ട്വന്റി 20യിൽ കേരളം എവിടെ വരെ? ഹോം ഗ്രൗണ്ട് ഉത്തപ്പക്കും സംഘത്തിനും തുണയാകുമോ?
Last Updated:
സയിദ് മുഷ്താഖ് അലി ട്വന്റി20 ടൂർണമെന്റിന് തുടക്കമായി. കഴിഞ്ഞ തവണ ചെറിയ വ്യത്യാസത്തിൽ നഷ്ടമായ സൂപ്പർ ലീഗ് ബർത്ത് സ്വന്തമാക്കുകയാണ് ഇത്തവണ കേരളത്തിന്റെ ലക്ഷ്യം.
ഏകദിന ടൂർണമെന്റിന് ശേഷം ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റ് ട്വന്റി 20യുടെ ആരവങ്ങളിലേക്ക് കടന്നിരിക്കുന്നു... ആറ് നഗരങ്ങളിലായി സയിദ് മുഷ്താഖ് അലി ട്വന്റി 20 ടൂർണമെന്റിന് തുടക്കമായി. 37 ടീമുകളെ അഞ്ച് ഗ്രൂപ്പാക്കി തിരിച്ചാണ് പ്രാഥമിക റൌണ്ടിലെ മത്സരങ്ങൾ. ഓരോ ഗ്രൂപ്പിൽ നിന്നും രണ്ട് ടീം വീതം സൂപ്പർ ലീഗ് ഘട്ടത്തിലേക്ക് മുന്നേറും. കർണാടകമാണ് നിലവിലെ ചാംപ്യൻമാർ..
അടുത്ത മാസം കൊൽക്കത്തയിൽ താരലേലം നടക്കാനിരിക്കെ ടൂർണമെന്റിൽ മികവ് കാട്ടുന്ന ആഭ്യന്തര കളിക്കാർക്കായി ഐപിഎൽ ടീമുകൾ വല വീശുമെന്നുറപ്പ്.. ട്വന്റി20 ലോകകപ്പിന് ഒരു വർഷം മാത്രം ശേഷിക്കെ ദേശീയ ടീമിലേക്കുള്ള പ്രവേശനത്തിനുള്ള ചവിട്ടുപടി കൂടിയാകും സയിദ് മുഷ്താഖ് അലി ട്രോഫി.. അതുകൊണ്ടുതന്നെ ബംഗ്ലാദേശിനെതിരായ പരന്പരക്കുള്ള ഇന്ത്യൻ ടീമിന്റെ ഭാഗമല്ലാത്ത പ്രമുഖരല്ലാം തന്നെ സയിദ് മുഷ്താഖ് അലിയിൽ കളിക്കുന്നുണ്ട്.
advertisement
കേരളത്തിന്റെ പ്രതീക്ഷകൾ
വിജയ് ഹസാരെ ഏകദിന ടൂർണമെന്റിൽ ശരാശരിയിലൊതുങ്ങിയ കേരള ടീം ട്വന്റി20 യിൽ മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നത്. കാര്യവട്ടം ഗ്രീൻഫീൽഡിലും തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിലുമായാണ് കേരളത്തിന്റെ മത്സരങ്ങൾ നടക്കുന്നത്. ഐപിഎല്ലിലടക്കം ചാംപ്യൻ ടീമുകളുടെ ഭാഗമായിരുന്ന റോബിൻ ഉത്തപ്പയാണ് നായകൻ. വിജയ് ഹസാരെ ട്രോഫിയിൽ നിരാശപ്പെടുത്തിയെങ്കിലും ചെറിയ ഫോർമാറ്റിൽ ഉത്തപ്പ മികവിലേക്കുയരുമെന്നാണ് പ്രതീക്ഷ.

advertisement
സഞ്ജു എത്തുന്നു
ഇന്ത്യൻ ടീമിനൊപ്പമായതിനാൽ തമിഴ്നാടിനെതിരെ കളിക്കാതിരുന്ന സഞ്ജു സാംസണ് കേരളത്തിന്റെ അടുത്ത മത്സരവും നഷ്ടമാകും. എങ്കിലും സഞ്ജുവിന്റെ അസാന്നിധ്യം കാര്യമായി ബാധിക്കില്ലെന്നാണ് ക്യാപ്റ്റന്റെ പ്രതീക്ഷ. ഒരു പിടി മികച്ച യുവതാരങ്ങൾ ടീമിനൊപ്പമുണ്ടെന്ന് ഉത്തപ്പ വ്യക്തമാക്കുന്നു.. ആദ്യ മത്സരത്തിൽ കരുത്തരായ തമിഴ്നാടിനോട് പരാജയപ്പെട്ട കേരളത്തിന് ഇനി നേരിടാനുള്ളത് രാജസ്ഥാൻ, വിദർഭ, ത്രിപുര, മണിപ്പൂർ, ഉത്തർപ്രദേശ് ടീമുകളെ. കഴിഞ്ഞ തവണ ചെറിയ വ്യത്യാസത്തിലാണ് സൂപ്പർ ലീഗ് ബർത്ത് കേരളത്തിന് നഷ്ടമായത്. ഇക്കുറി മത്സരങ്ങൾ നാട്ടിലായത് ഗുണം ചെയ്യും.

advertisement
മികച്ച ടീം
ബേസിൽ തന്പിയും സന്ദീപ് വാര്യരും എം ഡി നിധീഷുമൊക്കെയടങ്ങിയ കേരളത്തിന്റെ പേസ് നിര ദേശീയ നിലവരം പുലർത്തുന്നതാണ്. ഉത്തപ്പയും വിഷ്ണുവും സഞ്ജുവും സച്ചിനും ചേർന്ന ബാറ്റിംഗും ശക്തം. ഓൾ റൗണ്ടറായി വിശ്വസ്തൻ ജലജ് സക്സേനയുണ്ട്. എങ്കിലും മികച്ച ഒരു പേസ് ബൌളിംഗ് ഓൾറൗണ്ടറുടെ അഭാവമുണ്ട് ടീമിൽ. വിജയതൃഷ്ണയുള്ള ഒരു സംഘമാണ് കേരളത്തിന്റെത്.. വലിയ ടീമുകൾക്കെതിരെ കളിക്കുന്പോഴുള്ള പതർച്ച മാറ്റനായാൽ മുന്നോട്ട് പോകാൻ ഡേവ് വാട്ട്മോറിന്റെ കുട്ടികൾക്കാകും എന്നതിൽ സംശയമില്ല.

advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 10, 2019 5:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ട്വന്റി 20യിൽ കേരളം എവിടെ വരെ? ഹോം ഗ്രൗണ്ട് ഉത്തപ്പക്കും സംഘത്തിനും തുണയാകുമോ?