ഡാൻസും പാട്ടും മലയാളവും അറിയാത്ത ഒൻപതാം ക്‌ളാസുകാരി; ഊർമിള ഉണ്ണി പരാമർശിച്ച താരസുന്ദരി
- Published by:meera_57
- news18-malayalam
Last Updated:
ഊർമിള ഉണ്ണി പരാമർശിച്ച ആ കൊച്ചു പെൺകുട്ടി പിന്നീട് ഐറ്റം ഡാൻസുകൾക്കും ഗ്ലാമറസ് കഥാപാത്രങ്ങൾക്കും പ്രശസ്തയായി
മറ്റുപല ഭാഷകളിൽ നിന്നുമെത്തി ഭാഗ്യപരീക്ഷണം നടത്തി ജീവിതം മാറിമറിഞ്ഞ താരസുന്ദരിമാരുടെ ഇടം കൂടിയാണ് മലയാള സിനിമ. അത്തരത്തിൽ മലയാള ചലച്ചിത്ര മേഖലയിലെത്തി, തെന്നിന്ത്യയിൽ വെന്നിക്കൊടി പാറിച്ച ഒരു നായികയെ ഓർക്കുകയാണ് നടി ഊർമിള ഉണ്ണി (Urmila Unni). തന്റെ മുപ്പതാം വയസിൽ നരപിടിപ്പിച്ച തലമുടിയുമായി അമ്മ വേഷം ചെയ്തിട്ടുള്ള താരമാണ് ഊർമിള ഉണ്ണി. അതും തന്നെക്കാൾ കേവലം നാല് വയസു മാത്രം കുറവുള്ള നടന്റെ അമ്മയായി. അവരുടെ കരിയറിൽ ഏറ്റവും കൂടുതൽ ശ്രദ്ധനേടിയിട്ടുള്ള വേഷങ്ങളിൽ ഒന്നാണ് സുഭദ്ര തമ്പുരാട്ടിയുടേത്
advertisement
കുട്ടൻ തമ്പുരാനായി മനോജ് കെ. ജയൻ നിറഞ്ഞാടിയ 'സർഗം' സിനിമയിൽ മകനെ ഉപദേശിക്കാനോ നിയന്ത്രിക്കാനോ കഴിയാത്ത അമ്മയായ സുഭദ്രയുടെ വേഷം ഊർമിള ഉണ്ണിയുടെ കൈകളിൽ ഭദ്രം. ഹരിഹരൻ സംവിധാനം ചെയ്ത ചിത്രം, മലയാള സിനിമയുടെ ക്‌ളാസിക്കുകളിൽ ഒന്നാണ്. രണ്ടു ദേശീയ പുരസ്കാരങ്ങളും, മൂന്ന് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും കരസ്ഥമാക്കിയ സിനിമയാണിത്. വർഷങ്ങൾ ഇത്രയും പിന്നിട്ടിട്ടും, മനോജ് കെ. ജയനെയും വിനീതിനെയും നേരിൽക്കണ്ടാൽ 'സർഗം' സിനിമയുടെ വിശേഷങ്ങൾ പറയാറുണ്ട് എന്ന് ഊർമിള ഉണ്ണി. പ്രത്യേകിച്ചും ഒരു താരത്തെക്കുറിച്ച് (തുടർന്ന് വായിക്കുക)
advertisement
സംഗീതത്തിന് വളരെയേറെ പ്രാധാന്യമുള്ള സിനിമയായിരുന്നു 'സർഗം'. പ്രത്യേകിച്ചും ശാസ്ത്രീയ സംഗീതത്തിന്. സിനിമയിലെ കഥാപാത്രങ്ങളും അത്രകണ്ട് ഗൗരവമേറിയവരായിരുന്നു. തമാശയ്ക്ക് ഈ സിനിമയിൽ ഇടമില്ലായിരുന്നു. അവിടേയ്ക്കാണ് ആന്ധ്രയിൽ നിന്നും യെഡി വിജയലക്ഷ്മി എന്ന ഒൻപതാം ക്‌ളാസുകാരി വരുന്നത്. ആ സിനിമയിൽ വരുമ്പോൾ, ആ കുട്ടിക്ക് മലയാള ഭാഷയറില്ല. സംസാരിക്കാൻ ആകെ അറിയാമായിരുന്നത് തെലുങ്ക് മാത്രം. പാട്ടോ ഡാൻസോ അറിയുമായിരുന്നില്ല. ഫുൾ പാവാട ധരിച്ച് ഷൂട്ടിങ്ങിനെത്തിയിരുന്ന പെൺകുട്ടി പലർക്കും തമാശയായിരുന്നു എന്ന് ഊർമിള ഉണ്ണി ഓർക്കുന്നു
advertisement
എന്നാൽ, യെഡി വിജയലക്ഷ്മി പിൽക്കാലത്ത് ശ്രദ്ധേയയായത് ഇന്നും പ്രേക്ഷകർ മറന്നിട്ടില്ലാത്ത ഐറ്റം ഡാൻസുകൾക്കായിരുന്നു. അതുപോലെ തന്നെ കഥാപാത്രങ്ങളും അവർക്ക് വന്നുചേർന്നു. വിജയലക്ഷ്മി സർഗം സിനിമയിൽ അമൃത എന്ന പേരിൽ അഭിനയിച്ചുവെങ്കിലും പിന്നീട് അറിയപ്പെട്ടത് രംഭ എന്ന പേരിലാണ്. പാട്ട് അറിയാതിരുന്ന ആ പെൺകുട്ടിക്ക് 'സർഗം' എന്ന സിനിമ വളരെ വലിയ വെല്ലുവിളിയായിരുന്നു. രംഭ ഭാഗമായിരുന്ന ഷോട്ടുകളിൽ ഷൂട്ടിങ്ങിനിടെ വിനീത് എങ്ങാനും തന്നെ നോക്കി ഒരാംഗ്യം കാണിച്ചാൽ, ഷോട്ടിൽ ചിരി വന്നുപോകുമായിരുന്നു എന്ന് ഊർമിള ഉണ്ണി
advertisement
ഇന്നും മനോജിനെയും വിനീതിനെയും കണ്ടാൽ രംഭയെക്കുറിച്ച് സംസാരിക്കാറുണ്ട്. 'സർഗം' കഴിഞ്ഞിട്ടും രംഭയ്ക്ക് മലയാള സിനിമയിൽ നായികാ പ്രാധാന്യമുള്ള റോളുകൾ കൈനിറയെ ലഭിച്ചു. 'ചമ്പക്കുളം തച്ചൻ' എന്ന ചിത്രത്തിലും രംഭ നാടൻ പെൺകുട്ടിയുടെ റോളിലാണ് അഭിനയിച്ചത്. എന്നാൽ, രണ്ടായിരങ്ങൾ പിന്നിട്ടതും, രംഭ ചെയ്ത വേഷങ്ങളെല്ലാം ഗ്ലാമർ തുളുമ്പുന്നതായി. ഇതിനിടെ തമിഴിൽ 'അഴകിയ ലൈല...' ആടിത്തകർത്ത നടി തെന്നിന്ത്യൻ സിനിമയിൽ പ്രശസ്തയായി മാറിയിരുന്നു. മമ്മൂട്ടി, ദിലീപ്, ജയറാം, കലാഭവൻ മണി എന്നിവരുടെ നായികയായി രംഭ സ്‌ക്രീനിൽ നിറഞ്ഞു
advertisement
ഒരുകാലത്ത് വിവാഹം ചെയ്യില്ല എന്ന് തീരുമാനിച്ചുറപ്പിച്ച നായകന്മാരുടെ മനസ്സ് ഇളക്കാൻ വരുന്ന രംഭയായി രംഭ ചെയ്ത വേഷങ്ങൾ മലയാള സിനിമയിലുണ്ട്. മയിലാട്ടം, ക്രോണിക്ക് ബാച്ചിലർ, കൊച്ചിരാജാവ് സിനിമകളിലെ കഥാപാത്രങ്ങൾ മാത്രം മതി ഉദാഹരണം. സിനിമയിൽ തിളങ്ങി നിന്ന രംഭ വിവാഹശേഷം അഭിനയത്തിൽ നിന്നും പൂർണമായും വിടവാങ്ങി. ഇപ്പോൾ, ഭർത്താവിനും മൂന്ന് മക്കൾക്കുമൊപ്പം രംഭ വിദേശത്താണ് താമസം. ഭർത്താവിന് ഒരു വലിയ ബിസിനസ് സംരംഭമുണ്ട്