Amrutha Suresh| 'വലിയൊരു അബദ്ധം പറ്റി, മെസേജ് കണ്ടപ്പോൾ മറ്റൊന്നും ചിന്തിച്ചില്ല'; അമൃത സുരേഷ്
- Published by:Sneha Reghu
- news18-malayalam
Last Updated:
സ്റ്റുഡിയോയിൽ ഇരിക്കുമ്പോഴാണ് ആ മെസേജ് വന്നതെന്നും നടി പറഞ്ഞു
ഓൺലൈൻ വഴി പല തരത്തിലെ സാമ്പത്തിക തട്ടിപ്പുകളാണ് നടക്കുന്നത്. ഇതിനെ കുറിച്ച് മുന്നറിയിപ്പുകൾ ലഭിക്കുന്നുണ്ടെങ്കിലും സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേർ ഈ തട്ടിപ്പിനിരയാകും. ഇപ്പോഴിതാ, ഗായിക അമൃത സുരേഷും തട്ടിപ്പിനിരയായ സംഭവം പറയുകയാണ്. ഓൺലൈൻ തട്ടിപ്പിലൂടെ അരലക്ഷം രൂപയാണ് നഷ്ടമായതെന്നും അമൃത സുരേഷ് പറഞ്ഞു.
advertisement
അമൃതയുടെ കസിൻ ചേച്ചിയുടെ വാട്സ് ആപ്പാണ് ഹാക്ക് ചെയ്തത്. ഇതോടെയാണ് തട്ടിപ്പിന് തുടക്കം കുറിച്ചത്. അരലക്ഷത്തോളം രൂപ ആവശ്യപ്പെട്ടുള്ള കസിന്റെ മെസേജ് വന്നപ്പോൾ അത്യാവശ്യമാകുമെന്ന് കരുതി മറിച്ച് ഒന്നും ചിന്തിക്കാതെ ഗായിക പണം ഗൂഗിൾ പെ ചെയ്തു. പിന്നീട് വീണ്ടും കുറച്ചു കൂടി പണം ആവശ്യപ്പെട്ട് മെസേജ് വന്നപ്പോഴായിരുന്നു തട്ടിപ്പാണെന്ന് സംശയം തോന്നിയതും കസിനെ വിളിച്ചതെന്നുമാണ് അമൃതയുടെ വാക്കുകൾ.
advertisement
വീഡിയോയിലൂടെയാണ് തനിക്ക് പറ്റിയ അമളിയെ കുറിച്ച് അമൃത വിശദീകരിച്ചത്. കൂനിൻ മേൽ കുരുവെന്ന് പറയുന്നത് പോലെ പണി കിട്ടി പണി കിട്ടി 45000 രൂപയോളം വെറുതെ കളഞ്ഞിട്ട് ഇരിക്കുകയാണ് അമൃതയെന്ന് സഹോദരി അഭിരാമിയും പറയുന്നുണ്ട്. സ്കാമിന് ഇരയായപ്പോൾ മുതൽ ഈ സമയം വരെ ഞാൻ ചിരിച്ചുകൊണ്ടിരിക്കുകയാണ്. അതൊരു പ്രശ്നമാണ്. സ്ട്രെസ് വന്നാൽ എനിക്ക് ചിരിവരും. വീട്ടിൽ വലിയ പ്രശ്നമുണ്ടായാലും താൻ ചിരിക്കുമെന്നാണ് അമൃത പറയുന്നത്. വലിയൊരു അബദ്ധമാണ് പറ്റിയതെന്നും ഗായിക പറയുന്നുണ്ട്.
advertisement
ഒരു ദിവസം സ്റ്റുഡിയോയിലായിരിക്കുമ്പോഴാണ് ഞങ്ങളുടെ കസിൻ ചേച്ചി പണം ആവശ്യപ്പെട്ട് മെസേജ് അയച്ചത്. എമർജൻസിയാണ്... 45000 രൂപ അയക്കാമോ എന്നാണ് ചോദിച്ചത്. ഒപ്പം ഒരു യുപിഐ ഐഡിയും അയച്ചു. ചേച്ചിയുടെ യുപിഐ വർക്ക് ചെയ്യുന്നില്ല അതുകൊണ്ട് ഇതിലേക്ക് അയക്കാനാണ് പറഞ്ഞത്. മെസേജ് കണ്ടപ്പോൾ മറ്റൊന്നും ചിന്തിച്ചില്ലെന്നും ഗായിക പറയുന്നു.
advertisement
അത്യാവശ്യം ആയതിനാൽ കൂടുതൽ ഒന്നും ചോദിക്കാതെ താൻ പണം അയച്ചു കൊടുത്തെന്നും കൂടാതെ സ്ക്രീൻ ഷോട്ടും എന്റെ ഒരു സെൽഫിയും വരെ അയച്ചു. പിന്നാലെ താങ്ക്യു മെസേജും കുറച്ച് പൈസ കൂടി അയക്കാമോയെന്നും ചോദിച്ചു. ഉടൻ ചേച്ചിയെ വാട്സ് ആപ്പിലൂടെ വീഡിയോ കോൾ ചെയ്തെങ്കിലും ആരും കോൾ എടുത്തില്ലെന്നാണ് അമൃത പറയുന്നത്. കോൾ കട്ട് ചെയ്ത് നോർമൽ കോൾ ചെയ്തപ്പോൾ അപ്പുറത്തെ തലയ്ക്കൽ കരച്ചിലും നിലവിളിയുമാണ് കേട്ടതെന്നും അമൃത വ്യക്തമാക്കി.
advertisement
എന്റെ വാട്സ് ആപ്പ് ആരോ ഹാക്ക് ചെയ്തു... നീ പൈസയൊന്നും അയച്ച് കൊടുക്കരുതെന്നാണ് ചേച്ചി പറഞ്ഞത്. പക്ഷെ അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ട് പോയിരുന്നു. എനിക്ക് മാത്രമല്ല ചേച്ചിയുടെ കോൺടാക്ടിലുള്ള ഒരുപാട് പേർക്ക് ഇങ്ങനെ പണം ആവശ്യപ്പെട്ട് മെസേജ് പോയിട്ടുണ്ട്. ചേച്ചി ഒരു പാഴ്സൽ ഓഡർ ചെയ്തിരുന്നു. അതുമായി ബന്ധപ്പെട്ട കോൾ ആകുമെന്ന് കരുതി പരിചയമില്ലാത്ത നമ്പറിൽ നിന്നും വന്ന കോൾ എടുത്തതോടെയാണ് പ്രശ്നമായതെന്നും അമൃത കൂട്ടിച്ചേർത്തു.