡ് തുടങ്ങിയവരും ലീഗിനോടുള്ള താല്‍പര്യക്കുറവ് തുറന്നു പ്രകടിപ്പിച്ചു.
advertisement
അതേസമയം, കളത്തിനു പുറത്തെ പ്രതിഷേധം മൈതാനത്തേക്കും ഏറ്റെടുത്ത് ഇംഗ്ലീഷ് പ്രീമിയര്‍ ക്ലബായ ലീഡ്‌സ് യുണൈറ്റഡ്. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ലിവര്‍പൂളിനെതിരായ മത്സരത്തിനു മുന്‍പ് 'ഫുട്‌ബോള്‍ ആരാധകര്‍ക്കു വേണ്ടി' എന്നെഴുതിയ ജഴ്‌സികളുമണിഞ്ഞാണു ലീഡ്‌സ് താരങ്ങള്‍ വാംഅപ്പ് ചെയ്തത്. കിക്കോഫിനു തൊട്ടു മുന്‍പു മൈതാനത്തിനു മുകളിലൂടെ 'സേ നോ ടു സൂപ്പര്‍ ലീഗ്' എന്നെഴുതിയ ഒരു ബലൂണ്‍ വിമാനം പറക്കുകയും ചെയ്തിരുന്നു. ലീഡ്‌സിന്റെ സ്റ്റേഡിയമായ എലാന്‍ഡ് റോഡിനു പുറത്ത് ആരാധകര്‍ സൂപ്പര്‍ ലീഗിനെതിരെ പ്രതിഷേധമറിയിച്ച് സംഘടിച്ചിരുന്നു.
advertisement
സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെ പ്രസിഡന്റ് ഫ്‌ളോറന്റീനൊ പെരസ് ആണ് സൂപ്പര്‍ ലീഗിന്റെ ചെയര്‍മാന്‍. 15 സ്ഥാപക ക്ലബ്ബുകളേയും യോഗ്യതാ റൗണ്ട് വഴിയെത്തുന്ന അഞ്ച് സൂപ്പര്‍ ക്ലബ്ബുകളേയും കൂട്ടിച്ചേര്‍ത്താണ് സൂപ്പര്‍ ലീഗ് സംഘടിപ്പിക്കാന്‍ ഒരുങ്ങിയിരുന്നത്. ഈ 15 ക്ലബുകള്‍ക്ക് ലീഗില്‍ സ്ഥിര സാന്നിധ്യം ഉറപ്പാക്കുന്ന തരത്തിലാണ് ലീഗ് നടത്തിപ്പ് ഒരുക്കുക. ഹോം-എവേ രീതിയില്‍ മത്സരങ്ങള്‍ നടത്താനും തീരുമാനമായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
European Super League | സൂപ്പര്‍ ലീഗില്‍ നിന്ന് പിന്മാറി വമ്പന്‍ ക്ലബ്ബുകള്‍; ഫലം കണ്ട് താക്കീതും പ്രതിഷേധങ്ങളും
Next Article
advertisement
'ടൈം ബാങ്ക്' വരുന്നു; വയോജനങ്ങൾക്ക് ഇപ്പോൾ സമയം കൊടുത്താൽ പിന്നീട് തിരികെ; പദ്ധതിക്ക് തുടക്കം കോട്ടയം എലിക്കുളത്ത്
'ടൈം ബാങ്ക്' വരുന്നു; വയോജനങ്ങൾക്ക് ഇപ്പോൾ സമയം കൊടുത്താൽ പിന്നീട് തിരികെ; പദ്ധതിക്ക് തുടക്കം കോട്ടയം എലിക്കുളത്ത്
  • കേരള ഡെവല്പമെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിസ് കൗണ്‍സില്‍ 'ടൈം ബാങ്ക്' പദ്ധതി ആരംഭിച്ചു.

  • വയോജനങ്ങളെ സഹായിക്കാന്‍ ആളുകള്‍ക്ക് സമയം നല്‍കാനും പിന്നീട് അത് തിരികെ ലഭിക്കാനുമുള്ള പദ്ധതി.

  • പദ്ധതി വിജയകരമെങ്കില്‍ സംസ്ഥാനവ്യാപകമായി നടപ്പിലാക്കും, ആദ്യഘട്ടം കോട്ടയം എലിക്കുളത്ത്.

View All
advertisement