T20 World Cup | ഇന്ത്യൻ കലിപ്പിൽ ചാരമായി പാകിസ്ഥാൻ; കൊളംബോ ടി20യിൽ ഇന്ത്യയ്ക്ക് 61 റൺസിന്റെ ജയം
- Published by:Nandu Krishnan
- news18-malayalam
Last Updated:
മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ 18 ഓവറിൽ വെറും 114 റൺസിന് പുറത്തായി
ക്രിക്കറ്റ് ആരാധകർ ഒന്നടങ്കം കാത്തിരുന്ന ഇന്ത്യ പാക് ആവേശ പോരാട്ടത്തിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യ. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 61 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 175/6 എന്ന സ്കോർ ഉയർത്തിയപ്പോൾ, മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാനെ 18 ഓവറിൽ വെറും 114 റൺസിന് ഇന്ത്യ പുറത്താക്കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണ് നേടിയത്. ആദ്യ ഓവറിൽത്തന്നെ സഞ്ജു സാംസണ് പകരം ടീമിലെത്തിയ ഓപ്പണർ അഭിഷേക് ശർമയെ റണ്ണൊന്നുമെടുക്കാതെ നഷ്ടമായെങ്കിലും, ഇഷാൻ കിഷന്റെ തകർപ്പൻ ബാറ്റിംഗാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. വെറും 27 പന്തിൽ അർധ സെഞ്ച്വറി തികച്ച ഇഷാൻ, ഇന്ത്യ-പാക് ടി20 പോരാട്ടങ്ങളിലെ ഏറ്റവും വേഗമേറിയ മൂന്നാമത്തെ ഫിഫ്റ്റി എന്ന റെക്കോർഡ് സ്വന്തമാക്കി. 40 പന്തിൽ 77 റൺസെടുത്ത ഇഷാനെ സായിം അയൂബാണ് പുറത്താക്കിയത്.
advertisement
സൂര്യകുമാർ യാദവ് (32), ശിവം ദുബെ (27), തിലക് വർമ (25) എന്നിവർ ഇന്ത്യൻ സ്കോർ ഉയർത്തുന്നതിൽ പ്രധാന പങ്കു വഹിച്ചു.ഹാർദിക് പാണ്ഡ്യ റണ്ണൊന്നും നേടാതെ പുറത്തായത് നിരാശപ്പെടുത്തി. റിങ്കു സിങ് 11 റൺസുമായി പുറത്താവാതെ നിന്നു. സ്പിന്നിനെ തുണയ്ക്കുന്ന കൊളംബോയിലെ പിച്ചിൽ ആറ് സ്പിന്നർമാരെ ഉപയോഗിച്ചാണ് പാകിസ്ഥാൻ ഇന്ത്യൻ ബാറ്റർമാരെ നേരിട്ടത്.
പാകിസ്ഥാന് വേണ്ടി സായിം അയൂബ് നാല് ഓവറിൽ 25 റൺസ് മാത്രം വഴങ്ങി മൂന്ന് പ്രധാന വിക്കറ്റുകൾ വീഴ്ത്തി. ക്യാപ്റ്റൻ സൽമാൻ ആഗ, ഷഹീൻ അഫ്രീദി, ഉസ്മാൻ താരിഖ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
advertisement
മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് തുടക്കത്തിൽ തന്നെ പിഴച്ചു. ആദ്യ 13 റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ മൂന്ന് വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്. ഓപ്പണർ ഷഹിബ്സാദ ഫർഹാനെ ഹർദിക് പാണ്ഡ്യ പൂജ്യത്തിന് പുറത്താക്കിയപ്പോൾ 4 റൺസ് എടുത്ത ക്യാപ്റ്റൻ സൽമാൻ ആഗയെയും 6 റൺസ് എടുത്ത സയീം അയുബിനെയും ജസ്പ്രിത് ബുംറ പുറത്താക്കി.പിന്നാലെ വന്ന ബാബർ അസമിനും പാക് സ്കോർബോഡിലേക്ക് കൂടുതലായൊന്നും സംഭാവന ചെയ്യാനില്ലായിരുന്നു. 5 റൺസ് എടുത്ത ബാബർ അസമിനെ അക്സർ പട്ടേൽ ക്ലീൻ ബൌൾഡ് ആക്കിയതോടെ പാക് മുൻ നിര തകരുകയായിരുന്നു. അഞ്ചാമനായി ഇറങ്ങിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഉസ്മാൻ ഖാൻ രക്ഷാ മധ്യനിരയിൽ രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും മികച്ച കൂട്ടുകെട്ട് പടുത്തുയർത്താൻ കഴിയാതിരുന്നത് തിരിച്ചടിയായി. 34 പന്തിൽ 44 റൺസ് എടുത്ത ഉസ്മാൻ ഖാനെ അക്സർ പട്ടേലാണ് പുറത്താക്കിയത്. 15 പന്തിൽ 14 റൺസെടുത്ത ഷദാബ് ഖാൻ ഉസ്മാൻ ഖാന് പിന്തുണ നൽകാൻ ശ്രമിച്ചെങ്കിലും തിലക് വർമയുടെ പന്തിൽ ശിവം ഡൂബെ ക്യാച്ചെടുത്ത് കൂടാരം കയറ്റി. പിന്നീട് വന്ന വാലറ്റത്തെ ബാറ്റ്സ്മാൻ മാരും ഒന്നിനു പുറകെ ഒന്നായി കൂടാരം കയറിയതോടെ പാകിസ്ഥാൻ 18 ഓവറിൽ 113 റൺസിന് ഇന്ത്യയ്ക്കു മുന്നിൽ മുട്ടുകുത്തുകയായിരുന്നു. വെറും നാല് ബാറ്റ്സ്മാൻമാർ മാത്രമാണ് പാക് നിരയിൽ രണ്ടക്കം കടന്നത്.
advertisement
ഇന്ത്യക്കായി ഹാർദിക് പാണ്ഡ്യ, ജസ്പ്രിത് ബുംറ, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ രണ്ടു വിക്കറ്റ് വീതവും കുൽദീപ് യാദവ്, തിലക് വർമ്മ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
അതേസമയം പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഈ മത്സരത്തിലും പാക് താരങ്ങൾക്ക് ഹസ്തദാനം നൽകേണ്ടതില്ലെന്ന നിലപാട് ഇന്ത്യ കർശനമായി പിന്തുടർന്നു. ഇതിന്റെ ഭാഗമായി ഇരു ടീമുകളുടെയും നായകന്മാരായ സൂര്യകുമാർ യാദവും സൽമാൻ അലി ആഗയും മത്സരത്തിന് മുന്നോടിയായി പരസ്പരം കൈകൊടുക്കാൻ തയ്യാറായില്ല.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Feb 15, 2026 10:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
T20 World Cup | ഇന്ത്യൻ കലിപ്പിൽ ചാരമായി പാകിസ്ഥാൻ; കൊളംബോ ടി20യിൽ ഇന്ത്യയ്ക്ക് 61 റൺസിന്റെ ജയം










