പഠിച്ച് നേടിയത് 20 ഡിഗ്രികൾ: ഐഎഎസ് പദവിയിൽ പ്രവേശിച്ച് നാലാം മാസം രാജി; 26-ാം വയസ്സിൽ എംഎൽഎ... ഒടുവിൽ അപകടമരണം!
- Published by:Sarika N
- news18-malayalam
Last Updated:
ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ പ്രമുഖ വ്യക്തിയായിരുന്ന അദ്ദേഹം മന്ത്രി എന്ന നിലയിൽ 14 വ്യത്യസ്ത വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്
വിദ്യാഭ്യാസം നേടുന്നതിന് ഒരിക്കലും പ്രായം ഒരു തടസമല്ല. എന്തൊക്കെ നമ്മെ വിട്ട് പോയാലും നാം സ്വന്തമാക്കിയ അറിവ് ഒരിക്കലും നശിക്കില്ല. അത് ആർക്കും എടുത്ത് മാറ്റാനും കഴിയില്ല. അങ്ങനെ ഒരാളുടെ ജീവിതകഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. വിവിധ വിഷയങ്ങളിൽ 20 ഡിഗ്രികൾ സ്വന്തമാക്കി. ഇന്ത്യയിലെ ഏറ്റവും കഠിനമായ പരീക്ഷയായ യുപിഎസ്‌സിയിൽ രണ്ടുതവണ വിജയം കൈവരിച്ചു. ശേഷം പഠനത്തോടുള്ള അഭിനിവേശം കാരണം ഐപിഎസ്, ഐഎഎസ് ജോലികളിൽ നിന്നും രാജിവച്ചു. ഒടുവിൽ ജീവിതത്തിൽ നിന്ന് തന്നെ അപ്രതീക്ഷിത പടിയിറക്കം. അദ്ദേഹം ആരാണെന്ന് നിങ്ങൾക്കറിയാമോ?
advertisement
അത് മറ്റാരുമല്ല...ശ്രീകാന്ത് ജിച്കർ (Shrikant Jichkar) ആണ്. 1954 ൽ മഹാരാഷ്ട്രയിൽ ആണ് ശ്രീകാന്ത് ജിച്കറുടെ ജനനം. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വിദ്യാസമ്പന്നനായ വ്യക്തിയായി ശ്രീകാന്തിനെ കണക്കാക്കുന്നു. നാഗ്പൂരിൽ എംബിബിഎസും എംഡിയും പൂർത്തിയാക്കി വിദ്യാഭ്യാസ യാത്ര ആരംഭിച്ച ശ്രീകാന്തിന് ആകെ 20 ബിരുദങ്ങളുണ്ട്. ഇവയിൽ ഭൂരിഭാഗവും മാസ്റ്റേഴ്സ് ബിരുദങ്ങളാണ്. എം.ബി.ബി.എസ്. , എം.ഡി., ഡിബിഎം, എംബിഎ, ഡിലിറ്റ് (സംസ്കൃതം), എൽഎൽഎം (അന്താരാഷ്ട്ര നിയമം), ബിജേൺ, എം.എ (പബ്ലിക് അഡ്മിനിസ്ട്രേഷൻ), എംഎ (സോഷ്യോളജി), എംഎ (സാമ്പത്തികശാസ്ത്രം), എം.എ (സംസ്കൃതം), എം.എ (ഫിലോസഫി), എംഎ (രാഷ്ട്രീയ ശാസ്ത്രം), എം.എ (പുരാതന ഇന്ത്യൻ ചരിത്രം, സംസ്കാരം, പുരാവസ്തുശാസ്ത്രം) എന്നിവയെല്ലാം അദ്ദേഹം നേടിയ ബിരുദങ്ങളിൽ ചിലതാണ്.
advertisement
1973 നും 1990 നും ഇടയിൽ അദ്ദേഹം ബിസിനസ് അഡ്മിനിസ്ട്രേഷനിലും ഇന്റർനാഷണൽ ലോയിലും ബിരുദാനന്തര ബിരുദം, ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഡോക്ടറേറ്റ്, ജേണലിസത്തിൽ ബാച്ചിലർ ഓഫ് ആർട്സ്, സംസ്കൃതത്തിൽ സാഹിത്യത്തിൽ ഡോക്ടറേറ്റ് എന്നിവയുൾപ്പെടെ 20 ബിരുദങ്ങൾ നേടി. തുടർന്ന് കുറച്ച് നാൾ ഡോക്ടറായി സേവനം അനുഷ്ടിച്ചു.1978 ൽ ഇന്ത്യയിലെ ഏറ്റവും കഠിനമായ പരീക്ഷകളിലൊന്നായ യുപിഎസ്സി പരീക്ഷയിൽ വിജയം നേടി ഐപിഎസ് ഓഫീസറായി സർവീസിൽ പ്രവേശിച്ചു.
advertisement
എന്നാൽ, രണ്ട് വർഷത്തിനുള്ളിൽ അദ്ദേഹം ഐ പി എസ് പദവിയിൽ നിന്നും രാജിവയ്ക്കുകയും വീണ്ടും യുപിഎസ്‌സി പരീക്ഷ എഴുതുകയും ചെയ്തു. ആ വർഷം മികച്ച വിജയത്തോടെ അദ്ദേഹം ഐഎഎസ് ഉദ്യോഗസ്ഥനായി ചുമതലയേറ്റു. എന്നാൽ സർവീസിൽ വീണ്ടും പ്രവേശിച്ച് 4 മാസത്തിനുള്ളിൽ അദ്ദേഹം ആ ജോലി രാജിവച്ചു. തുടർന്ന് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞു. സർവീസിൽ നിന്നും രാജിവച്ച് 4 മാസത്തിനുള്ളിൽ അദ്ദേഹം മഹാരാഷ്ട്ര പൊതുതെരഞ്ഞെടുപ്പിൽ മത്സരിച്ച് എംഎൽഎയായി. അന്ന് ശ്രീകാന്തിന്റെ പ്രായം വെറും 26 വയസ്സായിരുന്നു. ചെറുപ്പത്തിൽ തന്നെ എംഎൽഎ ആയ ആദ്യത്തെ ഇന്ത്യക്കാരനാണ് ശ്രീകാന്ത് ജിച്കർ.
advertisement
ഇതിനുശേഷം, അദ്ദേഹം നിയമസഭാ കൗൺസിൽ എംഎൽഎ, സംസ്ഥാന മന്ത്രി, രാജ്യസഭാ എംപി തുടങ്ങിയ വിവിധ പദവികൾ വഹിച്ചു. ഒരു ഘട്ടത്തിൽ, മന്ത്രി എന്ന നിലയിൽ 14 വ്യത്യസ്ത വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു. 1980 മുതൽ 1985 വരെ മഹാരാഷ്ട്ര നിയമസഭയിൽ അംഗമായിരുന്നു. 1986 മുതൽ 1992 വരെ മഹാരാഷ്ട്ര നിയമസഭയിൽ അംഗമായും സഹമന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു.1992 മുതൽ 1998 വരെ അദ്ദേഹം രാജ്യസഭയിൽ പാർലമെന്റ് അംഗമായിരുന്നു. 1992 ൽ ശ്രീകാന്ത് ജിച്കർ നാഗ്പൂരിൽ സാന്ദീപാനി സ്കൂൾ സ്ഥാപിച്ചു. 1998 ലും 2004 ലും നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ അദ്ദേഹം പരാജയപ്പെട്ടിരുന്നു. 2004 ജൂൺ 2 ന് തന്റെ 49-ാം വയസ്സിൽ അദ്ദേഹം ഒരു വാഹനാപകടത്തിൽ വിടവാങ്ങി. നാഗ്പൂരിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയുള്ള കോണ്ഡാലിക്ക് സമീപം നടന്ന വാഹനാപകടത്തിലാണ് ശ്രീകാന്ത് ജിച്കറിന് തന്റെ ജീവൻ നഷ്ടമാകുന്നത്.