• HOME
  • »
  • NEWS
  • »
  • sports
  • »
  • Sachin Tendulkar |വിരമിക്കല്‍ ദിനത്തിലെ കോഹ്ലിയുടെ സമ്മാനം കണ്ണു നിറയിച്ചു; അത് തിരിച്ചുനല്‍കി; വെളിപ്പെടുത്തലുമായി സച്ചിന്‍

Sachin Tendulkar |വിരമിക്കല്‍ ദിനത്തിലെ കോഹ്ലിയുടെ സമ്മാനം കണ്ണു നിറയിച്ചു; അത് തിരിച്ചുനല്‍കി; വെളിപ്പെടുത്തലുമായി സച്ചിന്‍

സച്ചിന്റെ അവസാന ടെസ്റ്റിന് ശേഷം വിരാട് കോഹ്ലി ഒരു സ്പെഷ്യല്‍ സമ്മാനം നല്‍കിയിരുന്നു. പക്ഷെ അദ്ദേഹം അതു സ്വീകരിക്കാതെ തിരിച്ചു നല്‍കുകയായിരുന്നു.

  • Share this:
    ലോകം കണ്ട എക്കാലത്തെയും മികച്ച രണ്ട് ബാറ്റ്‌സ്മാന്‍മാരാണ് ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറും (Sachin Tendulkar) വിരാട് കോഹ്ലിയും (Virat Kohli). പല സമയത്തും ഇവര്‍ രണ്ട് പേരിലും ആരാണ് കേമന്‍ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഇരുവരും പരസ്പരം ബഹുമാനിക്കുന്ന താരങ്ങളാണ്. സച്ചിന്റെ അവസാന ടെസ്റ്റിന് ശേഷം കോഹ്ലി നല്‍കിയ സമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സച്ചിനിപ്പോള്‍.

    2013 നവംബര്‍ 16നായിരുന്നു സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ മുംബൈയിലെ വാംഖഡെയിലായിരുന്നു അദ്ദേഹത്തിന്റെ വിടവാങ്ങല്‍ ടെസ്റ്റ്. ഈ മല്‍സരത്തിന് ശേഷം അന്നു ടീമിലുണ്ടായിരുന്ന വിരാട് കോഹ്ലി സച്ചിന് ഒരു സ്പെഷ്യല്‍ സമ്മാനം നല്‍കിയിരുന്നു. പക്ഷെ അദ്ദേഹം അതു സ്വീകരിക്കാതെ തിരിച്ചു നല്‍കുകയായിരുന്നു. ഇതേക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സച്ചിന്‍. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനായ ഗ്രഹാം ബെന്‍ സിംഗറുടെ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വികാരനിര്‍ഭരമായ ആ ഓര്‍മ സച്ചിന്‍ പങ്കുവെച്ചത്.

    'വാംഖഡെ സ്റ്റേഡിയത്തില്‍ കരിയറിലെ അവസാന ടെസ്റ്റും കളിച്ച് ഡ്രസ്സിംഗ് റൂമില്‍ മടങ്ങിയെത്തിയതായിരുന്നു ഞാന്‍. ഇനിയൊരിക്കലും ഇന്ത്യന്‍ കുപ്പായത്തില്‍ ഞാന്‍ ബാറ്റിംഗിന് ഇറങ്ങില്ലെന്ന്, ആ ചിന്ത എന്നെ വല്ലാതെ സങ്കടത്തിലാഴ്ത്തി. ഞാന്‍ ഒരു മൂലയില്‍ തനിച്ചിരുന്ന് കണ്ണീര്‍ തുടയ്ക്കുകയായിരുന്നു, ആ സമയത്ത് ശരിക്കും വികാരധീനനായിരുന്നു. അപ്പോഴാണ് വിരാട് കോഹ്ലി എന്റെയടുത്തേക്കു വന്നത്. അദ്ദേഹത്തിന്റെ മരിച്ചുപോയ അച്ഛന്‍ പ്രേം കോഹ്ലി സമ്മാനിച്ച ഒരു ചരട് എനിക്കു സമ്മാനമായി നല്‍കുകയും ചെയ്തു'- സച്ചിന്‍ പറയുന്നു.

    'ഞാന്‍ അതുവാങ്ങി കുറച്ചു സമയം കൈകളില്‍ വച്ച ശേഷം വിരാടിനു തിരിച്ചുനല്‍കി. അതിനു ശേഷം പറഞ്ഞു- ഇതു വിലമതിക്കാനാവാത്തതാണ്. ഇതു മറ്റാരുടെയും പക്കലല്ല, നിന്റെയൊപ്പം തന്നെയാണുണ്ടാവേണ്ടത്. ഇതു നിനക്ക് അവകാശപ്പെട്ടതാണ്. അവസാനത്തെ ശ്വാസം വരെ നീ ഇതു സൂക്ഷിച്ചുവയ്ക്കുകയും വേണം. വളരെ വികാരനിര്‍ഭരമായ നിമിഷമായിരുന്നു അത്. എക്കാലവും അത് എന്റെ ഓര്‍മയില്‍ നിലനില്‍ക്കും'- സച്ചിന്‍ പറഞ്ഞു.

    രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് വിരാട് കോഹ്ലി ഈ സംഭവത്തെക്കുറിച്ച് സംസാരിച്ചിരുന്നു. 'ഞങ്ങള്‍, ഇന്ത്യയിലുള്ളവര്‍ സാധാരണയായി കൈത്തണ്ടയില്‍ ചരട് ധരിക്കാറുണ്ട്. രാജ്യത്തു ധാരാളം പേര്‍ അങ്ങനെ ചെയ്യുന്നുണ്ട്. അച്ഛന്‍ ഉപയോഗിച്ച ഒരു ചരട് അദ്ദേഹം എനിക്ക് ഒരിക്കല്‍ നല്‍കിയിരുന്നു. ഞാന്‍ അതു പക്ഷെ കൈയില്‍ ധരിക്കാതെ ബാഗില്‍ സൂക്ഷിച്ച് വയ്ക്കാറാണുള്ളത്. അത്രമേല്‍ വിലമതിക്കാനാവാത്തത് ആണെങ്കിലും സച്ചിനോടുള്ള ആദരവും ആരാധനയും കാരണം ഞാന്‍ ആ ചരട് അദ്ദേഹത്തിന് നല്‍കാന്‍ തയാറായി. അതിലെനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നതുപോലുമില്ല. ഇത് എന്റെ ചെറിയ സമ്മാനമാണെന്ന് പറഞ്ഞായിരുന്നു ഞാനത് അദ്ദേഹത്തിന് നല്‍കിയത്. കാരണം, സച്ചിന്‍ ഞങ്ങള്‍ക്ക് ആരായിരുന്നുവെന്നും ഞങ്ങളെയൊക്കെ എത്രമാത്രം പ്രചോദിപ്പിച്ചിരുന്നുവെന്നും എനിക്കറിയാമായിരുന്നു- കോഹ്ലി പറഞ്ഞു.
    Published by:Sarath Mohanan
    First published: