കോവിഡ് നയത്തിനെതിരെ ചൈനയിൽ നടക്കുന്ന പ്രക്ഷോഭം റിപ്പോർട്ട് ചെയ്ത BBC മാധ്യമപ്രവർത്തകന് ക്രൂരമർദനം
- Published by:user_57
- news18-malayalam
Last Updated:
രാത്രി പ്രതിഷേധ സ്ഥലത്ത് വെച്ച് പൊലീസ് അദ്ദേഹത്തെ ക്രൂരമായി മർദ്ദിച്ചെന്നും മതിയായ ചികിത്സ പോലും നൽകിയില്ലെന്നും ബിബിസി ദൃശ്യങ്ങൾ സഹിതം വാർത്ത പുറത്തുവിട്ടു
ലോകത്തെ പ്രമുഖ വാർത്താ ചാനലായ ബിബിസിയുടെ റിപ്പോർട്ടർ എഡ്വേർഡ് ലോറൻസിനെ ചൈനയിലെ ഷാങ്ഹായിൽ (Shanghai) വച്ച് ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. രാത്രി പ്രതിഷേധ സ്ഥലത്ത് വെച്ച് പൊലീസ് അദ്ദേഹത്തെ ക്രൂരമായി മർദ്ദിച്ചെന്നും മതിയായ ചികിത്സ പോലും നൽകിയില്ലെന്നും ബിബിസി ദൃശ്യങ്ങൾ സഹിതം വാർത്ത പുറത്തുവിട്ടു. മൊബൈൽ ഫോണിൽ പകർത്തിയ അറസ്റ്റിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ചൈനീസ് ഭരണകൂടം ഏർപ്പെടുത്തിയിട്ടുള്ള കടുത്ത കോവിഡ് നിയന്ത്രണത്തിനെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭം റിപ്പോർട്ട് ചെയ്യവേയാണ് ബിബിസി മാധ്യമപ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്‌ത് മർദിക്കുകയും മണിക്കൂറുകളോളം തടഞ്ഞുവക്കുകയും ചെയ്‌തത്. എന്നാൽ ചൈനീസ് അധികൃതരിൽ നിന്ന് ഔദ്യോഗിക വിശദീകരണമോ ക്ഷമാപണമോ ലഭിച്ചിട്ടില്ലെന്നും ബിബിസി അറിയിച്ചു.
വാർത്തയ്ക്ക് പിന്നാലെ മാധ്യമ പ്രവർത്തകനെ പൊലീസ് വിട്ടയച്ചു. ചൈനയിൽ കമ്മ്യൂണിസ്റ്റ് സർക്കാർ നടപ്പാക്കുന്ന സീറോ-കോവിഡ് നയത്തോടുള്ള ജനകീയ പ്രക്ഷോഭം രാജ്യത്ത് ശക്തമാകുകയാണ്. ജനകീയ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടയിലാണ് പൊലീസ് ലോറൻസിനെ കസ്റ്റഡിയിലെടുത്തത്. പോലീസ് റിപ്പോർട്ടറെ തല്ലുകയും ചവിട്ടുകയും ചെയ്തതായും അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്നും ബിബിസി വക്താവ് പ്രതികരിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ആയിരങ്ങളാണ് തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്. 3 വർഷത്തോളമായി വ്യാപകമായ പരിശോധന, ക്രൂരമായ ലോക്ക്ഡൗൺ, നിർബന്ധിത ക്വാറന്റൈൻ, ഡിജിറ്റൽ ട്രാക്കിംഗ് എന്നിവയാണ് ഇടതു സർക്കാർ രാജ്യത്ത് നടപ്പാക്കുന്നത്. ഇത് സാമ്പത്തിക മേഖലയുടെ നട്ടെല്ലൊടിക്കുകയും വലിയ വിലക്കയറ്റത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു.
advertisement
മാധ്യമ സ്ഥാപനമായ ബിബിസി സംഭവത്തെ ശക്തമായി അപലപിച്ച് രംഗത്തെത്തി. ഷാങ്ഹായിൽ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ ഞങ്ങളുടെ റിപ്പോർട്ടർ എഡ്വാർഡ് ലോറൻസ് അറസ്റ്റ് ചെയ്യപ്പെടുകയും ഔദ്യോഗിക ജോലി നിർവ്വഹണത്തിനിടെ വിലങ്ങ് വെക്കുകയും ചെയ്ത സംഭവം അങ്ങേയറ്റം അപലപനീയമാണ്. പുറത്തിറങ്ങും മുമ്പ് മണിക്കൂറുകളോളം അദ്ദേഹത്തെ ജയിലിലടച്ചു. അറസ്റ്റിനിടെ പോലീസ് മർദ്ദിക്കുകയും ചവിട്ടുകയും ചെയ്തു.
advertisement
എന്നാൽ ആൾക്കൂട്ടത്തിൽ നിന്ന് കൊവിഡ് പിടികൂടിയേക്കാം എന്നതിനാൽ റിപ്പോർട്ടറുടെ നന്മയ്ക്കായാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നാണ് ചൈനീസ് അധികൃതർ നൽകുന്ന വിശദീകരണം. ഉദ്യോഗസ്ഥരുടെ ഈ അവകാശവാദത്തിനപ്പുറം ചൈനീസ് അധികാരികളിൽ നിന്ന് ഞങ്ങൾക്ക് ഔദ്യോഗിക വിശദീകരണമോ ക്ഷമാപണമോ ലഭിച്ചിട്ടില്ല. ഇതൊരു വിശ്വസനീയമായ വിശദീകരണമായി ഞങ്ങൾ കണക്കാക്കുന്നില്ലെന്നും ബിബിസി വിശദീകരിച്ചു.
മാധ്യമ പ്രവർത്തകനെ മർദ്ദിച്ച സംഭവത്തെ അപലപിച്ച് ബ്രിട്ടീഷ് സർക്കാരും ഇന്ന് ശക്തമായ നിലപാടെടുത്തു. സംഭവത്തിൽ സർക്കാർ ചൈനയെ ആശങ്കയുമറിയിച്ചിട്ടുണ്ട്. ഇന്ന് പത്രസമ്മേളനത്തിൽ ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാൻ ലോറൻസിനെ തടങ്കലിൽ വെച്ച സംഭവം സ്ഥിരീകരിച്ചു. എന്നാൽ പോലീസ് ലോറൻസിനെ കൊണ്ടുപോകുന്നതിന് മുമ്പ് അദ്ദേഹം ഒരു മാധ്യമ പ്രവർത്തകനാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല എന്ന് അദ്ദേഹം അവകാശപ്പെട്ടു. “നിയമാനുസൃതമായി രാജ്യത്തെ വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ വിദേശ മാധ്യമ പ്രവർത്തകരെ ചൈന എപ്പോഴും സ്വാഗതം ചെയ്യുന്നു. കൂടാതെ ധാരാളം സഹായങ്ങളും അവർക്ക് നൽകാറുണ്ട്. അതേസമയം അവർ ചൈനയിൽ റിപ്പോർട്ട് ചെയ്യുമ്പോൾ രാജ്യത്തെ നിയന്ത്രണങ്ങൾ പാലിക്കണം” ഷാവോ പറഞ്ഞു.
advertisement
ചൈനയിൽ ജനകീയ പ്രതിഷേധങ്ങൾ വളരെ അപൂർവമായാണ് നടക്കാറുള്ളത്. പ്രതിഷേധക്കാരെ അടിച്ചമർത്തുന്നത് രാജ്യത്തെ പതിവ് കാഴ്ചയാണ്. അതേസമയം ബിബിസി റിപ്പോർട്ടറെ അറസ്റ്റ് ചെയ്യുന്ന സംഭവത്തിന്റെ രണ്ടു വീഡിയോകൾ ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിലങ്ങണിയിച്ച ലോറൻസിനെ നാലോളം പോലീസുകാർ ചേർന്ന് നിലത്തു കിടത്തി ചവിട്ടുന്നതും ആക്രമിക്കുന്നതും തറയിലൂടെ വലിച്ചിഴയ്ക്കുന്നതും കണ്ടതായി വീഡിയോ എടുത്ത ദൃക്സാക്ഷി വെളിപ്പെടുത്തി. അതേസമയം അറസ്റ്റിലേക്ക് നയിച്ച കാരണമെന്താണെന്ന് ദൃശ്യങ്ങളിൽ വ്യക്തമല്ല.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 29, 2022 9:23 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
കോവിഡ് നയത്തിനെതിരെ ചൈനയിൽ നടക്കുന്ന പ്രക്ഷോഭം റിപ്പോർട്ട് ചെയ്ത BBC മാധ്യമപ്രവർത്തകന് ക്രൂരമർദനം