Exclusive | 'പാകിസ്ഥാനും താലിബാനും തമ്മിൽ അടുത്ത ബന്ധം, ഇന്ത്യ പ്രധാന്യത്തോടെ കാണണം': അഫ്ഗാനിസ്ഥാൻ ആക്ടിംഗ് പ്രസിഡന്റ്
- Published by:Sarika KP
- news18-malayalam
Last Updated:
ഒരു അഞ്ജാത സ്ഥലത്തു നിന്ന് ന്യൂസ് 18-നു നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
പാകിസ്ഥാനും താലിബാനും തമ്മിലുള്ള ബന്ധത്തെ ഇന്ത്യ ഒരിക്കലും കുറച്ചു കാണരുതെന്ന് അഫ്ഗാനിസ്ഥാന്റെ ആക്ടിംഗ് പ്രസിഡന്റ് അംറുല്ല സാലിഹ്. ഒരു അഞ്ജാത സ്ഥലത്തു നിന്ന് ന്യൂസ് 18-നു നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഏകദേശം രണ്ട് വർഷങ്ങൾക്കു ശേഷമാണ് ഒരു മാധ്യമത്തിന് അദ്ദേഹം അഭിമുഖം നൽകുന്നത്.
”2021-നു ശേഷം പാകിസ്ഥാന്റെ ഇന്റർ-സർവീസസ് ഇന്റലിജൻസും (ഐഎസ്‌ഐ) താലിബാനും തമ്മിൽ ഉണ്ടായ ബന്ധത്തെ കുറച്ചുകാണരുത്. ചില ഇന്ത്യൻ അനലിസ്റ്റുകൾ ഇത് വേണ്ടത്ര പ്രാധാന്യത്തോടെ കാണുന്നില്ല. താലിബാൻ നേതൃത്വത്തെ ശക്തമായി സ്വാധീനിക്കുന്നവരാണ് അവർ”, സാലിഹ് പറഞ്ഞു.
”പാകിസ്ഥാൻ താലിബാൻ ഭരണകൂടത്തെ പിന്തുണയ്ക്കുന്നത് നിർത്തിയാൽ അവർ തകരും. മുല്ല യാക്കൂബിനെപ്പോലുള്ള ചില താലിബാൻ നേതാക്കളാൽ ഇവർ സ്വാധീനിക്കപ്പെടുന്നണ്ട്. മറ്റൊരു ഭീകരാക്രമണം ഉണ്ടാകുമ്പോൾ നിങ്ങളുടെ ചിന്താഗതികൾ എല്ലാം മാറും. ഇങ്ങനെ പറയുന്നത് ശരിയല്ല എന്നെനിക്ക് അറിയാം, പക്ഷേ അവർ അതിനാണ് ശ്രമിക്കുന്നത്”, അംറുല്ല സാലിഹ് കൂട്ടിച്ചേർത്തു.
advertisement
അമേരിക്കയും നാറ്റോ സഖ്യകക്ഷികളും അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവാങ്ങിയതിനു ശേഷം, 2021 ആഗസ്റ്റ് 15-നാണ് താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്തത്. ഇതേത്തുടർന്ന് പ്രസിഡന്റ് അഷ്റഫ് ഗനി പലായനം ചെയ്തിരുന്നു. അംറുല്ല സാലിഹ് സ്വയം രാജ്യത്തിന്റെ ആക്ടിംഗ് പ്രസിഡന്റായി പ്രഖ്യാപിച്ചു. താലിബാനെതിരെയുള്ള പോരാട്ടത്തിന് അദ്ദേഹം നേതൃത്വം നൽകുന്നുമുണ്ട്. താലിബാന്‍ രാജ്യം ഏറ്റെടുക്കുന്നതുവരെ ധീരമായി മുന്നില്‍ നിന്നയാളാണ് അദ്ദേഹം.
advertisement
പാക്കിസ്ഥാൻ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാര്യവും സാലിഹ് ചൂണ്ടിക്കാട്ടി. ”ഇതെല്ലാം മുതലെടുത്താണ് താലിബാൻ അവരിൽ കൂടുതൽ സ്വാധീനം ചെലുത്താൻ ശ്രമിക്കുന്നത്. ഈ മുഖംമൂടി അഴിഞ്ഞുവീഴും. അഫ്ഗാനിസ്ഥാനിൽ അംഗീകാരപ്പെട്ട സംഘടനയാണ് പാക്കിസ്ഥാന്റെ ഇന്റർ-സർവീസസ് ഇന്റലിജൻസ് (ഐഎസ്‌ഐ). ഐഎസ്ഐയുടെ ഏകദേശം 300 ഓഫീസർമാർ ഇവിടെയുണ്ട്. ഡോക്‌ടർമാർ, എൻജിഒകൾ, ബിസിനസുകാർ എന്നിവരുടെ വേഷമണിഞ്ഞാണ് ഇവർ രാജ്യത്ത് പ്രവർത്തിക്കുന്നത്. ഇന്റർസെപ്ഷൻ പ്രവർത്തനങ്ങളിൽ (interception operations) ഐഎസ്ഐ ഉദ്യോഗസ്ഥരും എൻജിനീയർമാരും നേരിട്ട് പങ്കാളികളാണ്. പാകിസ്ഥാൻ സ്പെഷ്യൽ സർവീസ് ഗ്രൂപ്പ് (എസ്എസ്ജി) ഉദ്യോഗസ്ഥർ താലിബാൻ സ്ട്രൈക്ക് യൂണിറ്റുകൾക്ക് പരിശീലനം നൽകുന്നുണ്ട്. താലിബാന് പാകിസ്ഥാൻ ഉപദേശകരുടെ നിർദേശവും ലഭിക്കുന്നുണ്ട്”, അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
പാകിസ്ഥാനെതിരെ താലിബാൻ ഫത്‌വ പുറപ്പെടുവിച്ചതിനെക്കുറിച്ചും അംറുല്ല സാലിഹ് സംസാരിച്ചു. ഇത് യഥാർത്ഥത്തിൽ ഇരുവരും കൂടിയാലോചിച്ച് എടുത്ത തീരുമാനമാണെന്നും അദ്ദേഹം ആരോപിച്ചു. ”ഈ ഫത്‌വക്കു പിന്നിൽ മുഫ്തി റൗഫായിരുന്നു. 30 വർഷത്തോളം ഇയാൾ പാക്കിസ്ഥാനിൽ താമസിച്ചിട്ടുണ്ട്. പാകിസ്ഥാനിലെ രാഷ്ട്രീയപ്രവർത്തകനായ ഫസൽ-ഉർ-റഹ്മാന്റെ അടുത്ത അനുയായിയായിരുന്ന റൗഫ് നിലവിൽ താലിബാൻ സുപ്രീം കോടതിയിലെ ഫത്‌വ വിഭാഗം മേധാവിയാണ്. റഹ്മാന്റ ഒരു ഫോൺ കോളിനും ഒരു ഐഎസ്‌ഐ ഉദ്യോഗസ്ഥന്റെ സന്ദർശനത്തിനും ശേഷമാണ് മുഫ്തി റൗഫ് ഫത്‌വ പുറപ്പെടുവിച്ചത്”, അദ്ദേഹം പറഞ്ഞു.
advertisement
”ടിടിപി (തെഹ്‌രിക്-ഇ-താലിബാൻ പാകിസ്ഥാൻ) യുമായി ബന്ധപ്പെട്ട് താലിബാൻ പാകിസ്ഥാനെ യാതൊരു വിധത്തിലും സഹായിക്കുന്നില്ലെന്ന് അവർ പൊതുവേ ഒരു ധാരണ സൃഷ്ടിച്ചിട്ടുണ്ട്. വാസ്തവത്തിൽ, താലിബാനും പാകിസ്ഥാനും പരസ്പരം വളരെ ആഴത്തിൽ സ്വാധീനം ചെലുത്തുന്നവരാണ്”, അംറുല്ല സാലിഹ് കൂട്ടിച്ചേർത്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
October 13, 2023 10:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
Exclusive | 'പാകിസ്ഥാനും താലിബാനും തമ്മിൽ അടുത്ത ബന്ധം, ഇന്ത്യ പ്രധാന്യത്തോടെ കാണണം': അഫ്ഗാനിസ്ഥാൻ ആക്ടിംഗ് പ്രസിഡന്റ്