പാലക്കാട് മണ്ണാർക്കാട് തിരുവിഴാംകുന്നിൽ പൈനാപ്പിളിനുള്ളിൽ സ്ഫോടക വസ്തു വെച്ച് ഗർഭിണിയായ പിടിയാനയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ആനയോട് മനുഷ്യൻ കാട്ടിയ കൊടുംക്രൂരതയിൽ പ്രതിഷേധിച്ച് സിനിമ, കായിക മേഖലകളിലെ പ്രമുഖരടക്കം നിരവധിയാളുകൾ രംഗത്തെത്തിയിരുന്നു. ഏറ്റവും ഒടുവിൽ ഫുട്ബോൾ ക്ലബ്ബായ കേരളാ ബ്ലാസ്റ്റേഴ്സും വിമർശനവുമായി രംഗത്തെത്തി.
സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി ബ്ലാസ്‌റ്റേഴ്‌സിന്റെ ലോഗോയില്‍ നിന്ന് ആനയുടെ ചിത്രം ഭാഗികമായി മറച്ചാണ് ക്ലബ് പ്രതികരിച്ചത്. ചിത്രത്തോടൊപ്പം ഒരു കുറിപ്പും ബ്ലാസ്റ്റേഴ്‌സ് പങ്കുവെച്ചിട്ടുണ്ട്. ആനയ്ക്ക് നേരെ നടന്നത് നീചവും ക്രൂരവുമായ ആക്രമണമാണെന്നും ആന നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നും ക്ലബ് പറയുന്നു.
‘ആരേയും ഉപദ്രവിക്കാത്ത ഒരു സാധു മൃഗത്തോട് ചിലർ ചെയ്ത ക്രൂരമായ പ്രവർത്തിയെക്കുറിച്ച് അറിഞ്ഞു. അതികഠിനമായ വേദന സഹിച്ചാണ് ആ സാധു മൃഗം ചരിഞ്ഞത്. ഗർഭിണിയായ ആനയ്ക്ക് പടക്കം ഭക്ഷണമായി നൽകുന്നതിൽ രസം കണ്ടെത്തിയ ചിലരാണ് ഈ നിർഭാഗ്യകരമായ സംഭവത്തിനു പിന്നിൽ. ഒരു സംസ്ഥാനം പതിറ്റാണ്ടുകളായി ജ്ഞാനത്തിന്റെയും വിശ്വസ്തതയുടെയും പ്രതീകമായി കാണുന്ന ആന എന്ന ജീവി നമ്മുടെ സംസ്കാരത്തിന്റെ കൂടി ഭാഗമാണ്. അതുകൊണ്ടു തന്നെ ഈ പ്രവർത്തിയെ എല്ലാവരും അപലപിക്കണമെന്ന് അഭ്യർഥിക്കുന്നു’- ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കേരള ബ്ലാസ്റ്റേഴ്സ് കുറിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.