സൗദിയിൽ പുതിയ കുടിയേറ്റ ഗാര്‍ഹിക തൊഴിലാളി നിയമം ; നിലവിലെ സമ്പ്രദായം ചൂഷണത്തിന് വഴിവെക്കുന്നത്
- Published by:Nandu Krishnan
- trending desk
Last Updated:
നിലവിലെ കഫാല സമ്പ്രദായം തൊഴിലാളികളെ ചൂഷണം ചെയ്യുന്നതാണെന്ന പരാതി ഉയരുന്ന സാഹചര്യത്തിലാണ് സെപ്റ്റംബറിൽ പുതിയ നിയമം കൊണ്ടുവരാന്‍ സൗദി ഭരണകൂടം ശ്രമിക്കുന്നത്
സെപ്റ്റംബറിൽ പുതിയ കുടിയേറ്റ ഗാര്‍ഹിക തൊഴിലാളി നിയമം നടപ്പിലാക്കാന്‍ സൗദി അറേബ്യ തയ്യാറെടുപ്പുകൾ നടത്തുന്നതായി റിപ്പോര്‍ട്ട്. നിശ്ചിത തൊഴില്‍ സമയം, അവധി സംബന്ധിച്ച നയങ്ങള്‍ എന്നിവയെല്ലാം പുതിയ നിയമത്തില്‍ ഉൾപ്പെടുത്തും. നിലവിലെ കഫാല സമ്പ്രദായത്തിനെതിരേ വ്യാപകമായി പരാതികൾ ഉയരുന്നുണ്ട്. ഇത് തൊഴിലാളികളെ ചൂഷണം ചെയ്യുന്നതാണെന്ന പരാതി ഉയരുന്ന സാഹചര്യത്തിലാണ് സെപ്റ്റംബറിൽ പുതിയ നിയമം കൊണ്ടുവരാന്‍ സൗദി ഭരണകൂടം ശ്രമിക്കുന്നത്.
ആറോളം ജിസിസി രാജ്യങ്ങളിലായി(സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്‌റെയ്ന്‍) 55 ലക്ഷത്തോളം കുടിയേറ്റ ഗാര്‍ഹിക തൊഴിലാളികള്‍ ജോലി നോക്കുന്നുണ്ട്. ഇതില്‍ നാല് രാജ്യങ്ങളില്‍ മാത്രമാണ് പ്രത്യേക ഗാര്‍ഹിക തൊഴിലാളി നിയമം നിലവിലുള്ളത്.
ആരാണ് കുടിയേറ്റ ഗാര്‍ഹിക തൊഴിലാളികള്‍?
വീടുകളില്‍ സേവനം ചെയ്യുന്ന തൊഴിലാളികളെയാണ് ഈ ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സൗദിയില്‍ വീട്ടുജോലികള്‍ 14 വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. അതില്‍ വീട്ടുജോലിക്കാര്‍, ഡ്രൈവര്‍, ആയ, നഴ്‌സ്, പാചകത്തൊഴിലാളി, തുന്നല്‍ തൊഴിലാളി, കൃഷിക്കാരന്‍, ഫിസിയോതെറാപ്പിസ്റ്റ്, സ്വകാര്യ സ്പീച്ച് ആന്‍ഡ് ഹിയറിംഗ് തെറാപ്പിസ്റ്റ് എന്നിവയെല്ലാം ഉള്‍പ്പെടുന്നു. ഈ വിഭാഗത്തിൽ അടുത്തിടെ ഉൾപ്പെടുത്തിയ ചില ജോലികൾക്ക് പ്രത്യേക പരിശീലനവും വൈദഗ്ധ്യവും ആവശ്യമുണ്ട്.
advertisement
കണക്കുകള്‍ പ്രകാരം സര്‍വെന്റസ് ആന്‍ഡ് ഹൗസ് ക്ലീനേഴ്‌സ് വിഭാഗത്തില്‍ 20 ലക്ഷം തൊഴിലാളികളാണ് സൗദിയില്‍ ജോലി ചെയ്യുന്നത്. ഇതില്‍ 60 ശതമാനം പേരും സ്ത്രീകളാണ്. ഇതിന് തൊട്ടുതാഴെ വരുന്നത് ഡ്രൈവര്‍ വിഭാഗമാണ്. ഏകദേശം 18.17 ലക്ഷം പേരാണ് ഈ വിഭാഗത്തില്‍ വരുന്നത്. ഇവരില്‍ ഭൂരിഭാഗവും പുരുഷന്മാരാണ്. പുരുഷ ഗാര്‍ഹിക തൊഴിലാളികള്‍ ഭൂരിപക്ഷമുള്ള ഏക ജിസിസി രാജ്യമാണ് സൗദി.
എന്താണ് കഫാല സമ്പ്രദായം?
കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ അഫയേഴ്‌സ് പറയുന്നതനുസരിച്ച് വിദേശത്തുള്ള തൊഴിലാളിയും അവരുടെ പ്രാദേശിക സ്‌പോണ്‍സറും(കഫീല) തമ്മിലുള്ള ബന്ധത്തെയാണ് കഫാല സമ്പ്രദായം(സ്പോൺസർഷിപ്പ്) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. സാധാരണഗതിയില്‍ തൊഴില്‍ ഉടമ തന്നെയായിരിക്കും സ്‌പോണ്‍സര്‍. ബഹ്‌റെയ്ന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ ജിസിസി രാജ്യങ്ങളിലും ജോര്‍ദാനിലും ലെബനോനിലും ഈ സമ്പ്രദായം ഇന്ന് നിലനില്‍ക്കുന്നുണ്ട്.
advertisement
തൊഴിലാളികളുടെ അവകാശത്തിന് മേലുള്ള നിയന്ത്രണം, അവരുടെ സംരക്ഷണം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളുടെ അഭാവം, കുറഞ്ഞ വേതനം, മോശം തൊഴില്‍ സാഹചര്യങ്ങള്‍, ജീവനക്കാരെ ദുരുപയോഗം ചെയ്യല്‍, വംശീയപരമായ വിവേചനം, ലിംഗാധിഷ്ഠിതമായ അതിക്രമങ്ങള്‍ എന്നിവയെല്ലാം കഫാല സമ്പ്രാദയത്തിന്റെ മറവില്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ബഹ്‌റെയ്‌നും ഖത്തറും ഈ സംവിധാനം നേരത്തെ നിറുത്തലാക്കിയതായി അവകാശപ്പെടുന്നുണ്ട്. ഈ സംവിധാനത്തിന് കീഴില്‍ വിദേശ തൊഴിലാളികളെ നിയമിക്കുന്നത് രാജ്യം തങ്ങളുടെ പൗരന്മാര്‍ക്കോ കമ്പനികള്‍ക്കോ സ്‌പോണ്‍സര്‍ഷിപ്പ് പെര്‍മിറ്റുകള്‍ നല്കുകയാണ് പതിവ്. ബഹ്‌റെയ്‌നില്‍ ഒഴികെ, തൊഴിലാളികളെ വ്യക്തികളായ തൊഴിലുടമകളേക്കാള്‍ ഒരു സര്‍ക്കാര്‍ ഏജന്‍സിയാണ് സ്‌പോണ്‍സര്‍ ചെയ്യുന്നത്. ഈ സ്‌പോണ്‍സര്‍ തൊഴിലാളിയുടെ യാത്രാ ചെലവ് വഹിക്കുകയും താമസിക്കാനുള്ള സൗകര്യം ഒരുക്കി നല്‍കുകയും ചെയ്യുന്നു.
advertisement
തൊഴിലാളികളെ നേരിട്ട് നിയമിക്കുന്നതിന് പകരം അവരെ കണ്ടെത്താനും തങ്ങളുടെ രാജ്യത്തേക്ക് അവരെ വേഗത്തില്‍ എത്തിക്കുന്നതിനുമായി സ്‌പോണ്‍സര്‍മാര്‍ ചിലപ്പോള്‍ തൊഴിലാളികളുടെ മാതൃരാജ്യങ്ങളിലെ സ്വകാര്യ റിക്രൂട്ട്‌മെന്റ് ഏജന്‍സികളെ ഉപയോഗിക്കാറുണ്ട്. തൊഴില്‍ മന്ത്രാലയത്തിന് പരിധിയിലല്ല, മറിച്ച് ആഭ്യന്തരമന്ത്രാലയത്തിന്റെ അധികാരപരിധിയിലാണ് കഫാല സമ്പ്രദായം നിലനില്‍ക്കുന്നത്. അതിനാല്‍ തന്നെ ആതിഥേയ രാജ്യത്തെ തൊഴില്‍ നിയമപ്രകാരമുള്ള സംരക്ഷണം പലപ്പോഴും തൊഴിലാളികള്‍ക്ക് ലഭിക്കാതെ വരികയും ചെയ്യുന്നു.
മിക്ക സാഹചര്യങ്ങളിലും ജോലി മാറുന്നതിനും ജോലി അവസാനിപ്പിക്കുന്നതിനും ആതിഥേയ രാജ്യത്ത് പ്രവേശിക്കുന്നതിനും പുറത്തു കടക്കുന്നതിനും തൊഴിലാളികള്‍ക്ക് അവരുടെ സ്‌പോണ്‍സറുടെ അനുമതി ആവശ്യമായി വരും.
advertisement
കഫാല സംവിധാനം നേട്ടമുണ്ടാക്കുന്നത് ആര്‍ക്ക്?
തൊഴിലാളികള്‍ക്ക് അവരുടെ മാതൃരാജ്യത്തെ ജോലികള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന വരുമാനം ഇതിലൂടെ ലഭിക്കുന്നുവെന്നാണ് കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ അഫയേഴ്‌സ് പറയുന്നത് . ജോലിയില്‍ കയറിയശേഷം ഇവരില്‍ പലരും സ്വന്തം നാട്ടിലേക്ക് പണം അയയ്ക്കുന്നു. താഴ്ന്നതും ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങളിലെ ദാരിദ്ര്യം ലഘൂകരിക്കാന്‍ ഇത് സഹായിക്കുമെന്ന് ലോക് ബാങ്കിന്റെ റിപ്പോർട്ടിലും വ്യക്തമാക്കുന്നു. 2019 ല്‍ കുവൈത്ത്, സൗദി അറേബ്യ, യുഎഇ എന്നിവടങ്ങളില്‍ നിന്നാണ് ലോകത്ത് ഏറ്റവും അധികം പണം പുറം രാജ്യങ്ങളിലേക്ക് അയച്ചത്. എന്നാല്‍, ഈ രാജ്യങ്ങളിലെ തൊഴിലാളികള്‍ക്ക് കൂടുതല്‍ സംരക്ഷണം ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് എതിരാളികള്‍ പറയുന്നു.
advertisement
കഫാല സമ്പ്രാദായത്തിന് കീഴില്‍ തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍
നിയന്ത്രിതമായ ആശയവിനിമയം: തൊഴിലുടമകള്‍ തൊഴിലാളികളുടെ പാസ്‌പോര്‍ട്ടുകള്‍, വിസകള്‍, ഫോണുകള്‍ എന്നിവ വാങ്ങി വയ്ക്കാറുണ്ട്. കൂടാതെ, തൊഴിലാളികളെ തങ്ങളുടെ വീടിനുള്ളില്‍ ഒതുക്കി വയ്ക്കാനും ശ്രമിക്കുന്നു. ഗാര്‍ഹിക തൊഴിലാളികളല്ലാത്ത തൊഴിലാളികള്‍ പലപ്പോഴും തിങ്ങി നിറഞ്ഞ ഡോര്‍മെറ്ററികളിലാണ് താമസിക്കുന്നത്. ഇത് അവര്‍ക്ക് അസുഖങ്ങള്‍ വേഗത്തില്‍ പിടിപെടുന്നതിന് കാരണമാകുന്നു. പലര്‍ക്കും മതിയായ ആരോഗ്യസംരക്ഷണ മാര്‍ഗങ്ങളും ലഭ്യമല്ല.
കടബാധ്യത: മിക്ക ആതിഥേയ രാജ്യങ്ങളും തൊഴിലുടമകള്‍ റിക്രൂട്ട്‌മെന്റ് ഫീസ് അടയ്ക്കണമെന്ന് ആവശ്യപ്പെടാറുണ്ട്. എന്നാല്‍, ഈ തുക അടയ്ക്കാന്‍ തൊഴിലുടമകൾ മിക്കപ്പോഴും തൊഴിലാളികളെ നിര്‍ബന്ധിക്കുന്നു. ഇത് വളരെ വലിയ തുകയായതിനാൽ ഇതിനായി അവര്‍ വായ്പ എടുക്കേണ്ടി വരുന്നു. റിക്രൂട്ട് ചെയ്യുന്നയാള്‍ പണം മുടക്കിയാല്‍ അത് അവരുടെ വേതനത്തില്‍ നിന്ന് ഈടാക്കുകയോ വേതനം തടഞ്ഞു വയ്ക്കുകയോ ചെയ്യുന്ന പതിവും ഉണ്ട്.
advertisement
വിസ ട്രേഡിംഗ്: ഔദ്യോഗിക സ്‌പോണ്‍സറായി തുടരുമ്പോള്‍ തന്നെ ചില തൊഴിലുടമകൾ ഒരു തൊഴിലാളിയുടെ വിസ നിയമവിരുദ്ധമായി മറ്റൊരു തൊഴിലുടമയ്ക്ക് വില്‍ക്കുന്നു. അതേസമയം, പുതിയ തൊഴിലുടമ വ്യത്യസമായ ജോലികള്‍ ചെയ്യിപ്പിക്കുകയും കുറഞ്ഞ വേതനം മാത്രം നല്‍കുകയും ചെയ്യുന്നു.
താമസം: സ്‌പോണ്‍സര്‍മാര്‍ക്ക് ഏതെങ്കിലും കാരണം ചൂണ്ടിക്കാട്ടി തൊഴിലാളികളുടെ പദവി അസാധുവാക്കാന്‍ കഴിയും. അതിനാല്‍ രാജ്യത്ത് നിയമപരമായി തുടരുന്നതിന് തൊഴിലാളികള്‍ സ്‌പോണ്‍സര്‍മാരെ ആശ്രയിക്കുന്നു.
പുതിയ നിയമത്തില്‍ പറയുന്നതെന്ത്?
പുതിയ നിയമം പ്രകാരം ദിവസം പത്ത് മണിക്കൂറാണ് ജോലി സമയമായി നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ഇതിന് പുറമെ ആഴ്ചയില്‍ ഒരു ദിവസം അവധിയുമുണ്ടാകും. തൊഴിലാളിയുടെ തിരിച്ചറിയല്‍ രേഖ തൊഴിലുടമയ്ക്ക് കണ്ടുകെട്ടാന്‍ കഴിയില്ല. ആശയവിനിമയത്തിനുള്ള തൊഴിലാളികളുടെ അവകാശത്തിന് പുതിയ നിയമത്തില്‍ ഊന്നല്‍ നല്‍കുന്നു. ചില വ്യവസ്ഥകളില്‍ തങ്ങളുടെ അവകാശങ്ങള്‍ നഷ്ടപ്പെടാതെ കരാര്‍ അവസാനിപ്പിക്കാന്‍ തൊഴിലാളിക്ക് അവകാശമുണ്ട്. അന്യായമായി പിരിച്ചുവിട്ടാല്‍ നഷ്ടപരിഹാരം ലഭിക്കാന്‍ തൊഴിലാളിക്ക് അര്‍ഹതയുണ്ട്. വര്‍ഷം തോറും ഒരു മാസം ശമ്പളത്തോടു കൂടിയ അവധിയും പുതിയ നിയമത്തിൽ നിഷ്കർഷിക്കുന്നു. തൊഴിലുടമ തൊഴിലാളിയ്ക്ക് നാട്ടിൽ പോയി വരാനുള്ള ടിക്കറ്റിനുള്ള പണവും നല്‍കണം.
സൗദി അറേബ്യയില്‍ ഏകദേശം 26 ലക്ഷം ഇന്ത്യക്കാരാണ് തൊഴിലെടുക്കുന്നത്. സൗദിയിലെ ഏറ്റവും വലിയ കുടിയേറ്റ ജനസംഖ്യയാണിത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
August 16, 2024 5:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
സൗദിയിൽ പുതിയ കുടിയേറ്റ ഗാര്‍ഹിക തൊഴിലാളി നിയമം ; നിലവിലെ സമ്പ്രദായം ചൂഷണത്തിന് വഴിവെക്കുന്നത്


