ഖത്തർ ലോകകപ്പ് തകർപ്പൻ; ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ചതെന്ന് BBC സ്‌പോർട്സ് പോൾ
- Published by:Sarika KP
- news18-malayalam
Last Updated:
ലേലത്തിൽ അമേരിക്കയെയും ഓസ്‌ട്രേലിയയെയും പിന്തള്ളിയാണ് ഈ വർഷത്തെ ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം ഖത്തർ സ്വന്തമാക്കിയത്.
ബിബിസി സ്‌പോർട്സ് നടത്തിയ വോട്ടെടുപ്പിൽ ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഫുട്ബോൾ ലോകകപ്പായി തിരഞ്ഞെടുക്കപ്പെട്ട് ഖത്തർ ലോകകപ്പ്. 78 ശതമാനം വോട്ടുകൾ നേടിയാണ് ഈ നേട്ടം. 2002 ലെ ലോകകപ്പ് (ജപ്പാനും ദക്ഷിണ കൊറിയയും സംയുക്തമായി സംഘടിപ്പിച്ചത്) രണ്ടാം സ്ഥാനത്തെത്തിയെങ്കിലും ആറു ശതമാനം വോട്ടു മാത്രമാണ് നേടാനായത്. 2014 ൽ ബ്രസീലിൽ വെച്ചു നടന്ന ലോകകപ്പാണ് മൂന്നാം സ്ഥാനത്ത്. ബ്രസീൽ ലോകകപ്പിന് 5 ശതമാനം വോട്ടുകളാണ് ലഭിച്ചത്. നാല് ശതമാനം വോട്ടുകളോടെ 2006 ൽ ജർമനിയിൽ വെച്ചു നടന്ന ലോകകപ്പും 2018 ൽ റഷ്യയിൽ വെച്ചു നടന്ന ലോകകപ്പും നാലാം സ്ഥാനത്തെത്തി. 2010 ൽ ദക്ഷിണാഫ്രിക്കയിൽ വെച്ചു നടന്ന ലോകപ്പാണ് 3 ശതമാനം വോട്ടുകളോടെ നാലാം സ്ഥാനത്ത്.
2022 ഫിഫ ലോകകപ്പിന് ഖത്തർ ആതിഥേയത്വം വഹിക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ പലരും ഇത്തരമൊരു നേട്ടം കൈവരിക്കാനാകുമെന്ന് ചിന്തിച്ചിരുന്നില്ല. ലേലത്തിൽ അമേരിക്കയെയും ഓസ്‌ട്രേലിയയെയും പിന്തള്ളിയാണ് ഈ വർഷത്തെ ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം ഖത്തർ സ്വന്തമാക്കിയത്. ലോകകപ്പ് ഫുട്ബോളിന് ആതിഥേയത്വം വഹിക്കുന്ന ആദ്യത്തെ അറബ് രാജ്യവും ഏറ്റവും ചെറിയ രാജ്യം ഖത്തറാണ്.
വിവിധ കാരണങ്ങളാൽ, ടൂർണമെന്റിന് മുമ്പും ശേഷവും, ഫിഫയും ഖത്തർ ഭരണകൂടവും ഏറെ വിമർശിക്കപ്പെട്ടിരുന്നു. എൽജിബിടിക്യു+ സമൂഹത്തിനെതിരായ നിലപാട്, കുടിയേറ്റ തൊഴിലാളികളുടെ മരണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ, അഴിമതി ആരോപണങ്ങൾ, മദ്യത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ, ലോകകപ്പ് ട്രോഫി ഏറ്റുവാങ്ങുന്നതിനു മുൻപ് ലയണൽ ബിഷ്ത് (അറബ് രാജ്യങ്ങളിൽ ഉപയോഗിച്ചു വരുന്ന പരമ്പരാഗത അറേബ്യൻ വസ്ത്രം) ധരിപ്പിച്ചത്, അങ്ങനെ പല കാര്യങ്ങളിലും ഖത്തറിനെതിരെ ചോദ്യങ്ങൾ ഉയർന്നിരുന്നു.
advertisement
ലോകകപ്പ് മാമാങ്കത്തിനായി ഖത്തർ ഏകദേശം 220 ബില്യൺ ഡോളർ ചെലവഴിച്ചെന്നാണ് റിപ്പോർട്ടുകൾ. 2018-ലെ ലോകകപ്പ് നടത്താൻ റഷ്യ 14 ബില്യൺ ഡോളറാണ് ചെലവഴിച്ചത്. ലോകകപ്പിനായി ഖത്തർ ഏഴ് പുതിയ ഫുട്ബോൾ സ്റ്റേഡിയങ്ങളാണ് നിർമിച്ചത്. പലതും ഇപ്പോൾ പുനർനിർമിച്ചു വരികയും ചിലത് മറ്റ് രാജ്യങ്ങൾക്ക് നൽകുകയും ചെയ്യുന്നുണ്ട്. ചില സ്റ്റേഡിയങ്ങൾ കെട്ടിടങ്ങളും, സ്‌കൂളുകളും, കടകളും, കഫേകളും, ക്ലിനിക്കുകളും ഒക്കെയായി മാറ്റുകയും ചെയ്യും. റീസൈക്കിൾ ചെയ്‌ത ഷിപ്പിംഗ് കണ്ടെയ്‌നറുകൾ ഉപയോഗിച്ചാണ് ഈ ലോകകപ്പിലെ സ്റ്റേഡിയം 974 നിർമിച്ചത്. ഇത് പൂർണമായും പൊളിച്ചു നീക്കും. ഫിഫ ലോകകപ്പ് ചരിത്രത്തിലെ ആദ്യത്തെ താൽക്കാലിക വേദിയാണിത്.
advertisement
32 ടീമുകൾ പങ്കെടുത്ത അവസാന ഫുട്ബോൾ ലോകകപ്പാണ് ഖത്തറിൽ നടന്നത്. 2026 ൽ 48 ടീമുകൾ ലോകകപ്പിൽ മാറ്റുരക്കും. 172 ഗോളുകളാണ് ഖത്തർ ലോകകപ്പിൽ ആകെ പിറന്നത്. 32 ടീം ഫോർമാറ്റിൽ ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന ലോകകപ്പ് എന്ന റെക്കോർഡും ഖത്തറിന് സ്വന്തം.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 31, 2022 4:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഖത്തർ ലോകകപ്പ് തകർപ്പൻ; ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ചതെന്ന് BBC സ്‌പോർട്സ് പോൾ