നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • Libya| ഗദ്ദാഫിയുടെ മകനും കേണൽ ഖലീഫ ഹിപ്തറും; വംശഹത്യകളുടെ പേടി മാറാതെ ലിബിയ

  Libya| ഗദ്ദാഫിയുടെ മകനും കേണൽ ഖലീഫ ഹിപ്തറും; വംശഹത്യകളുടെ പേടി മാറാതെ ലിബിയ

  ആ ഗദ്ദാഫിയുടെ മകനാണ് അടുത്ത തെരഞ്ഞെടുപ്പിലെ പ്രസിഡന്റ് സ്ഥാനാർത്ഥിമാരിൽ ഒരാൾ

  • Share this:
  ഗദ്ദാഫി (Gaddafi) എന്ന ഏകാധിപതിയുടെ (Dictator) രാജ്യമായിരുന്നു ഏറെക്കാലം ലിബിയ(Libya).കൃത്യം പത്തുവർഷം മുൻപാണ് രക്ഷപെടാനുള്ള ശ്രമത്തിനിടെ വിമതർ പിടികൂടി വെടിവച്ചുകൊന്നത്. തെരുവിൽ കിടന്ന ഗദ്ദാഫിയുടെ ശരീരത്തിൽ തുപ്പിയും മണലെറിഞ്ഞുമാണ് ഒരു വിഭാഗം പ്രതിഷേധിച്ചത്. ആ ഗദ്ദാഫിയുടെ മകനാണ് അടുത്ത തെരഞ്ഞെടുപ്പിലെ പ്രസിഡന്റ് സ്ഥാനാർത്ഥിമാരിൽ ഒരാൾ. കൂടാതെ കൂട്ടക്കൊലകളുടെ തമ്പുരാൻ എന്നു വിളിപ്പേരുള്ള  കേണൽ ഖലീഫ ഹിഫ്തറും മൽസരിക്കുന്നുണ്ട്.

  2011 ഒക്ടോബർ 20ന് ആണ് ഗദ്ദാഫി കൊല്ലപ്പെട്ടത്. കൊന്നത് ലിബിയയിലെ ഗദ്ദാഫി വിരുദ്ധ മുന്നേറ്റത്തിലെ അണികളാണ്. പക്ഷേ, യുദ്ധം നയിച്ചത് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഉൾപ്പെടുന്ന സഖ്യശക്തികളും. പാശ്ചാത്യ ലോകത്തിന് ഗദ്ദാഫി അതിക്രൂരനായ ഭരണാധികാരി ആയിരുന്നു. കമ്യൂണിസ്റ്റെന്നും സോഷ്യലിസ്‌റ്റെന്നും തുടക്കത്തിൽ മാറിമാറി വിശേഷിപ്പിച്ച ഗദ്ദാഫിക്ക് എക്കാലത്തും സോവിയറ്റ് യൂണിയന്റെ പിന്തുണയും ഉണ്ടായിരുന്നു. എന്നാൽ ലിബിയയിലെ ജനതയിൽ നല്ലൊരു പങ്കും ഗദ്ദാഫിക്ക് എതിരായി. സായുധ ശക്തിക്കും പ്രതിഷേധത്തിനും മുന്നിൽ പിടിച്ചു നിൽക്കാനാകാതെ പലായനം ചെയ്ത ഗദ്ദാഫിയെ വളഞ്ഞിട്ടു പിടിച്ചാണ് കൊന്നത്. അനിവാര്യ മരണം എന്ന് ബരാക് ഒബാമ ആ സംഭവത്തെ വിശേഷിപ്പിച്ചത്. ഒരു ജനതയുടെ ജയം എന്ന് ബ്രിട്ടനും പറഞ്ഞു.

  സെയ്ഫ് ഗദ്ദാഫിയുടെ പൂർവകാലം

  ഗദ്ദാഫി കൊല്ലപ്പെട്ട് പത്ത് ആണ്ടിനു ശേഷം ഇപ്പോൾ മറ്റൊരു വലിയ പ്രതിസന്ധിയുടെ നടുവിലാണ് ലിബിയ. വരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മുഖ്യധാരാ പാർട്ടികൾക്കു പുറമെ രണ്ടുപേരാണ് ആളും ആരവവും ആയുധവുമായി മൽസരത്തിന് ഇറങ്ങുന്നത്. ഒന്ന് ഗദ്ദാഫിയുടെ മകൻ സെയ്ഫ് അൽ സലാം ഗദ്ദാഫി. കുടുംബത്തിന്റെ കൂട്ടക്കൊലയ്ക്കു ശേഷം ലിബിയയിൽ ശേഷിച്ച ഒരേയൊരാളാണ്. ഗദ്ദാഫി കൊല്ലപ്പെട്ടതിനു പിന്നാലെ അറസ്റ്റിലായ സെയ്ഫ് അൽ സലാമിനെ രണ്ടുതവണ വധശിക്ഷയ്ക്കു വിധിച്ചതാണ്. ആയിരങ്ങളെ കൊന്നതിന് ഉത്തരവാദിയാണ് സെയ്ഫ് എന്ന് രാജ്യാന്തര കോടതിയും വിധിച്ചു. ഒരു തവണ ജയിലിൽ വച്ചും സർക്കാർ അനുകൂലികൾ വധിക്കാൻ ശ്രമിച്ചു. എല്ലാം മറികടന്നു വധശിക്ഷവരെ റദ്ദാക്കിയാണ് സെയ്ഫ് പുറത്തുവന്നത്. അന്നു സ്വീകരിക്കാനും ആയിരങ്ങൾ ഉണ്ടായിരുന്നു തെരുവിൽ.
  Also Read-Chemical Castration | ബലാത്സംഗക്കേസ് പ്രതികളെ മരുന്നുപയോഗിച്ച് ഷണ്ഡീകരിക്കും; ബില്‍ പാസാക്കി പാകിസ്ഥാൻ

  ഇന്നും ഒരു വിഭാഗത്തിന്റെ പിന്തുണയുള്ള സെയ്ഫ് പ്രസിഡന്റ് സ്ഥാനത്തേക്കു മൽസരിക്കുന്നു എന്നതുമാത്രമല്ല ലിബിയയിലെ നാടകീയത. രണ്ടാമത്തെ ശ്രദ്ധാ കേന്ദ്രം ഖലീഫാ ഹിഫ്താറാണ്. ഗദ്ദാഫിക്ക് എതിരായ പോരാട്ടം നയിച്ച കേണലാണ്. ഇന്നും സ്വന്തമായി സായുധ സംഘത്തെ കൊണ്ടുനടക്കുന്നയാൾ. ഗദ്ദാഫി അനുകൂലികളെ കൂട്ടക്കൊല ചെയ്തതിൽ ആരോപണ വിധേയൻ. പക്ഷേ, ലിബിയയിലെ ഒരു കോടതിയും ഖലീഫയ്ക്ക് എതിരേ കേസ് എടുത്തിട്ടില്ല. ഗദ്ദാഫിക്കു ശേഷം ലിബിയ കണ്ട ഏറ്റവും ക്രൂരനായ വ്യക്തി എന്നാണ് പാശ്ചാത്യ മാധ്യമങ്ങളിലെ വിശേഷണം.

  തെരഞ്ഞെടുപ്പല്ല, സായുധയുദ്ധം

  മുൻ പ്രധാനമന്ത്രി അലി സിദാനും മൽസരിക്കുന്നതായി പ്രഖ്യാപിച്ചു കഴിഞ്ഞു. തെരഞ്ഞെടുപ്പിനായി നിയമനിർമാണം ഒക്കെ നടത്തിയിട്ടുണ്ടെങ്കിലും സമാധാനപരമായ ഒരു തെരഞ്ഞെടുപ്പ് ആരും പ്രതീക്ഷിക്കുന്നില്ല. ഗദ്ദാഫി അനുകൂലികളും കേണൽ അനുകൂലികളും പ്രധാനമന്ത്രി അനുകൂലികളും തമ്മിൽ നടക്കാൻ പോകുന്നത് സായുധപ്പോരാണ് എന്നാണ് വിലയിരുത്തൽ. മൂന്നുപേരേയും പിന്തുണയ്ക്കുന്നവർ ഇപ്പോൾ തന്നെ ആയുധങ്ങളുമായി ലിബിയയിൽ ഇറങ്ങിക്കഴിഞ്ഞു. ഇരു സംഘങ്ങളും പരസ്പരം വെടിവച്ചിടുന്നുണ്ട് ലിബിയയിൽ.

  കൂടാതെ രണ്ടുകൂട്ടരേയും ഔദ്യോഗിക പട്ടാളവും നേരിടുന്നു. തെരഞ്ഞെടുപ്പല്ല, സായുധ യുദ്ധം തന്നെയാണ് നടക്കുന്നത്; ലോകത്ത് മറ്റൊരിടത്തും ഇല്ലാത്തവിധം.  മൽസരിക്കുന്നവർ അക്രമികളാണ് എന്നു പറയാനുള്ള ചങ്കൂറ്റം വളരെക്കുറിച്ചു പേർക്കേയുള്ളൂ ഇപ്പോൾ ലിബിയയിൽ. എട്ടും പത്തും പേർ മാത്രമുള്ള ആ മനുഷ്യാവകാശ പ്രവർത്തകരുടെ സംഘം ബോധവൽക്കരണവുമായി തെരുവുകളിലുണ്ട്. പക്ഷേ, ആരു ജയിച്ചാലും ഈ പ്രതിഷേധക്കാരുടെ ഭാവി അനിശ്ചിതത്വത്തിലാണെന്നാണ് ആഗോള മാധ്യമങ്ങളുടെ വിലയിരുത്തൽ.
  Published by:Naseeba TC
  First published: