ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം എന്നിവ മൂലം മഞ്ഞുരുകിയാല്‍ മനുഷ്യര്‍ക്ക് ഭീഷണിയാകുന്ന വൈറസുകള്‍ ഭൂമിയിലേക്ക് തിരികെ വരുമെന്ന് കണ്ടെത്തല്‍. ഏകദേശം രണ്ട് ഡസനോളം വൈറസുകളെയാണ് ഗവേഷകര്‍ ഇത്തരത്തില്‍ പുനരുജ്ജീവിപ്പിച്ചിരിക്കുന്നത്. ഇതിലൊന്ന് തണുത്ത് മരവിച്ച് തടാകത്തിനടിയിലായിരുന്നു ഉണ്ടായിരുന്നത്. ഇതിന് 48,500 വര്‍ഷം പഴക്കമുണ്ട്.
റഷ്യയിലെ സൈബീരിയന്‍ മേഖലയിലെ മഞ്ഞുപാളികള്‍ക്കിടയില്‍ നിന്നാണ് യൂറോപ്യന്‍ ഗവേഷകര്‍ 13 വൈറസുകളുടെ സാമ്പിളുകള്‍ ശേഖരിച്ചത്. സോംബി വൈറസുകള്‍ എന്നാണ് ഇവയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. ഇതില്‍ പണ്ടോറവൈറസ് യെഡോമ എന്നറിയപ്പെടുന്ന വൈറസിന് 48,500 വര്‍ഷം പഴക്കമുണ്ട്. റഷ്യയിലെ യാകുട്ടിയയിലെ യുകേച്ചി അലാസിലെ തടാകത്തിന്റെ അടിത്തട്ടിലാണ് പണ്ടോറവൈറസ് കണ്ടെത്തിയത്. മറ്റ് ചിലത് മാമത്തിന്റെ രോമത്തിലും സൈബീരിയന്‍ ചെന്നായയുടെ കുടലിലുമാണ് കണ്ടെത്തിയത്.
മീഥെയ്ന്‍ പോലുള്ള ഹരിതഗൃഹ വാതകങ്ങള്‍ അന്തരീക്ഷ താപനില വര്‍ധിപ്പിക്കുന്നത് മഞ്ഞ് ഉരുകുന്നതിനും രോഗാണുക്കള്‍ പുറത്തുവരുന്നതിനും കാരണമാകും. എന്നാല്‍ തങ്ങള്‍ പഠനം നടത്തിയ വൈറസുകള്‍ സ്വാഭാവികമായി പുനരുജ്ജീവിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് റഷ്യ, ജര്‍മ്മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷണ സംഘം വ്യക്തമാക്കി. അതേസമയം, മൃഗങ്ങളെയും മനുഷ്യരെയും ബാധിക്കാന്‍ സാധ്യതയുള്ള വൈറസുകളെ പുനരുജ്ജീവിപ്പിച്ചാല്‍ മാരകമായ രോഗങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നും സംഘം പറഞ്ഞു.
2013ലും 30,000 വര്‍ഷം പഴക്കമുള്ള വൈറസ് ഗവേഷണ സംഘം കണ്ടെത്തിയിരുന്നു. വടക്കു കിഴക്കന്‍ സൈബീരയയില്‍ നിന്നായിരുന്നു വൈറസ് കണ്ടെത്തിയത്. മോളിവൈറസ് സൈബെറിക്കം എന്നാണ് വൈറസിന്റെ പേര്. 2003 മുതല്‍ ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ള വൈറസുകളുടെ നാലാമത്തെ തരമായിരുന്നു ഈ വൈറസ്. ‘giant viruses’ എന്നാണ് അവയെ ഗവേഷകര്‍ വിളിച്ചിരുന്നത്. എന്തെന്നാല്‍, ഇവയെ ഒപ്റ്റിക്കല്‍ മൈക്രോസ്കോപ്പില്‍ ദൃശ്യമായിരുന്നു. ഇതിനു മുമ്പും പിത്തോവൈറസ് സൈബെറിക്കം എന്ന മറ്റൊരു വൈറസും ഗവേഷണ സംഘം കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ദിവസംമങ്കിപോക്സ് ഇനി എംപോക്സ് എന്ന് അറിയപ്പെടുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. അസുഖത്തിന്റെ പേര് വംശീയാധിക്ഷേപം ഉണ്ടാക്കുന്നുവെന്നും തെറ്റിദ്ധാരണയ്ക്കുള്ള സാധ്യതയുണ്ടെന്നും വാദങ്ങള്‍ ഉയര്‍ന്നതോടെയാണ് ലോകാരോഗ്യ സംഘടന പേര് മാറ്റാന്‍ തീരുമാനിച്ചത്. അടുത്ത വര്‍ഷം കൂടി മങ്കിപോക്സ്, എംപോക്സ് എന്നീ രണ്ട് പേരുകളും ഉപയോഗിക്കാമെന്നും പിന്നീട് എംപോക്സ് എന്ന പേര് മാത്രമാണ് ഉപയോഗിക്കേണ്ടതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.
നിരവധി വ്യക്തികളും സംഘടനകളും മങ്കിപോക്സിന്റെ പേരുമാറ്റാന്‍ ആവശ്യപ്പെട്ടിരുന്നതായും സംഘടന പറഞ്ഞിരുന്നു. ഓഗസ്റ്റില്‍ കുരങ്ങുപനി പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയതോടെ, യുഎന്‍ ഏജന്‍സി രോഗത്തെ ഒരു ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ തന്നെ രോഗത്തിന്റെ പേര് മാറ്റുന്നതിനെ കുറിച്ച് ലോകാരോഗ്യ സംഘടന വിദഗ്ധരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം അല്ലെങ്കില്‍ SARS, കോവിഡ് 19 എന്നിവയുള്‍പ്പെടെ നിരവധി പുതിയ രോഗങ്ങള്‍ ഉയര്‍ന്നുവന്നതിന് തൊട്ടുപിന്നാലെ ലോകാരോഗ്യ സംഘടന രോഗങ്ങള്‍ക്ക് പേരുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും, ഒരു രോഗത്തിന് ആദ്യം നല്കിയ പേര് പതിറ്റാണ്ടുകള്‍ക്ക് ശേഷം മാറ്റുന്നത് ഇതാദ്യമായാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.