നെയ്മറും റിച്ചാർലിസണും രാഷ്ട്രീയമായി ഭിന്നധ്രുവങ്ങളിൽ; ഇരുവരെയും ഒരുമിപ്പിച്ചത് ജോഗോ ബോണിറ്റോ
- Published by:Anuraj GR
- news18-malayalam
Last Updated:
വെറുമൊരു അനുഭാവി മാത്രമായിരുന്നില്ല റിച്ചാർലിസൺ, മറിച്ച് ലുല നേതൃത്വം നൽകുന്ന ഇടതുപക്ഷ പാർട്ടിയുടെ സജീവപ്രവർത്തകനായി ഇടപെട്ടിരുന്നയാളാണ്. മറുവശത്ത് ബ്രസീൽ ടീം നെയ്മറുൾപ്പടെ ഭൂരിഭാഗവും വലതുപക്ഷ പാർട്ടിക്കൊപ്പമായിരുന്നു...
ബ്രസീൽ ടീമിലെ പ്രമുഖ താരങ്ങളുടെ രാഷ്ട്രീയം ലോകകപ്പ് ആരംഭിച്ച ഘട്ടത്തിൽ തന്നെ ചർച്ചയായിരുന്നു. അടുത്തിടെ നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ നെയ്മറും റിച്ചാർലിസണും സ്വീകരിച്ച നിലപാടുകളാണ് ചർച്ചയ്ക്ക് ആധാരം. റിച്ചാർലിസൺ ഇടതുപക്ഷത്തിനൊപ്പം നിലകൊണ്ടപ്പോൾ കടുത്ത വലതുപക്ഷനിലപാടുകളാണ് നെയ്മർ സ്വീകരിച്ചത്. രാജ്യത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ ജെയർ ബോൾസോനാരോയെ നെയ്‌മർ പിന്തുണച്ചത് വലിയ വാർത്തയായിരുന്നു.
2018 ൽ അധികാരത്തിൽ വന്ന ബോൾസോനാരോയുടെ കീഴിലുള്ള തീവ്ര വലതുപക്ഷ സർക്കാർ സ്വീകരിച്ച നയങ്ങൾ ബ്രസീലിൽ വലിയ ഒച്ചപ്പാടുകൾ ഉണ്ടാക്കിയിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബറിൽ നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരമാണ് നടന്നത്.
ഫുട്ബോളിനെ ജീവശ്വാസം പോലെ കരുതുന്ന രാജ്യത്ത് കളിക്കാരും രാഷ്ട്രീയ പക്ഷം പ്രകടിപ്പിച്ച് രംഗത്തെത്തി. റൊണാൾഡീഞ്ഞോയെപ്പോലുള്ളവരും, നെയ്മറുമൊക്കെ ബോൾസോനാരോയെ പിന്തുണച്ച് രംഗത്തിറങ്ങി. വലതുപക്ഷക്കാരുടെ പര്യായമായി ബ്രസീൽ ഫുട്ബോൾ ടീമിന്‍റെ മഞ്ഞ ജേഴ്സി മാറിയിരുന്നു, ഇടതുപക്ഷം അല്ലെങ്കിൽ ബോൾസോനാരോയെ എതിർക്കുന്നവർ അത് ധരിക്കുന്നത് പോലും നിർത്തി. ബോൾസോനാരോ സർക്കാരിനെ പിന്തുണച്ച് നെയ്മർ ഒരു പാട്ട് പോലും പാടി.
advertisement
എന്നാൽ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥിക്കൊപ്പമായിരുന്നു ഖത്തറിൽ ഉദിച്ചുയർന്ന ബ്രസീൽ താരം റിച്ചാർലിസൺ. ഇടതുപക്ഷ സ്ഥാനാർഥി ലുല ഡ സിൽവയ്ക്കുവേണ്ടി റിച്ചാർലിസൺ പരസ്യ പ്രചരണത്തിന് ഇറങ്ങി. വെറുമൊരു അനുഭാവി മാത്രമായിരുന്നില്ല റിച്ചാർലിസൺ, മറിച്ച് ലുല നേതൃത്വം നൽകുന്ന ഇടതുപക്ഷ പാർട്ടിയുടെ സജീവപ്രവർത്തകനായി ഇടപെട്ടിരുന്നയാളാണ്. ഭൂരിഭാഗം കളിക്കാരും മുൻ വലതുപക്ഷ സർക്കാരിനെ പിന്തുണച്ച താരങ്ങൾ നിറഞ്ഞ ഒരു ടീമിൽ, റിച്ചാർലിസൺ, വംശീയത, ദാരിദ്ര്യം, ലിംഗപരമായ അക്രമം, എൽജിബിടിക്യു+ മറ്റ് സാമൂഹിക പ്രശ്നങ്ങൾ എന്നിവയിൽ പരസ്യമായി പ്രതിഷേധിച്ച അപൂർവം കളിക്കാരനായിരുന്നു. വലത്-ഇടത് തർക്കത്തിലേക്ക് ബ്രസീലിയൻ ജേഴ്‌സി വലിച്ചിഴക്കപ്പെട്ടതിൽ റിച്ചാർലിസൺ കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
advertisement
കോവിഡ് മഹാമാരി സമയത്ത്, പ്രസിഡന്‍റായിരുന്ന ബോൾസോനാരോ കോവിഡിനെ ഒരു ഫ്ലൂ എന്ന് മാത്രം വിളിച്ചപ്പോൾ, സർക്കാരിന്റെ ശാസ്ത്ര വിരുദ്ധ നയത്തിന് വിരുദ്ധമായ വാക്സിനേഷൻ ഡ്രൈവിനെ റിച്ചാർലിസൺ പിന്തുണച്ചു. ഒപ്പം ആമസോണിൽ ആയിരക്കണക്കിന് ആളുകൾക്ക് ശ്വാസതടസ്സം നേരിട്ടപ്പോൾ, റിച്ചാർലിസൺ ഓക്സിജൻ സിലിണ്ടറുകൾ ലഭ്യമാക്കാൻ മുന്നിട്ടിറങ്ങി.
ഒരു ഘട്ടത്തിൽ മഞ്ഞയും പച്ചയും നിറമുള്ള ജേഴ്സിയെ രാഷ്ട്രീയ കാരണങ്ങളാൽ വെറുത്ത ജനതയെ, ഫുട്ബോളിലേക്ക് തിരികകൊണ്ടുവരുന്നതിൽ നിർണായക ചുവടുവെയ്പ്പ് നടത്താനും റിച്ചാർലിസണ് കഴിഞ്ഞു. ഏറെ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നിട്ടും നെയ്മറെയും റിച്ചാർലിസണെയും ചേർത്ത് നിർത്തിയത് ബ്രസീലിയൻ ഫുട്ബോൾ അഥവാ ജോഗോ ബോണിറ്റോയാണ്. സുന്ദരമായ ഗെയിം എന്ന അർത്ഥം വരുന്ന പോർച്ചുഗീസ് വാചകമായ ജോഗോ ബോണിറ്റോ ബ്രസീൽ ഫുട്ബോൾ ടീമിന്‍റെ അപരനാമമാണ്. രാഷ്ട്രീയമായി വിരുദ്ധചേരിയിൽ നിൽക്കുന്നവരാണെങ്കിലും നെയ്മറെയും റിച്ചാർലിസണെയും ഒരുമിപ്പിച്ച് നിർത്തുന്നത് ഏറെ മാസ്മരികത നിറഞ്ഞ ബ്രസീലിയൻ ഫുട്ബോൾ തന്നെയാണ്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 06, 2022 9:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
നെയ്മറും റിച്ചാർലിസണും രാഷ്ട്രീയമായി ഭിന്നധ്രുവങ്ങളിൽ; ഇരുവരെയും ഒരുമിപ്പിച്ചത് ജോഗോ ബോണിറ്റോ