ഗംഗ തലാവോ; മൗറീഷ്യസിൽ പ്രധാനമന്ത്രി മോദി സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടന കേന്ദ്രത്തിന്റെ സവിശേഷതകള്‍
- Published by:Sarika N
- news18-malayalam
Last Updated:
മൗറീഷ്യസിലെ ഏറ്റവും പ്രധാനപ്പെട്ട ഹിന്ദു തീര്‍ത്ഥാടന കേന്ദ്രമാണ് ഗംഗാ തലാവോ
ദിദ്വിന സന്ദര്‍ശനത്തിന്റെ ഭാഗമായി മൗറീഷ്യസിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ ഗംഗാ തലാവോ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. മൗറീഷ്യസിലെ ഏറ്റവും പ്രധാനപ്പെട്ട ഹിന്ദു തീര്‍ത്ഥാടന കേന്ദ്രമാണ് ഗംഗാ തലാവോ. ആത്മീയതയുടെയും സാംസ്‌കാരിക പൈതൃകത്തിന്റെയും പ്രതീകമായി മാറിയ പുണ്യകേന്ദ്രം കൂടിയാണിത്.
രാജ്യത്തിന്റെ ഹൃദയഭാഗത്തുള്ള ഒരു ഒറ്റപ്പെട്ട പര്‍വതപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഗംഗാ തലാവോ ഗ്രാന്‍ഡ് ബേസിന്‍ എന്നും അറിയപ്പെടുന്നു. ഇന്ത്യയുടെ പുണ്യനദിയായ ഗംഗയുടെ പ്രതീകമായി ഈ കേന്ദ്രം മാറി. ശിവന്‍, ഗണപതി, ഹനുമാന്‍ എന്നിവരുടെ ക്ഷേത്രങ്ങളാല്‍ ചുറ്റപ്പെട്ട ഈ പ്രദേശം ഹിന്ദു വിശ്വാസത്തിന്റെ ആത്മീയ പൈതൃകത്തെ പ്രതിനിധീകരിക്കുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഹിന്ദുഭക്തര്‍ക്ക് മതപരവും സാംസ്‌കാരികവുമായ വിനോദസഞ്ചാര കേന്ദ്രമായി ഈ പ്രദേശത്തെ മാറ്റുന്നതിനായി ഇന്ത്യന്‍ സര്‍ക്കാരിന്റെ സഹായത്തോടെ ഈ പ്രദേശം പുനര്‍വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. 2024ല്‍ ഇന്ത്യന്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മു മൗറീഷ്യസ് സന്ദര്‍ശിച്ചപ്പോഴാണ് ഈ പദ്ധതിയ്ക്ക് തുടക്കമിട്ടത്.
advertisement
ഗംഗാ തലാവോവിന്റെ പ്രാധാന്യം
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി പുണ്യതടാകമായ ഗംഗാ തലാവോ സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രയാഗ് രാജില്‍ നടന്ന മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കായി അദ്ദേഹം ഗംഗാ നദിയിലെ പുണ്യജലം അര്‍പ്പിക്കുകയും ചെയ്യും.
മൗറീഷ്യസിലെ ഏറ്റവും പ്രധാനപ്പെട്ട ഹിന്ദു തീര്‍ത്ഥാടന കേന്ദ്രമാണ് ഗംഗാ തലാവോ. ഇന്ത്യയിലെ പുണ്യനദിയായ ഗംഗാ നദിയെ ഓര്‍മിപ്പിക്കുന്ന ശാന്തമായ തടാകമാണിത്. 1972ല്‍ ഗംഗയില്‍ നിന്ന് കൊണ്ടുവന്ന ജലം ഈ തടാകത്തില്‍ കലര്‍ത്തി ഈ തടാകത്തിന്റെ ആത്മീയ പ്രാധാന്യം ഉറപ്പിച്ചു. ഗംഗാ തലാവോയുടെ ഒരു ശ്രദ്ധേയമായ സവിശേഷത 33 മീറ്റര്‍ ഉയരമുള്ള മംഗള്‍ മഹാദേവ് പ്രതിമയാണ്. മൗറീഷ്യസിലെ തന്നെ ഏറ്റവും ഉയരം കൂടിയ ശിവ പ്രതിമയാണിത്. 2007-ല്‍ നിര്‍മ്മിച്ച ഈ പ്രതിമ ഗുജറാത്തിലെ വഡോദരയിലെ സുര്‍സാഗര്‍ തടാകത്തിനടുത്തുള്ള ശിവപ്രതിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. 2017 -ല്‍ 33 മീറ്റര്‍ ഉയരമുള്ള ദേവി മാ ദുര്‍ഗ്ഗയുടെ പ്രതിമയും ഇവിടെ അനാച്ഛാദനം ചെയ്തു. പ്രശസ്ത ഇന്ത്യന്‍ ശില്പിയായ മാതു റാം വര്‍മ്മയാണ് ഈ പ്രതിമകള്‍ രൂപകല്‍പ്പന ചെയ്തത്. മഹാശിവരാത്രി സമയത്ത് ഏകദേശം 400,000 തീര്‍ത്ഥാടകര്‍ തടാകത്തിലെ പുണ്യജലം ശേഖരിക്കാനെത്തുന്നു. ഈ പുണ്യജലം തങ്ങളുടെ വീടുകളിലോ അടുത്തുള്ള പ്രദേശങ്ങളിലോ ഉള്ള ശിവലിംഗത്തിന് അര്‍പ്പിക്കുന്നു. മൗറീഷ്യസിലെ ഏറ്റവും വലിയ മതപരമായ ഒത്തുച്ചേരല്‍ കൂടിയാണിത്.
advertisement
മോദിയുടെ മൗറീഷ്യസ് സന്ദര്‍ശനം
ദ്വിദിന സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മൗറീഷ്യസിലെത്തിയത്. എയര്‍പോര്‍ട്ടില്‍ ഊഷ്മളമായ സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്. 2015ലാണ് ഏറ്റവുമൊടുവിലായി അദ്ദേഹം മൗറീഷ്യസ് സന്ദര്‍ശിച്ചത്. മൗറീഷ്യസ് പ്രധാനമന്ത്രി നവീന്‍ചന്ദ്ര രാംഗൂലം മോദിയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.
കൂടാതെ മൗറീഷ്യസിന്റെ പരമോന്നത ബഹുമതിയും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് സമ്മാനിക്കും. മൗറീഷ്യസ് പ്രധാനമന്ത്രി നവീന്‍ചന്ദ്ര രാംഗൂലമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ദി ഗ്രാന്‍ഡ് കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി സ്റ്റാര്‍ ആന്‍ഡ് കീ ഓഫ് ദി ഇന്ത്യന്‍ ഓഷ്യന്‍ ബഹുമതിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ലഭിക്കുന്നത്. ഈ ബഹുമതി നേടുന്ന ആദ്യ ഇന്ത്യാക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.
advertisement
സന്ദര്‍ശനത്തിനിടെ മൗറീഷ്യസിലെ ഇന്ത്യന്‍വംശജരേയും മോദി അഭിസംബോധന ചെയ്തു. ഇന്ത്യയുടെ SAGAR ദൗത്യത്തിന്റെ കേന്ദ്രബിന്ദുവായി മൗറീഷ്യസ് തുടരുന്നുവെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളെ ശക്തിപ്പെടുത്തുമെന്നും മോദി പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
March 12, 2025 11:55 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഗംഗ തലാവോ; മൗറീഷ്യസിൽ പ്രധാനമന്ത്രി മോദി സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടന കേന്ദ്രത്തിന്റെ സവിശേഷതകള്‍