കാര്യവട്ടത്തെ വെടിക്കെട്ട് ബാറ്റിങിലൂടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്‍ഡുല്‍ക്കറുടെ മറ്റൊരു റെക്കോര്‍ഡ് കൂടി മറികടന്ന് വിരാട് കോലി. നാട്ടില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറി നേടുന്ന താരമെന്ന സച്ചിന്റെ റെക്കോര്‍ഡാണ് കോലി മറികടന്നത്. ഇന്ത്യയില്‍ കോലിയുടെ 21-ാം സെഞ്ചുറിയാണിത്. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ രണ്ടാം സെഞ്ചുറിയാണ് കോലി കാര്യവട്ടത്ത് നേടിയത്.
160 ഇന്നിങ്സുകളില്‍ നിന്നാണ് സച്ചിന് ഇന്ത്യയില്‍ 20 സെഞ്ചുറിയെന്ന നേട്ടത്തിലെത്തിയതെങ്കില്‍ 101 ഇന്നിങ്സിലാണ് വിരാട് കോലി ഇത് മറികടന്നതെന്നതും നേട്ടത്തിന്റെ തിളക്കം കൂട്ടുന്നു.
ഏകദിനക്രിക്കറ്റില്‍ ഒരു ടീമിനെതിരേ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമായും കോലി മാറി. ശ്രീലങ്കയ്ക്കെതിരേ പത്താം സെഞ്ചുറി കുറിച്ചാണ് കോലി ചരിത്രം കുറിച്ചത്. ഓസ്ട്രേലിയക്കെതിരേ 9 സെഞ്ചുറി നേടിയ സച്ചിന്റെ റെക്കോര്‍ഡാണ് കോലി മറികടന്നത്. കോലി വിന്‍ഡീസിനെതിരേയും 9 സെഞ്ചുറികള്‍ നേടിയിട്ടുണ്ട്.
അവസാനം കളിച്ച നാല് ഇന്നിങ്സുകളില്‍ മൂന്നിലും സെഞ്ചുറിനേടിയ കോലി തകര്‍പ്പന്‍ ഫോമില്‍ തുടരുകയാണ്.. ഡിസംബറില്‍ ബംഗ്ലാദേശിനെതിരായ സെഞ്ചുറി നേട്ടം ഈ മാസം പത്തിന് നടന്ന ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിലും കോലി ആവര്‍ത്തിച്ചു.
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ -ശ്രീലങ്ക മൂന്നാം ഏകദിന മത്സരത്തില്‍ ശ്രീലങ്കയ്ക്ക് 391 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ ശുഭ്മാന്‍ ഗില്‍, വിരാട് കോലി എന്നിവരുടെ സെഞ്ചുറി കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്. നിശ്ചിത 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 390 റണ്‍സ് നേടി. 110 പന്തില്‍ നിന്ന് പുറത്താകാതെ 166 റണ്‍സ് നേടിയ വിരാട് കോലി തന്നെയായിരുന്നു ഇന്ത്യയുടെ കുന്തമുന. അക്ഷര്‍ പട്ടേല്‍ 2 പന്തില്‍ നിന്നായി 2 റണ്‍ നേടി പുറത്താകാതെ നിന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.