ഇന്റർഫേസ് /വാർത്ത /Sports / ഐപിഎൽ സസ്പെൻഷൻ ഇന്ത്യക്ക് ഗുണകരം; ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് മികച്ച മുന്നൊരുക്കം നടത്താൻ കഴിയും: റോസ് ടെയ്‌ലര്‍

ഐപിഎൽ സസ്പെൻഷൻ ഇന്ത്യക്ക് ഗുണകരം; ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് മികച്ച മുന്നൊരുക്കം നടത്താൻ കഴിയും: റോസ് ടെയ്‌ലര്‍

rohit-sharma

rohit-sharma

'ഈ ടൂർണമെൻ്റിൽ ന്യൂസിലൻഡിന് ചെറിയൊരു മുൻതൂക്കം ലഭിക്കുന്നുണ്ട്. കാരണം ഇംഗ്ലണ്ടില്‍ രണ്ട് ടെസ്റ്റ് മത്സരം കളിക്കുന്നതിനെക്കാള്‍ മികച്ച മുന്നൊരുക്കത്തെക്കുറിച്ച് ചിന്തിക്കാനാവില്ല'

  • Share this:

ജൂണിൽ നടക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ. ജൂണ്‍ 18ന് തുടങ്ങുന്ന ചാമ്പ്യൻഷിപ്പിൻ്റെ ഫൈനലില്‍ ക്രിക്കറ്റിലെ രണ്ട് മികച്ച ടീമുകളായ ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇംഗ്ലണ്ടിലെ സതാംപ്ടൺ ആണ് മത്സരവേദി. ഈ വർഷത്തെ ഐപിഎൽ കോവിഡ് വ്യാപനം കാരണം നിർത്തിവക്കേണ്ടി വന്നത് ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികൾക്ക് വലിയ നിരാശയാണ് നൽകിയത്. അതുകൊണ്ട് തന്നെ ഈ വലിയ ടൂർണമെൻ്റിൽ ഇന്ത്യ കലാശപ്പോരാട്ടത്തിൽ ഒരു ഭാഗത്ത് ഉണ്ടെന്നുള്ളത് അവരെ സംബന്ധിച്ച് വലിയ ആവേശവും സന്തോഷവും ഉണർത്തുന്ന കാര്യമാണ്.

പക്ഷേ ഇന്ത്യയെ സംബന്ധിച്ച് ഇംഗ്ലണ്ടിൽ കളിക്കുക എന്നത് ഏറെ വെല്ലുവിളികൾ നിറഞ്ഞ കാര്യമാണ്. ഐപിഎല്‍ പാതിവഴിയില്‍ നിന്നതിനാല്‍ ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യൻ താരങ്ങൾ മത്സര രംഗത്തേക്ക് തിരിച്ചുവരുന്നത്. അതും വ്യതസ്തമായ ഒരു ഫോർമാറ്റിലും സാഹചര്യത്തിലുമാണ് അവർ കളിക്കാൻ ഇറങ്ങുക. അതുകൊണ്ട് തന്നെ മികച്ച മുന്നൊരുക്കങ്ങൾ നടത്തിയാൽ മാത്രമേ ഇന്ത്യൻ ടീമിന് മികച്ച പ്രകടനം നടത്താൻ കഴിയുകയുള്ളൂ. ഇംഗ്ലണ്ടിലെ പിച്ചുകൾ പേസ് ബൗളർമാർക്ക് പിന്തുണ നൽകുന്ന തരത്തിൽ ഉള്ളതാണ്. മികച്ച ബൗളർമാർ ഇന്ത്യക്കും ന്യൂസിലൻഡിനും ഉണ്ട്. അതുകൊണ്ട് തന്നെ ബാറ്റിങ് നിരയുടെ പ്രകടനമാവും മത്സരത്തിൽ നിര്‍ണ്ണായകമാവുക. ഇതിൽ ന്യൂസിലാൻഡിന് ചെറിയ മുൻതൂക്കം ലഭിക്കുന്നുണ്ട്. കാരണം ന്യൂസിലാൻഡിലെ പിച്ചുകളും സമാന സാഹചര്യങ്ങൾ പുലർത്തുന്നവയാണ്. അതുകൊണ്ട് അവർക്ക് ഇത്തരം സാഹചര്യങ്ങളുമായി എളുപ്പത്തിൽ പൊരുത്തപ്പെടാൻ കഴിയും. ഇന്ത്യക്ക് അതിനു സാധിക്കണമെങ്കിൽ കഠിനമായ പ്രയത്നം ആവശ്യമാണ്. മികച്ച താരങ്ങളുള്ള ഇന്ത്യൻ നിര അവരുടെ ഫോമിലേക്ക് ഉയർന്നാൽ തീർച്ചയായും ഇന്ത്യക്ക് ടൂർണമെൻ്റിൽ മികച്ച പ്രകടനം നടത്തുവാൻ സാധിക്കും.

ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന രാജ്യങ്ങളിൽ നിന്നും ഏറ്റവും മികച്ച ടീമിനെ തിരഞ്ഞെടുക്കാൻ വേണ്ടി തുടങ്ങിയ ടൂർണമെൻ്റ് അതിൻ്റെ അവസാന പാദത്തിലേക്ക് കടന്നിരിക്കുകയാണ്. ഒരു മാസത്തിനുള്ളിൽ തുടങ്ങുന്ന കലാശപ്പോരാട്ടത്തിലെ വിജയികളെ ഇതിനോടകം മുന്‍ താരങ്ങളടക്കം പല പ്രമുഖരും പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ഐപിഎല്‍ റദ്ദാക്കിയതിനാല്‍ കൂടുതല്‍ മികച്ച മുന്നൊരുക്കത്തോടെയാവും ഇന്ത്യ ഫൈനലിനിറങ്ങുകയെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ന്യൂസീലൻഡിൻ്റെ സീനിയര്‍ താരമായ റോസ് ടെയ്‌ലര്‍.

Also Read- ഇഷാന്തും, രഹാനെയും പറഞ്ഞത് സത്യമാണ്; ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനൽ ലോകകപ്പ് ഫൈനൽ പോലെ: ഉമേഷ്‌ യാദവ്

'ഇന്ത്യയെ കുറിച്ച് പറയുകയാണെങ്കില്‍ ഐപിഎല്‍ നടന്നിരുന്നെങ്കില്‍ അവർക്ക് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് മുന്നൊരുക്കം നടത്താന്‍ കുറച്ച് സമയമേ ലഭിക്കുമായിരുന്നുള്ളു. എന്നാല്‍ ഐപിഎൽ സസ്പെൻഡ് ചെയ്തത് കാര്യങ്ങൾ അവർക്ക് അനുകൂലമായി വരും എന്നാണ് എനിക്ക് തോന്നുന്നത്. ഐപിഎൽ നിർത്തിവെച്ചത് അവർക്ക് മികച്ച മുന്നൊരുക്കം നടത്താനുള്ള സമയം നൽകിയിരിക്കുന്നു. ഇത് അവരുടെ ബൗളര്‍മാര്‍ക്ക് കൂടുതല്‍ താളം കണ്ടെത്താന്‍ സഹായിക്കും. പക്ഷേ, ഈ ടൂർണമെൻ്റിൽ ന്യൂസിലൻഡിന് ചെറിയൊരു മുൻതൂക്കം ലഭിക്കുന്നുണ്ട്. കാരണം ഇംഗ്ലണ്ടില്‍ രണ്ട് ടെസ്റ്റ് മത്സരം കളിക്കുന്നതിനെക്കാള്‍ മികച്ച മുന്നൊരുക്കത്തെക്കുറിച്ച് ചിന്തിക്കാനാവില്ല. എന്നാല്‍ ആ പരമ്പര അവസാനിക്കുന്നതോടെ ഇതൊരു നിഷ്പക്ഷ‍ വേദിയായി മാറും. എന്നാൽ ഇന്ത്യ കുറേക്കാലമായി ടെസ്റ്റിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ടീമാണ്. അതുകൂടാതെ ഇംഗ്ലണ്ടില്‍ മികച്ച റെക്കോർഡും അവര്‍ക്കുണ്ട്. ഇന്ത്യയെ വിലകുറച്ച് കാണാൻ കഴിയില്ല.'-ടെയ്‌ലര്‍ പറഞ്ഞു.

നിലവില്‍ ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ഒരുങ്ങുന്ന ഇന്ത്യന്‍ താരങ്ങളെല്ലാം മുംബൈയിൽ ക്വാറൻ്റീനിലാണ്. 14 ദിവസത്തെ ക്വാറൻ്റീൻ പൂര്‍ത്തിയാക്കി ജൂണ്‍ രണ്ടിനാണ് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നത്. ഇംഗ്ലണ്ടില്‍ മൂന്ന് ദിവസത്തെ ക്വാറൻ്റീന് ശേഷം മാത്രമേ ഇന്ത്യക്ക് പരിശീലനം ആരംഭിക്കാന്‍ കഴിയുകയുള്ളൂ. ജൂണ്‍18നാണ് ഫൈനലെന്നതിനാല്‍ രണ്ടാഴ്ചയോളം പരിശീലനത്തിനുള്ള സമയം ഇന്ത്യക്ക് ലഭിക്കും. എന്നാല്‍ ഐപിഎല്‍ ഉണ്ടായിരുന്നെങ്കില്‍ ഇത്രയും ദിവസം പോലും ഇന്ത്യക്ക് പരിശീലനത്തിന് ലഭിക്കില്ലായിരുന്നു. ഇത് ഇന്ത്യക്ക് ഗുണമായി ഭവിച്ചു എന്നാണ് ടെയ്‌ലറുടെ നിലപാട്.

രോഹിത് ശര്‍മ, വിരാട് കോഹ്ലി,ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ,റിഷഭ് പന്ത് എന്നിവരെല്ലാം ബാറ്റിങ്ങില്‍ കരുത്ത് പകരുമ്പോള്‍ മുഹമ്മദ് ഷമി,ഇഷാന്ത് ശര്‍മ,ജസ്പ്രീത് ബുംറ,ഉമേഷ് യാദവ്,മുഹമ്മദ് സിറാജ് എന്നീ മികച്ച പേസര്‍മാരും അശ്വിന്‍,ജഡേജ, അക്‌സര്‍ പട്ടേൽ എന്നീ മികച്ച സ്പിന്‍ ഓള്‍റൗണ്ടര്‍മാരും ഇന്ത്യക്കൊപ്പമുണ്ട്. കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന ന്യൂസീലന്‍ഡിനും മികച്ച താരനിരയുള്ളതിനാല്‍ മികച്ച പോരാട്ടം തന്നെ ഫൈനലില്‍ പ്രതീക്ഷിക്കാം.

Summary- IPL suspension happens to be good sign for India, they would get more time for preparing for the Test Championship - Ross Taylor

First published:

Tags: BCCI, Indian cricket team, Ross Taylor, World test championship final, WTC Final