മാതാപിതാക്കളെ കൊന്ന താലിബാൻ ഭീകരരെ വധിച്ച് അഫ്ഗാൻ പെൺകുട്ടി. രണ്ടു ഭീകരരെ വെടിവച്ചുകൊന്ന പെൺകുട്ടി നിരവധി ഭീകരരെ പരിക്കേൽപ്പിക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാനിലെ മധ്യപ്രവിശ്യയായ ഘോറിലുള്ള ഒരു ഗ്രാമത്തിൽ കഴിഞ്ഞയാഴ്ചയാണ് സംഭവം. ആക്രമിക്കാനെത്തുന്നവരെ നേരിടാൻ ഇനിയും തയാറാണെന്ന് 15കാരിയായ ഖാമർ ഗുൽ പറഞ്ഞു.
വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ഭീകരർ മാതാപിതാക്കളെ വലിച്ചിഴച്ചുകൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ഗ്രാമാധിപനായിരുന്ന പിതാവിനെത്തേടിയാണ് ഭീകരർ എത്തിയതെന്ന് പൊലീസ് രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പിയോട് അറിയിച്ചു. പിതാവിനെ കൊണ്ടുപോകുന്നതുകണ്ട് മാതാവും എതിർക്കുകയായിരുന്നു. ഇതേത്തുടർന്ന് ഇരുവരെയും വീടിനു പുറത്തേക്കു വലിച്ചിഴച്ചുകൊണ്ടുവന്നാണ് കൊലപ്പെടുത്തിയത്. സർക്കാരിനെ അനുകൂലിച്ചുവെന്ന കാരണം പറഞ്ഞാണ് താലിബാൻ ഗ്രാമാധിപനായ ഗുല്ലിന്റെ പിതാവിനെ വധിച്ചത്.
‘കൗമാരക്കാരിയായ ഖാമർ ഗുൽ വീട്ടിനകത്തായിരുന്നു. മാതാപിതാക്കളെ വധിച്ചതുകണ്ട പെൺകുട്ടി വീട്ടിലുള്ള എകെ–47 തോക്കെടുത്ത് ഭീകരർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. മാതാപിതാക്കളെ വധിച്ച താലിബാൻ ഭീകരരെയാണ് ആദ്യം വെടിവച്ചത്. തുടർന്ന് മറ്റുള്ളവർക്കുനേരെയും വെടിയുതിർത്തു.’ - പൊലീസ് പറഞ്ഞു.
തിരിച്ചടിയേറ്റതിനെത്തുടർന്ന് നിരവധി താലിബാൻ ഭീകരർ ഖാമർ ഗുലിന്റെ വീട് ആക്രമിക്കാൻ വന്നെങ്കിലും ഗ്രാമീണരുടെയും സർക്കാരിനെ പിന്തുണയ്ക്കുന്ന സംഘങ്ങളുടെയും പ്രതിരോധത്തെത്തുടർന്ന് പിന്തിരിയുകയായിരുന്നു.
ഖാമർ ഗുലിനെയും 12കാരനായ അനുജനെയും സുരക്ഷിത സ്ഥാനത്തേക്ക് അഫ്ഗാൻ സേന മാറ്റി.'അവരെ ഞാൻ ഭയപ്പെടുന്നില്ല. അവരെ നേരിടാൻ ഞാൻ തയാറാണ്' - പെൺകുട്ടിയെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. പിതിവാണ് എകെ 47 കൈകാര്യം ചെയ്യുന്നതെങ്ങനെയെന്ന് തനിക്ക് പരിശീലനം നൽകിയതെന്നും ഗുൽ പറഞ്ഞു. വാർത്ത പുറത്തുവന്നതോടെ ഗുല്ലിനെ പ്രശംസിച്ച് നിരവധിപേരാണ് രംഗത്തെത്തിയത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.