ഇമ്രാന്‍ ഖാന്റെ ഭാര്യയുടെ പ്രതിഷേധം ഫലം കാണുമോ? തെഹ്രീകെ-ഇ-ഇൻസാഫിന് മുന്നിൽ പാകിസ്ഥാൻ സർക്കാർ മുട്ടുമടക്കുമോ?
- Published by:Vishnupriya S
- news18-malayalam
Last Updated:
200-ലധികം കേസുകൾ നേരിടുന്ന ഇമ്രാൻ ഖാൻ 2023 മുതൽ റാവൽപിണ്ടിയിലെ അദിയാല ജയിലില്‍ തടവിലാണ്
ഒരിടവേളക്ക് ശേഷം വീണ്ടും സംഘർഷഭരിതമാണ് നമ്മുടെ അയൽരാജ്യമായ പാകിസ്ഥാൻ. ഇമ്രാൻ ഖാന്‍റെ ജയിൽ മോചനം ആവശ്യപ്പെട്ടുളള പ്രക്ഷോഭങ്ങൾ എല്ലാ അതിർ വരമ്പുകളും ഭേദിക്കുകയാണ്. 200-ലധികം കേസുകൾ നേരിടുന്ന ഇമ്രാൻ ഖാൻ 2023 മുതൽ റാവൽപിണ്ടിയിലെ അദിയാല ജയിലില്‍ തടവിലാണ്. 'അവസാനം വരെ പോരാടുക' എന്നാണ് അണികളോട് ജയിലിൽ നിന്നുള്ള ഇമ്രാൻ ഖാന്റെ ആഹ്വാനം.
നവംബർ 25ന് പാക് തലസ്ഥാനമായ ഇസ്ലാമാബാദ് കലാപഭൂമിക്ക് സമാനമായിരുന്നു. ഒരു വർഷത്തിലധികമായി പാക് ജയിലിലുളള ഇമ്രാൻ ഖാന്‍റെ മോചനം ആവശ്യപ്പെട്ടുളള ലോങ് മാർച്ചാണ് സംഘർഷഭരിതമായത്. കണ്ടെയ്‌നർ ബാരിക്കേഡ് അടക്കം ഉപയോഗിച്ചായിരുന്നു റാലിയെ പോലീസ് നേരിട്ടത്. ഇതോടെ പലയിടത്തും പോലീസുമായി നേർക്കുനേർ ഏറ്റുമുട്ടലുണ്ടായി.
പ്രതിഷേധ റാലിക്ക് ഇമ്രാന്റെ ഭാര്യ ബുഷ്‌റ ബീബിയായിരുന്നു നേതൃത്വം നൽകിയത്. ഇമ്രാൻ ഖാൻ നമുക്കൊപ്പം എത്തുന്നതുവരെ പ്രതിഷേധം അവസാനിപ്പിക്കരുതെന്നും മടങ്ങിപ്പോകരുതെന്നും ബുഷ്‌റ ബീബി പ്രവർത്തകരോട് കണ്ണീരോടെ ആവശ്യപ്പെട്ടു. റാലി നടത്താൻ അനുമതിയില്ലാത്ത ഡി ചൗക്കിലുൾപ്പെടെ പ്രതിഷേധം ഉയർന്നു. സംഘർഷത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരടക്കം ആറ് പേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റു.
advertisement
പാക്കിസ്ഥാനിൽ നടക്കുന്നത് സാധാരണ സ്‌ഫോടനങ്ങളോ, ചാവേർ ആക്രമണങ്ങളോ വെടിവെയ്‌പ്പുകളോ മാത്രമല്ല, ദക്ഷിണേഷ്യയിൽ സമീപ വർഷങ്ങളിൽ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ നീക്കമാണ്. പാക്ക് തലസ്ഥാനമായ ഇസ്ലാമാബാദിലേക്ക് സംഘർഷം വ്യാപിച്ചതോടെ സൈന്യവും രംഗത്തിറങ്ങി. പ്രതിഷേധക്കാരെ കണ്ടാലുടൻ വെടിവെയ്ക്കാനുള്ള ഉത്തരവുമുണ്ട്. ആക്രമണത്തെ ശക്തമായ നിലയിൽ അപലപിച്ച പാക് നേതാവ് ഷെഹ്ബാസ് ഷെരിഫ് ഉത്തരവാദികളെ ഉടൻ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ നിർദേശം നൽകി.
2022-ലാണ് അവിശ്വാസ പ്രമേയത്തിലൂടെ ഇമ്രാൻ ഖാനെ പിരിച്ചുവിട്ടത്. അന്ന് മുതൽ നിരവധി കേസുകളിൽ മുൻ പ്രധാനമന്ത്രി ഉൾപ്പെട്ടിട്ടുണ്ട്. 200-ലധികം കേസുകൾ നേരിടുന്ന ഇമ്രാൻ ഖാൻ കഴിഞ്ഞ വർഷം മുതൽ റാവൽപിണ്ടിയിലെ അദിയാല ജയിലില്‍ തടവിലാണ്. ഒക്ടോബറിൽ പുറത്തിറങ്ങുന്നതിന് മുമ്പ് ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്‌റ ബീബിയും ഈ വർഷം ഒമ്പത് മാസം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
advertisement
പിന്നാലെ അദ്ദേഹത്തിന്റെ അനുയായികൾ ദേശീയ തലസ്ഥാനത്ത് പ്രവേശിക്കാനും നിരവധി പ്രധാന സർക്കാർ കെട്ടിടങ്ങൾക്ക് സമീപം സ്ഥിതി ചെയ്യുന്ന ഡി-ചൗക്കിൽ കുത്തിയിരിപ്പ് സമരം നടത്താനും ശ്രമിച്ചു. തുടർന്ന് നീക്കം തടയാനുള്ള പോലീസിന്റെ ശ്രമം സംഘർഷഭരിതമായി. ഇസ്ലാമാബാദിൽ നടന്ന പ്രതിഷേധത്തിന് ശേഷം മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും, ഭാര്യ ബുഷ്‌റ ബീബിക്കും, നൂറുകണക്കിന് പിടിഐ പാർട്ടി പ്രവർത്തകർക്കുമെതിരെ ‘ഭീകരവാദ’വുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ഉൾപ്പെടെയുള്ള കുറ്റങ്ങൾ പാകിസ്ഥാൻ സർക്കാർ ചുമത്തി.
ഭീകരവാദം, രാജ്യത്തെ പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്ന നിയമത്തിൻ്റെ ലംഘനം, പോലീസിന് നേരെയുള്ള ആക്രമണം, തട്ടിക്കൊണ്ടുപോകൽ, സർക്കാർ കാര്യങ്ങളിൽ ഇടപെടൽ, നാലിൽ കൂടുതൽ ആളുകൾ ഒത്തുകൂടുന്നത് വിലക്കുന്ന സെക്ഷൻ 144ൻ്റെ ലംഘനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സർക്കാരിനെതിരെ പ്രതിഷേധിക്കാനുള്ള തങ്ങളുടെ നേതാവിൻ്റെ ആഹ്വാനത്തിന് മറുപടിയായി ഇസ്ലാമാബാദിലേക്ക് പോയ ഖാൻ്റെ പിടിഐ പാർട്ടിയിലെ ആയിരത്തോളം പ്രവർത്തകരെ അധികൃതർ ഇതിനകം തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 29, 2024 8:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഇമ്രാന്‍ ഖാന്റെ ഭാര്യയുടെ പ്രതിഷേധം ഫലം കാണുമോ? തെഹ്രീകെ-ഇ-ഇൻസാഫിന് മുന്നിൽ പാകിസ്ഥാൻ സർക്കാർ മുട്ടുമടക്കുമോ?