ഓസ്‌ട്രേലിയ കൗമാരക്കാര്‍ക്ക് സോഷ്യല്‍ മീഡിയ വിലക്ക് ഏര്‍പ്പെടുത്തുമോ?
- Published by:meera_57
- news18-malayalam
Last Updated:
ഓസ്‌ട്രേലിയയിലെ ഏകദേശം 97 ശതമാനം കൗമാരക്കാരും ശരാശരി നാല് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് സര്‍വെകള്‍ വ്യക്തമാക്കുന്നു
കുട്ടികള്‍ക്കിടയില്‍ മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍ തുടങ്ങിയവയുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതിന് പല രാജ്യങ്ങളും മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കൗമാരക്കാര്‍ക്കിടയിലും മുതിര്‍ന്നവരിലും സ്‌ക്രീന്‍ ടൈം വര്‍ധിക്കാൻ സോഷ്യല്‍ മീഡിയയുടെ ഉപയോഗം ഒരു പ്രധാന കാരണമാണ്. ഒരു ദിവസം നിശ്ചിത സമയത്തിനപ്പുറം സ്‌ക്രീന്‍ ടൈം വര്‍ധിക്കുന്നത് കണ്ണുകളുടെ ആരോഗ്യം മുതല്‍ മാനസിക ആരോഗ്യത്തെ വരെ ബാധിക്കുമെന്ന് വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ഇപ്പോഴിതാ ഓസ്‌ട്രേലിയൻ സർക്കാർ കൗമാരക്കാര്‍ക്ക് സോഷ്യല്‍ മീഡിയ വിലക്കേര്‍പ്പെടുത്താന്‍ പോകുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സോഷ്യല്‍ മീഡിയ വഴിയുള്ള ഭീഷണിപ്പെടുത്തല്‍, ഇരയാക്കല്‍, ശാരീരികവും മാനസികവുമായ ആരോഗ്യം എന്നിവ പരിഗണിച്ചാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ കൗമാരക്കാര്‍ക്ക് സോഷ്യല്‍ മീഡിയ വിലക്ക് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നത്.
കുടിയേറ്റക്കാര്‍, എല്‍ജിബിടിക്യുഐഎ പ്ലസ്, മറ്റ് ന്യൂനപക്ഷ പശ്ചാത്തലമുള്ള കൗമാരക്കാര്‍ എന്നിവർക്ക് സര്‍ക്കാരിന്റെ ഈ നീക്ക വളരെ അത്യാവശ്യമായ സാമൂഹിക പിന്തുണ നഷ്ടപ്പെടുത്തിയേക്കാമെന്ന ആശങ്ക ഉയര്‍ത്തുന്നുണ്ട്.
ഓസ്‌ട്രേലിയയിലെ ഏകദേശം 97 ശതമാനം കൗമാരക്കാരും ശരാശരി നാല് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് സര്‍വെകള്‍ വ്യക്തമാക്കുന്നു.
advertisement
യൂത്ത് സര്‍വീസ് റീച്ച്ഔട്ടിന്റെ 2024ലെ സര്‍വെ പ്രകാരം ഓസ്‌ട്രേലിയന്‍ കൗമാരക്കാരുടെ ഏകദേശം മൂന്നില്‍ രണ്ട് മാതാപിതാക്കളും തങ്ങളുടെ മക്കളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തെക്കുറിച്ച് ആശങ്കപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
സോഷ്യല്‍ മീഡിയ നിരോധനം സംബന്ധിച്ച് നിയമനിര്‍മാണം ഇതുവരെ നടത്തിയിട്ടില്ല. നിലവില്‍ ഇത് സംബന്ധിച്ച് വിശദാശംങ്ങളും ലഭ്യമല്ല. പ്രധാനമായും നിരോധനം ഏര്‍പ്പെടുത്താനുള്ള പ്രായപരിധി പരിശോധിക്കലാണ് സര്‍ക്കാര്‍ ആദ്യം ചെയ്യുന്നത്. ഏതൊക്കെ പ്രായത്തിനുള്ളവരെയും പ്ലാറ്റ്‌ഫോമുകളെയും ഇത് ബാധിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
എങ്കിലും കൗമാരക്കാര്‍ക്ക് സാമൂഹികമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് അവരുടെ സാമൂഹിക ബന്ധങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. നിരോധനം ഏര്‍പ്പെടുത്തുന്നതിന് പകരം സുരക്ഷിതമായ ഇടപെടലുകള്‍ സാധ്യമാക്കുന്നതിന് മികച്ച രീതിയിലുള്ള സാങ്കേതിക ഇടപെടലാണ് അവര്‍ ആവശ്യപ്പെടുന്നത്. അതേസമയം, സോഷ്യല്‍ മീഡിയ നിരോധനം വിപരീതഫലമാണ് സൃഷ്ടിക്കുകയെന്ന് സിഡ്‌നിയിലെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ഡിജിറ്റല്‍ മീഡിയ അസോസിയേറ്റ് പ്രൊഫസര്‍ അമേലിയ ജോണ്‍സ് പറഞ്ഞു. കോവിഡ് ലോക്ഡൗണ്‍ സമയത്ത് കുടിയേറ്റ കൗമാരക്കാര്‍ക്കിടയിലെ സോഷ്യല്‍ മീഡിയ ഉപയോഗം സംബന്ധിച്ച് അമേലിയയുടെ നേതൃത്വത്തില്‍ പഠനം നടത്തിയിരുന്നു. ''എല്ലാവരും സോഷ്യല്‍ മീഡിയയിലാണ് ജീവിക്കുന്നത്. ഭൂരിഭാഗം പേര്‍ക്കും ഇത് ഒഴിവാക്കാന്‍ കഴിയുന്ന കാര്യമല്ല. സോഷ്യല്‍ മീഡിയ പൂര്‍ണമായും നിരോധിക്കുമ്പോള്‍ അവരില്‍ അത് കടുത്ത മാനസികാരോഗ്യ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും,'' അവര്‍ ചൂണ്ടിക്കാട്ടി.
advertisement
ലോകത്ത് ഒരു രാജ്യവും പ്രായത്തിന്റെ അടിസ്ഥാനത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല. ബ്രിട്ടനും ഫ്രാന്‍സും വയസ്സ് സ്ഥിരീകരിക്കുന്ന സംവിധാനം പരീക്ഷിച്ചുവെങ്കിലും നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല. ചില യുഎസ് സംസ്ഥാനങ്ങളില്‍ നിയന്ത്രിത ഉള്ളടക്കം ലഭ്യമാകുന്നതിന് പ്രായ പരിശോധന ആവശ്യപ്പെടുന്നുണ്ട്.
ഈ വര്‍ഷം അവസാനത്തോടെ നിയമനിര്‍മാണം നടത്താനാണ് ഓസ്‌ട്രേലിയ പദ്ധതിയിടുന്നത്. കുറഞ്ഞ പ്രായപരിധി ഇതുവരെ നിര്‍ദേശിച്ചിട്ടില്ലെങ്കിലും 14 മുതല്‍ 16 വയസ്സ് വരെ പ്രായമുള്ളവരെ ഉള്‍പ്പെടുത്താനാണ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്നത്.
സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയാല്‍ അത് തന്നെ കൂടുതല്‍ ഒറ്റപ്പെടുത്തുമെന്ന് സിഡ്‌നിയില്‍ നിന്നുള്ള ഓട്ടിസം ബാധിച്ച 14കാരന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ''ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നിലവില്‍ എനിക്ക് ഉണ്ട്. സോഷ്യല്‍ മീഡിയ നിരോധനം ഏര്‍പ്പെടുത്തുക കൂടി ചെയ്താല്‍ നിലവിലെ സാഹചര്യം കൂടുതല്‍ മോശമാകുകയും അത് എന്റെ ജീവിതത്തെ ദീര്‍ഘകാലത്തേക്ക് ബാധിക്കുകയും ചെയ്യും,'' 14കാരന്‍ പറഞ്ഞു.
advertisement
ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസാണ് കൗമാരക്കാര്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കണമെന്ന് ഏറ്റവും കൂടുതല്‍ വാദിക്കുന്നയാള്‍. അതേസമയം, ഈ തീരുമാനത്തോട് പ്രതികരിക്കാന്‍ ഫെയ്‌സ്ബുക്കിന്റെ വാട്ട്‌സ്ആപ്പിന്റെയും ഉടമസ്ഥരായ മെറ്റ വിസമ്മതിച്ചു. ഹാനികരമായ ഉള്ളടക്കത്തില്‍ നിന്നും ഇടപെടലുകളില്‍ നിന്നും യുവാക്കളെ സംരക്ഷിക്കുന്നതിന് പിന്തുണയ്ക്കുന്നുവെന്നും എന്നാല്‍ പ്രായപരിധി തടയേണ്ടത് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളുടെ ഉത്തരവാദിത്വമാണെന്നും അവര്‍ പറഞ്ഞു.
18 വയസ്സിന് താഴെയുള്ള ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്കായി ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ കമ്പനി ചില ക്രമീകരണങ്ങള്‍ നടത്തിയിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 17, 2024 10:07 AM IST