ISL| മോഹൻ ബഗാന് ചരിത്ര നേട്ടം; ബെംഗളൂരുവിനെ വീഴ്ത്തി ഐഎസ്എൽ കിരീടം
- Published by:Rajesh V
- news18-malayalam
Last Updated:
മുഴുവൻ സമയം അവസാനിച്ചപ്പോൾ ഇരുടീമുകളും ഓരോഗോൾ വീതം നേടി സമനിലയിലായിരുന്നു. 96-ാം മിനിറ്റിൽ വലകുലുക്കി മക്ലാരൻ ബഗാനെ കിരീടത്തിലേക്ക് നയിക്കുകയായിരുന്നു
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടത്തിൽ മുത്തമിട്ട് മോഹൻ ബഗാൻ. എക്സ്ട്രാടൈമിലേക്ക് കടന്ന മത്സരത്തിൽ ഒന്നിനെതിരേ രണ്ടുഗോളുകൾക്ക് ബെംഗളൂരുവിനെ തോൽപിച്ചാണ് മോഹൻ ബഗാൻ ഐഎസ്എൽ കിരീടം സ്വന്തമാക്കിയത്. മുഴുവൻ സമയം അവസാനിച്ചപ്പോൾ ഇരുടീമുകളും ഓരോഗോൾ വീതം നേടി സമനിലയിലായിരുന്നു. 96-ാം മിനിറ്റിൽ വലകുലുക്കി മക്ലാരൻ ബഗാനെ കിരീടത്തിലേക്ക് നയിക്കുകയായിരുന്നു.
ജയത്തോടെ ലീഗ് വിന്നേഴ്‌സ് ഷീൽഡിനൊപ്പം ഐഎസ്എൽ കപ്പും മോഹൻ ബഗാൻ സ്വന്തമാക്കി. സൂപ്പർലീഗിൽ ഇതുവരെ ഒരു ക്ലബ്ബും ലീഗ് വിന്നേഴ്‌സ് ഷീൽഡും ഐഎസ്എൽ കപ്പും ഒരുമിച്ചു നേടിയിട്ടില്ല. ഈ ചരിത്രനേട്ടമാണ് മോഹൻ ബഗാൻ സ്വന്തമാക്കിയത്. ഐഎസ്എൽ ചരിത്രത്തിൽ രണ്ടാം കിരീടമാണ് ബഗാന്റേത്. മുൻപ് എടികെ മോഹൻബഗാൻ എന്നപേരിൽ ടീം മൂന്നുതവണ കപ്പുയർത്തിയിട്ടുണ്ട്.
സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ കൊല്‍ക്കത്തയുടെ ആക്രമണങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. പന്തടക്കത്തിൽ ബെംഗളൂരു മുന്നിലായിരുന്നെങ്കിലും പ്രതിരോധം ശക്തമാക്കിയ ബഗാന്‍ ഗോള്‍ശ്രമങ്ങള്‍ വിഫലമാക്കി. ഇതോടെ ആദ്യപകുതി ഗോൾരഹിതമായി അവസാനിച്ചു.
advertisement
രണ്ടാംപകുതിയിൽ ഗോൾ ലക്ഷ്യമിട്ടാണ് ഇരുടീമുകളും കളത്തിലിറങ്ങിയത്. ആക്രമണങ്ങൾക്ക് മൂർച്ചകൂടിയതോടെ കളി മാറി. 49-ാം മിനിറ്റില്‍ ബഗാനെ ഞെട്ടിച്ച് ബെംഗളൂരു ലീഡെടുത്തു. ക്രോസ്സ് തടയാന്‍ ശ്രമിച്ച ബഗാന്‍ പ്രതിരോധതാരം ആല്‍ബര്‍ട്ടോ റോഡ്രിഗസിന് പിഴച്ചു. സെൽഫ് ഗോള്‍ വീണതിന് പിന്നാലെയും ബെംഗളൂരു ആക്രമണങ്ങള്‍ തുടര്‍ന്നു. എന്നാല്‍ ബഗാനും അവസരങ്ങള്‍ സൃഷ്ടിച്ച് മുന്നേറി.
അതിനിടെ ബഗാൻ തിരിച്ചടിച്ചു. 72-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ജേസണ്‍ കമ്മിങ്‌സ് പിഴയ്ക്കാതെ വലയിലെത്തിച്ചു. സ്‌കോര്‍ സമനിലയിലായി. എക്സ്ട്രാം ആരംഭിച്ച് ആറാം മിനിറ്റിൽ മോഹൻ ബഗാൻ മുന്നിലെത്തി. പെനാൽറ്റി ബോക്സിനുള്ളിൽ നിന്നുള്ള തകർപ്പൻ ഷോട്ടിലൂടെ ജെയ്മി മക്ലാരൻ ബെംഗളൂരു വലകുലുക്കിയതോടെ ബഗാൻ ചരിത്ര വിജയം സ്വന്തമാക്കി.
advertisement
Summary: Mohun Bagan Super Giant completed the season double with a 2-1 win over Bengaluru FC to win the 2024-25 Indian Super League (ISL) cup at the Vivekananda Yuba Bharati Krirangan on Saturday.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kolkata [Calcutta],Kolkata,West Bengal
First Published :
April 13, 2025 6:36 AM IST