പൊതുസ്ഥലങ്ങളിലെ ഹിജാബ് നിരോധനം പരിഗണനയിലെന്ന് കസാഖിസ്ഥാന്‍; തീവ്രവാദം ചെറുക്കുന്നതിന്റെ ഭാഗമെന്ന് സർക്കാർ
- Published by:user_57
- news18-malayalam
Last Updated:
ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി എന്നിവയുൾപ്പെടെ സമീപ വർഷങ്ങളിൽ നിരവധി രാജ്യങ്ങളിൽ മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നതിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ഉയർന്നുവന്നിട്ടുണ്ട്
പൊതുസ്ഥലങ്ങളിൽ ഹിജാബ് നിരോധിക്കുന്നതിനെപ്പറ്റി ആലോചിച്ച് വരികയാണെന്ന് കസാഖിസ്ഥാൻ. തീവ്രവാദ പ്രവർത്തനങ്ങളെ ചെറുക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. കസാഖിസ്ഥാന്റെ സാംസ്‌കാരിക, ഇൻഫർമേഷൻ വകുപ്പ് മന്ത്രിയായ ഐഡ ബാലയേവ വെള്ളിയാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം സംബന്ധിച്ച സൂചന നൽകിയതെന്ന് ഫസ്റ്റ് പോസ്റ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
അധികൃതർ നിലവിലെ നിയമങ്ങൾ അവലോകനം ചെയ്ത് വരികയാണെന്നും അവർ പറഞ്ഞു. നിലവിൽ മതതീവ്രവാദത്തെ ചെറുക്കാൻ ആവശ്യമായ നടപടികളുടെ അഭാവത്തെപ്പറ്റിയും അവർ ചൂണ്ടിക്കാട്ടി.
പൊതുസ്ഥലങ്ങളിൽ ഹിജാബ് നിരോധനം ഏർപ്പെടുത്താൻ സർക്കാർ മുന്നോട്ട് വരുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനും അവർ മറുപടി നൽകി.
“പൊതുസ്ഥലങ്ങളിലേക്കായി അത്തരമൊരു നിർദ്ദേശം മുന്നോട്ട് വെയ്ക്കാൻ ആലോചിച്ച് വരികയാണ്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് ലോകത്തിലെ പലരാജ്യങ്ങളും ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ ആളുകൾ മുഖം മറച്ചാൽ തിരിച്ചറിയാൻ പോലുമാകില്ല,” എന്ന് മന്ത്രി പറഞ്ഞു.
advertisement
ഇക്കാര്യത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനെപ്പറ്റി സർക്കാർ ആലോചിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു. മതപണ്ഡിതർ, എൻജിഒകൾ,വിദഗ്ധർ എന്നിവരുടെ അഭിപ്രായം കൂടി ആരാഞ്ഞ ശേഷമായിരിക്കും ഇത് നടപ്പിലാക്കുകയെന്നും മന്ത്രി സൂചിപ്പിച്ചു.
2021ലെ സെൻസസ് പ്രകാരം കസാഖിസ്ഥാനിലെ ജനസംഖ്യയുടെ 65 ശതമാനവും ഇസ്ലാം വിശ്വാസികളാണ്. 20 ശതമാനം പേർ ഓർത്തഡോക്‌സ് ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ടവരുമാണ്.
ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി എന്നിവയുൾപ്പെടെ സമീപ വർഷങ്ങളിൽ നിരവധി രാജ്യങ്ങളിൽ മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നതിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ഉയർന്നുവന്നിട്ടുണ്ട്. കഴിഞ്ഞ മാസം, ഫ്രാൻസിലെ പരമോന്നത കോടതി സ്‌കൂളുകളിൽ സ്ത്രീകൾ ധരിക്കുന്ന ഇസ്‌ലാമിക വസ്ത്രമായ അബായയുടെ നിരോധനം ശരിവച്ചിരുന്നു.
advertisement
അതേസമയം ഇസ്ലാമിക വസ്ത്രധാരണം ലംഘിക്കുന്ന സ്ത്രീകളുടെ ശിക്ഷ കടുപ്പിച്ച് ഇറാൻ രംഗത്തെത്തിയത് ഈയടുത്താണ്. നിയമം ലംഘിക്കുന്നവർക്ക് പത്ത് വർഷം വരെ തടവ് ഉൾപ്പെടുത്തിയ നിയമത്തിനാണ് ഇറാൻ അംഗീകാരം നൽകിയത്. മൂന്ന് വർഷത്തെ ട്രയൽ പീരിഡും ബില്ലിൽ പരാമർശിക്കുന്നു. ഗാർഡിയൻ കൗൺസിലിന്റെ അനുമതി കൂടി ലഭിക്കുന്നതോടെ ബിൽ നിയമമാകും.
വിദേശ സർക്കാർ, മാധ്യമഗ്രൂപ്പുകൾ, ശത്രുരാജ്യങ്ങൾ എന്നിവയുടെ കൂട്ടുപിടിച്ച് സ്ത്രീകൾ ശിരോവസ്ത്രം ധരിക്കാതിരിക്കുകയോ ഉചിതമായ വസ്ത്രധാരണം പിന്തുടരുകയോ ചെയ്യാതിരുന്നാൽ അഞ്ച് മുതൽ 10 വർഷം വരെ തടവ് ലഭിക്കുമെന്നാണ് കരട് നിയമത്തിൽ പറയുന്നത്.
advertisement
കഴിഞ്ഞ സെപ്റ്റംബറിലാണ് ഇറാനിൽ ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരിൽ മതപോലീസിന്റെ കസ്റ്റഡിയിൽ വെച്ച് 22 കാരിയായ മഹ്‌സ അമിനി എന്ന യുവതി കൊല്ലപ്പെട്ടത്. തൊട്ടുപിന്നാലെ നിരവധി പ്രതിഷേധങ്ങൾക്കാണ് ലോകം സാക്ഷിയായത്. വിഷയം ആഗോളതലത്തിൽ ചർച്ചയാകുകയും ചെയ്തിരുന്നു.സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പടെ നൂറുകണക്കിന് പേരാണ് പ്രതിഷേധത്തിൽ കൊല്ലപ്പെട്ടത്. വിദേശികളാൽ പ്രേരിതമായ കലാപമാണിതെന്ന് ആരോപിച്ച് ആയിരക്കണക്കിന് പേരെ ഇറാൻ സർക്കാർ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
സ്ത്രീകൾ തലയും കഴുത്തും മൂടുന്ന ശിരോവസ്ത്രം ധരിക്കണമെന്ന നിയമം ഇറാനിൽ നിലനിൽക്കുന്നുണ്ട്. 1979 മുതൽ ഈ നിയമം പ്രാബല്യത്തിലുണ്ട്. നിയമം ലംഘിക്കുന്ന സ്ത്രീകളെയും സംഘടനകളെയും നിരീക്ഷിക്കാൻ പ്രത്യേകം പോലീസ് പട്രോളിംഗും ഈയടുത്തായി ഏർപ്പെടുത്തിയിട്ടുണ്ട്.
advertisement
നിയമം പാലിക്കാത്തതിന്റെ പേരിൽ നിരവധി ബിസിനസ് സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്. കൂടാതെ പൊതുയിടങ്ങളിൽ നിരീക്ഷണ ക്യാമറകളും സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 09, 2023 11:13 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
പൊതുസ്ഥലങ്ങളിലെ ഹിജാബ് നിരോധനം പരിഗണനയിലെന്ന് കസാഖിസ്ഥാന്‍; തീവ്രവാദം ചെറുക്കുന്നതിന്റെ ഭാഗമെന്ന് സർക്കാർ