Devayani: 'എന്റെ ഒളിച്ചോട്ടം അച്ഛനെയും അമ്മയെയും ഒരുപാട് വേദനിപ്പിച്ചു...അവർക്ക് എന്നോട് ക്ഷമിക്കാൻ വർഷങ്ങൾ വേണ്ടിവന്നു'; ദേവയാനി
- Published by:Sarika N
- news18-malayalam
Last Updated:
താൻ ഒരു അമ്മയായതിന് ശേഷമാണ് മാതാപിതാക്കൾക്ക് ഉണ്ടായ വിഷമത്തിന്റെ ആഴം മനസിലായതെന്ന് നടി പറയുന്നു
മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ദേവയാനി (Devayani). ബോളിവുഡ് ചിത്രമായ ഗോയലിലൂടെ അഭിനയ രംഗത്തെത്തിയ താരം തുടർന്ന് മലയാളം, തമിഴ് എന്നിവയ്ക്കു പുറമെ ബംഗാളി, ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മാത്രം ഏതാണ്ട് പതിനഞ്ചിലേറെ ചിത്രങ്ങളിൽ ദേവയാനി നായികയായി അഭിനയിച്ചിട്ടുണ്ട്. ഒരു കാലത്തെ ഹിറ്റ് സിനിമകളിലെ എല്ലാം നിറസാന്നിധ്യമായിരുന്നു ദേവയാനി എന്ന നായിക. താരത്തിന്റെ ഹിറ്റ് ചിത്രങ്ങളിൽ ചിലതാണ് കാതിൽ ഒരു കിന്നാരം, മിസ്റ്റർ ക്ലീൻ, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, സുന്ദരപുരുഷൻ, ബാലേട്ടൻ, നരൻ തുടങ്ങിയവ.
advertisement
ഇപ്പോൾ തമിഴ് മിനിസ്‌ക്രീനിലൂടെ നിരവധി വേഷങ്ങൾ താരം കൈകാര്യം ചെയ്യുന്നുണ്ട്. നടിയുടെ അഭിനയം പോലെ തന്നെ വ്യക്തി ജീവിതവും ഒരു കാലത്ത് ചർച്ചകളിൽ ഇടം പിടിച്ചിരുന്നു. അതിൽ പ്രധാന കാരണം നടിയുടെ വിവാഹം തന്നെയാണ്. ഡയറക്ടർ രാജ്കുമരന്‍ ആണ് ദേവയാനിയുടെ ഭർത്താവ്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു എന്നത് മാത്രമല്ല ഒളിച്ചോടിയാണ് വിവാഹം ചെയ്തത് എന്നതും ശ്രദ്ധേയമാണ്. ഇപ്പോഴിതാ തന്റെ വിവാഹം നടക്കാൻ ഇടയായ സാഹചര്യത്തെ കുറിച്ച് മനസ് തുറക്കുകയാണ് ദേവയാനി. ബിഹൈൻഡ് വുഡ്‌സ് ടിവി എന്ന തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തൽ.
advertisement
സൂര്യവംശം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് രാജ്കുമരന്‍ സാറിനെ പരിചയപ്പെടുന്നത്. അന്ന് അദ്ദേഹം അസിസ്റ്റന്റ് ഡയരക്ടറാണ്. പിന്നീട് നീ വരുവായ് എന എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സംവിധാന ലോകത്തേക്ക് കടന്നു. നീ വരുവായ് എന എന്ന ചിത്രത്തിലെ നായിക വേഷം ചെയ്തത് ദേവയാനിയായിരുന്നു. ആ ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിലാണ് തനിക്ക് അദ്ദേഹത്തിനോട് സ്നേഹം തുടങ്ങുന്നതെന്ന് താരം പറയുന്നു. കാരണം ആ ചിത്രത്തിലെ പ്രണയത്തെ അത്ര മനോഹരമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇത്രയും മനോഹരമായി പ്രണയത്തെ കുറിച്ച് പറയുന്ന ആളുടെ ഉള്ളില്‍ എത്രമാത്രം പ്രണയം ഉണ്ടാവുമെന്ന് ചിന്തിച്ചിരുന്നതായി താരം പറയുന്നു.
advertisement
പരസ്പരം ഇഷ്ടമാണെന്ന് രണ്ടുപേർക്കും അറിയാമായിരുന്നു. പക്ഷെ ആരും തുറന്ന് പറഞ്ഞില്ല. ഒടുവിൽ ഇഷ്ടം പറഞ്ഞത് അദ്ദേഹമാണെന്ന് ദേവയാനി പറയുന്നു. ആദ്യം ഞാൻ പറ്റില്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് ഞാൻ പോലും അറിയാതെ എന്റെ തീരുമാനം മാറുകയായിരുന്നു. ഇപ്പോഴും എവിടെ നിന്നാണ് എനിക്ക് ആ ധൈര്യം വന്നത് എന്നറിയില്ല. തീരുമാനം എടുക്കണം എന്ന അവസ്ഥയില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിനൊപ്പം ജീവിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അച്ഛന്റെയും അമ്മയുടെയും അനുമതിയില്ലാതെ ഞാൻ ഒന്നും ചെയ്യാറില്ലായിരുന്നു. അവരുടെ അനുവാദമില്ലാതെ ആദ്യം ചെയ്ത കാര്യം ഇതാണ്. അവരെ ഒരുപാട് വിഷമിപ്പിക്കും ഈ തീരുമാനമെന്ന് അറിയാമായിരുന്നു. എന്നാലും അങ്ങനെയാെരു തീരുമാനമെടുക്കേണ്ടി വന്നു. വിധിയായിരിക്കാം. അല്ലെങ്കിൽ ഞാൻ എന്തിന് തമിഴ്നാട്ടിൽ വരണം. മുംബെെയിൽ ഇരുന്നാൽ മതിയല്ലോ. ഇദ്ദേഹത്തെയാണ് വിവാഹം ചെയ്യുക, ഇങ്ങനെയായിരിക്കും വിവാഹം എന്നെല്ലാം നേരത്തെ എഴുതി വെച്ചതായിരിക്കാം ദേവയാനി പറഞ്ഞു.
advertisement
എനിക്ക് ആദ്യത്തെ കുഞ്ഞ് ജനിച്ചപ്പോൾ അച്ഛനും അമ്മയും മിണ്ടുമെന്ന് കരുതിയിരുന്നു. പക്ഷെ പിണക്കം പിന്നെയും വർഷങ്ങൾ നീണ്ടുപോയി. ഒടുവിൽ രണ്ടാമത്തെ മകൾ ജനിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടാണ് അവർ എന്നോട് സംസാരിക്കാൻ തുടങ്ങിയത്. എന്റെ കുഞ്ഞിനെ കാണാൻ 'അമ്മ വരാത്തതിൽ ആദ്യം വിഷമം തോന്നിയിരുന്നു എന്നാൽ ഭർത്താവിന്റെ സ്നേഹവും പിന്തുണയും അത്രയുമുണ്ടായിരുന്നു. മാതാപിതാക്കളെ മിസ് ചെയ്യാൻ എന്നെ അദ്ദേഹം അനുവദിച്ചില്ല. രണ്ടാമത്തെ മകൾ പിറന്ന സമയത്ത് ഞാൻ അങ്ങോട്ട് പോയി സംസാരിക്കാൻ തീരുമാനിച്ചു. അവർ വഴക്ക് പറയുന്നെങ്കിൽ പറയട്ടെയെന്ന് കരുതി. പക്ഷെ അങ്ങനെ ഒന്നും ഉണ്ടായില്ലെന്ന് താരം പറയുന്നു.