സിങ്കപ്പൂരിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റിലെ റമദാന്‍ സ്‌പെഷ്യല്‍ സൗജന്യ ലഘുഭക്ഷണം കഴിക്കാൻ അനുവദിക്കാതെ ഇന്ത്യന്‍ വംശജരായ മുസ്ലീം ദമ്പതികളെ വിലക്കിയതായി പരാതി. റമദാന്‍ വിഭവങ്ങള്‍ മലേഷ്യക്കാർക്ക് (മലയ)മാത്രമായുള്ളതാണെന്ന് പറഞ്ഞായിരുന്നു സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരന്‍ ഇന്ത്യന്‍ വംശജരായ കുടുംബത്തെ തടഞ്ഞത്. അതേസമയം, സംഭവം പുറത്തറിഞ്ഞതോടെ സൂപ്പര്‍മാര്‍ക്കറ്റ് അധികൃതർ ദമ്പതികളോട് ക്ഷമാപണം നടത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഏപ്രില്‍ ഒമ്പതിന് നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് (എന്‍ടി.യു.സി) നടത്തുന്ന സൂപ്പര്‍മാര്‍ക്കറ്റിലെ ലഘുഭക്ഷണ സ്റ്റാന്‍ഡിന് അടുത്തെത്തിയപ്പോൾ ജീവനക്കാരൻ ഇത് ഇന്ത്യക്കാർക്കുള്ളതല്ല എന്ന് പറയുകയായിരുന്നുവെന്ന് ദമ്പതികളായ ജഹബര്‍ ഷാലിഹ് (36), ഭാര്യ ഫറാ നദിയ (35) എന്നിവര്‍ പറഞ്ഞതായി ചാനല്‍ ന്യൂസ് ഏഷ്യ റിപ്പോര്‍ട്ട് ചെയ്തു. ജഹാബര്‍ ഇന്ത്യക്കാരനാണെങ്കിലും ഭാര്യ ഫറാ ഇന്ത്യന്‍-മലയ ആണ്. തങ്ങള്‍ക്ക് ഉണ്ടായ ദുരനുഭവം വിവരിച്ച് ഫറാ ഫേസ്ബുക്കിൽ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
Also read- Eid Al-Fitr 2023 | ഈദുല്‍ ഫിത്തര്‍: വിദ്യാര്‍ത്ഥികള്‍ക്ക് അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ
സൂപ്പര്‍മാര്‍ക്കറ്റ് മുസ്ലീം ഉപഭോക്താക്കള്‍ക്കായി ഭക്ഷണം നല്‍കുന്നതിനെക്കുറിച്ച് തന്റെ ഭാര്യ പറഞ്ഞതനുസരിച്ചാണ് സൂപ്പര്‍മാര്‍ക്കറ്റിലെ ‘ഇഫ്താര്‍ ബൈറ്റ്‌സ് സ്റ്റേഷന്‍’ സന്ദര്‍ശിച്ചതെന്ന് ജഹാബര്‍ ചാനലിനോട് പറഞ്ഞു. സിങ്കപ്പൂരിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പായ ഫെയര്‍പ്രൈസ് ഗ്രൂപ്പ് മാര്‍ച്ച് 23 നാണ് ‘ഇഫ്താര്‍ ബൈറ്റ് സ്റ്റേഷന്‍’ ആരംഭിച്ചത്. ഇതനുസരിച്ച് റമദാന്‍ കാലയളവില്‍ മുസ്ലീം ഉപഭോക്താക്കള്‍ക്ക് സൂപ്പർമാർക്കറ്റിന്റെ60 ഔട്ട്‌ലെറ്റുകളില്‍ നിന്ന് സൗജന്യമായി ലഘുഭക്ഷണങ്ങളും ഈന്തപ്പഴങ്ങളും പാനീയങ്ങളും ലഭിക്കും.
ഇതിന്റെ ഭാഗമായി മുസ്ലീം ഉപഭോക്താക്കള്‍ക്ക് ഇഫ്താറിന് 30 മിനിറ്റ് മുമ്പും ശേഷവും ശീതള പാനീയങ്ങള്‍, റംസാന്‍ സമയത്ത് വൈകുന്നേരത്തെ പ്രാര്‍ത്ഥനയ്ക്ക് ശേഷം കഴിക്കുന്ന ഭക്ഷണം എന്നിവയും നല്‍കുന്നുണ്ട്. സൂപ്പര്‍മാര്‍ക്കറ്റുകളിലെ മേശകളില്‍ ഇവ നിരത്തി വെച്ചിട്ടുണ്ട്. സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയ തങ്ങള്‍ ബോഡിലെ മെനു വായിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ‘ഇന്ത്യക്കാര്‍ക്കുള്ളതല്ല’ എന്ന് പറഞ്ഞ് ജീവനക്കാരന്‍ തടയുകയായിരുന്നുവെന്ന് ജഹാബര്‍ പറഞ്ഞു. എന്താണെന്ന് വിശദമായി ചോദിച്ചപ്പോഴാണ് ഭക്ഷണം ഇന്ത്യക്കാര്‍ക്കുള്ളതല്ലെന്ന് ജീവനക്കാര്‍ പറഞ്ഞത്.
എന്നാല്‍ ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്കും വരാമെന്ന് ജഹാബര്‍ വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും ‘മുകളിലുള്ള ആളുകളില്‍’ നിന്ന് തനിക്ക് ഇങ്ങനെയാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നതെന്നായിരുന്നു ജീവനക്കാരന്റെ മറുപടി. ഇതോടെ തങ്ങള്‍ അവിടെ നിന്ന് മാറിപ്പോകുകയായിരുന്നു ജഹാബര്‍ വ്യക്തമാക്കി. എന്നാല്‍ ഈ സംഭവം പുറംലോകത്തോട് പറയണമെന്ന് ഭാര്യക്ക് തോന്നിയെന്നും അങ്ങനെയാണ് സംഭവത്തെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതെന്നും ജഹാബര്‍ പറഞ്ഞു.
എന്നാല്‍ സമൂഹ മാധ്യമങ്ങളിലെ പോസ്റ്റിനെക്കുറിച്ച് അറിഞ്ഞെന്നും വിഷയം ഗൗരവമായെടുത്തിട്ടുണ്ടെന്നും ഫെയര്‍പ്രൈസ് ഷോപ്പ് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ മാപ്പ് അപേക്ഷിക്കുന്നതായും തങ്ങളുടെ ജീവനക്കാരന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും സൂപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. റംസാന്‍ കാലയളവില്‍ എല്ലാ മുസ്ലീം ഉപയോക്താക്കള്‍ക്കും ഇഫ്താര്‍ പായ്ക്കുകള്‍ സൗജന്യമായി വാഗ്ദാനം ചെയ്യുമെന്ന് ഞങ്ങള്‍ ഉറപ്പ് നല്‍കുന്നുവെന്നും സൂപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Indian Muslims, Ramadan, Ramadan food kit, Singapore