മെൽബണിൽ ഇന്ത്യൻ ജയം രണ്ട് വിക്കറ്റ് അകലെ
Last Updated:
മെൽബൺ: നിർണായകമായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ ജയത്തിലേക്ക്. 399 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഓസീസ് നാലാം ദിവസം കളിനിർത്തുമ്പോൾ എട്ടിന് 258 റൺസെന്ന നിലയിലാണ്. രണ്ട് വിക്കറ്റ് കൂടി നേടിയാൽ ഇന്ത്യയ്ക്ക് ജയിക്കാം. ഓസ്ട്രേലിയയ്ക്ക് ജയം 141 റൺസ് അകലെയാണ്. 61 റൺസുമായി പുറത്താകാതെ പോരാടുന്ന പാറ്റ് കുമ്മൻസിലാണ് ഓസ്ട്രേലിയയുടെ അവസാന പ്രതീക്ഷ. 101 പന്ത് നേരിട്ട കുമ്മിൻസിന്‍റെ ബാറ്റിങാണ് മത്സരം അഞ്ചാം ദിനത്തിലേക്ക് നീട്ടിയത്. അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ മെൽബണിൽ ഇന്ത്യ വെന്നിക്കൊടി പാറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
399 റൺസിന്‍റെ കൂറ്റൻ ലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ഓപ്പണർമാർ പെട്ടെന്ന് മടങ്ങിയതോടെ ഓസ്ട്രേലിയ രണ്ടിന് 33 റൺസ് എന്ന നിലയിൽ എത്തി. ഓപ്പണർമാരായ മാർക്കസ് ഹാരിസ് 13 ഉം ആരോൺ ഫിഞ്ച് മൂന്നും റൺസെടുത്ത് മടങ്ങി. തോൽവി ഉറപ്പായതോടെ ഇന്ത്യൻ ജയം വൈകിപ്പിക്കാനായാണ് ഓസീസ് പോരാടിയത്. ഷോൺ മാർഷ് 44 ഉം ഹെഡ് 34 ഉം ഖവാജ 33 ഉം റൺസെടുത്ത് ചെറുത്തുനിന്നു. എന്നാൽ കൃത്യമായ ഇടവേളകളിൽ ആഞ്ഞടിച്ചുകൊണ്ടിരുന്ന ഇന്ത്യൻ ബൌളർമാർ ഓസ്ട്രേലിയയെ സമ്മർദ്ദത്തിലാഴ്ത്തി. ഇന്ത്യക്കായി ജഡേജ മൂന്നും ബുമ്രയും ഷമിയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. 350ന് മുകളിലുള്ള വിജയലക്ഷ്യം ചരിത്രത്തിൽ ഒരു ടീമും മെൽബണിൽ മറികടന്നിട്ടില്ല.
advertisement
നേരത്തെ, രണ്ടാം ഇന്നിംഗ്സ് ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 106 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. 42 റൺസെടുത്ത മായങ്ക് അഗർവാളും 33 റൺസെടുത്ത റിഷഭ് പന്തുമാണ് ഇന്ത്യൻ നിരയിൽ പിടിച്ചുനിന്നത്. ഓസ്ട്രേലിയയ്ക്ക് വേണ്ടി കമ്മിൻസ് ആറും ഹെയ്സൽവുഡ് രണ്ട് വിക്കറ്റും വീഴ്ത്തി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Dec 29, 2018 1:23 PM IST










