വിഷ്ണുലോകം സിനിമയിൽ മോഹൻലാലിന് ക്ലാപ്പടിച്ച 24കാരൻ; ഇന്ന് 600 കോടിയുടെ ഉടമ
- Published by:meera_57
- news18-malayalam
Last Updated:
കമൽ സംവിധാനം ചെയ്ത് മോഹൻലാൽ, ഉർവശി എന്നിവർ പ്രധാനവേഷങ്ങൾ അവതരിപ്പിച്ച സിനിമയായിരുന്നു വിഷ്ണുലോകം
സിനിമയ്ക്കുള്ളിലെ വിശേഷങ്ങൾ പലപ്പോഴും പ്രേക്ഷകർക്ക് കൗതുകമുണർത്തുന്നതാണ്. വെള്ളിത്തിരയിൽ ബിഗ് സ്‌ക്രീനിൽ മിന്നിമറിയുന്ന ഫ്രയിമുകൾക്ക് പിന്നിൽ അറിയാക്കഥകൾ നിരവധിയുണ്ടാവും. അഭിമുഖങ്ങൾക്കായി നൽകുന്ന അവസരങ്ങളിലാണ് പലപ്പോഴും അത്തരം കഥകൾ അഭിനേതാക്കളുടെയും സംവിധായകരുടെയും പക്കൽ നിന്നും പുറത്തുവരിക. മോഹൻലാലിനെയും (Mohanlal) ഉർവശിയെയും (Urvashi) നായികാനായകന്മാരാക്കി കമൽ (Kamal) സംവിധാനം ചെയ്ത് 1991ൽ പുറത്തുവന്ന ചിത്രമായിരുന്നു 'വിഷ്ണുലോകം'. ഈ സിനിമ മലയാള സിനിമയ്ക്ക് മറ്റൊരു നായകനെ കൂടി സംഭാവന ചെയ്ത ചരിത്രമുണ്ട്. ഹീറോയ്ക്ക് സാധാരണഗതിയിൽ പ്രേക്ഷകർ ചാർത്തിക്കൊടുത്ത സൂപ്പർഹീറോ പരിവേഷങ്ങളൊന്നുമില്ലാതെ ഒരു നാടോടിയായി മോഹൻലാൽ വേഷമിട്ട ചിത്രമായിരുന്നു ഇത്
advertisement
ഇന്നിന്റെ യുവത്വമായ ജെൻ സീക്ക് ഈ ചിത്രം അത്രകണ്ട് സുപരിചിതമാകാൻ സാധ്യതയില്ല. സിനിമയും രംഗങ്ങളും എന്നതിനേക്കാളും ഈ ചിത്രത്തിൽ കാലത്തെ അതിജീവിച്ച ഒരു കാര്യമുണ്ടെങ്കിൽ, അത് ഒരു ഗാനമാണ്. കസ്തൂരി കസ്തൂരി... എന്ന ഗാനരംഗത്തിൽ മോഹൻലാലും ഉർവശിയും ആടിപ്പാടിയ ചടുലത അത്രമനോഹരമാണ്. അവർക്കൊപ്പം സൈക്കിൾ യജ്ഞക്കാരനായി നടൻ ജഗദീഷും ഫ്രയിമിൽ ഉണ്ട്. ഫ്രയിമിൽ ഒന്നും ഇല്ലാത്ത ഒരാളാണ് ആ നടൻ. അദ്ദേഹം പിൽക്കാലത്ത് മോഹൻലാലിൻറെ ഒപ്പം മറ്റു നടന്മാർക്കൊപ്പം സൂപ്പർ സ്റ്റാർ പദവിയിൽ എത്തുകയും ചെയ്‌തു (തുടർന്ന് വായിക്കുക)
advertisement
പ്രധാനമായും സൈക്കിൾ യജ്‌ഞം ഉൾപ്പെടുന്ന തെരുവോര കലാകാരന്മാരുടെ ജീവിതത്തെ അധികരിച്ചിറങ്ങിയ ചിത്രം, ഏറെയും രാത്രികാലങ്ങളിൽ ഷൂട്ട് ചെയ്യേണ്ടി വന്നു. അതിനാൽ തന്നെ ഉറക്കം മാറ്റിവെക്കേണ്ട ചുമതല ക്യാമറയ്ക്ക് മുന്നിലും പിന്നിലും ഉള്ളവർക്ക് സ്വാഭാവികമായി വന്നുചേർന്നു. കമൽ അതനുസരിച്ച് ഓരോരുത്തർക്കും ഷെഡ്യൂൾ വീതിച്ചു നൽകി. രാത്രികാലമായതിനാൽ തന്നെ സെറ്റിലുള്ളവർക്ക് മടുപ്പുണ്ടാകാതെ വേണം ചിത്രീകരിക്കാനും. അന്ന് സ്ഥിരമായി ഒരാൾ കോമഡി കൊണ്ട് മറ്റുള്ളവരെ രസിപ്പിച്ചിരുന്നു
advertisement
ഭക്ഷണം കഴിഞ്ഞ ശേഷവും മറ്റും സെറ്റിലുള്ളവർക്ക് ഉറക്കം വരാതിരിക്കാൻ ഈ കലാകാരന്റെ പ്രകടനങ്ങൾ കാരണമായി. ഇതേപ്പറ്റി സംവിധായകൻ കമൽ പിന്നീടുള്ള അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. അയാൾ ആ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു. അത്യാവശ്യം മിമിക്രി അവതരിപ്പിച്ച് ശ്രദ്ധനേടിയ അയാൾ, അസിസ്റ്റന്റ് ആയി കമലിന്റെ ഒപ്പം കൂടി. നടൻ മോഹൻലാലിന് ക്ളാപ്പർബോർഡ് അടിക്കുന്നതായിരുന്നു ആ 24കാരന്റെ ചുമതല. പിന്നീട് മോഹൻലാലിന്റെ ഒപ്പം തന്നെ ഏതാനും ശ്രദ്ധേയ ചിത്രങ്ങളിലും ഈ നടനെ നിങ്ങൾ കണ്ടുകാണും. പ്രേക്ഷകർക്ക് സുപരിചിതനാണ് ആ നടൻ
advertisement
എറണാകുളം ജില്ലയിലെ ആലുവയിൽ നിന്നുള്ള പത്മനാഭൻ പിള്ള, സരോജം എന്നിവരുടെ മൂത്ത മകനായ പി. ഗോപാലകൃഷ്ണൻ അഥവാ ദിലീപ് (Dileep) ആയിരുന്നു അത്. അക്കാലങ്ങളിൽ കലാഭവൻ എന്ന മിമിക്രി ട്രൂപ്പ് മലയാള സിനിമയ്ക്ക് നിരവധി കലാകാരന്മാരെ സമ്മാനിച്ചിരുന്ന കാലം. അഭിനയത്തിലും സംവിധാനത്തിലും വരെ അവർ കഴിവ് പ്രകടമാക്കി. എടുത്തുപറയേണ്ടത് നടൻ ജയറാം ആയിരുന്നു. കലാഭവൻ വഴി സിനിമയിൽ വന്ന ജയറാമും, പിന്നീട് വന്നുചേർന്ന ദിലീപും മലയാളത്തിലെ അഞ്ച് സൂപ്പർതാരങ്ങളിൽ രണ്ടുപേരുകൾ ആയി മാറി
advertisement
പിന്നീടിറങ്ങിയ സിനിമകളായ ചൈന ടൗൺ, ട്വന്റി ട്വന്റി, ക്രിസ്ത്യൻ ബ്രദേഴ്‌സ് തുടങ്ങിയവായിൽ മോഹൻലാലും ദിലീപും ഒന്നിച്ചു വേഷമിട്ടു. ഇതിൽ മലയാള സിനിമയെ പ്രതിസന്ധികളിൽ നിന്നും കരകയറ്റിയ ചിത്രമായ ട്വന്റി-ട്വന്റിയിൽ മോഹൻലാലിന്റെ അനുജന്റെ വേഷം ചെയ്തത് ദിലീപായിരുന്നു. ചിത്രത്തിന്റെ നിർമാതാവും. മിമിക്രി കലാകാരനിൽ നിന്നും നായകനടനും അവിടെനിന്നും നിർമാതാവുമായി മാറിയ ദിലീപ് 600 കോടിയുടെ സ്വത്തുക്കൾക്കുടമയാണ് എന്ന് 'ദി ഡെയിലി ഗാർഡിയൻ' റിപ്പോർട്ട് അധികരിച്ച് 'മിന്റ്' റിപ്പോർട്ട് ചെയ്യുന്നു


