Kamal Roy | ഉർവശിയുടെ നിരപരാധിയായ സഹോദരന് ആ രാത്രി വെട്ടേറ്റു; പിന്നീട് കോമയിൽ; നടുക്കുന്ന സംഭവത്തിന് പിന്നിൽ
- Published by:meera_57
- news18-malayalam
Last Updated:
വളരെ വർഷങ്ങൾക്ക് മുൻപ് സംഭവിച്ച ഒരു അപകടത്തെ തരണം ചെയ്ത് ജീവിതത്തിലേക്ക് മടങ്ങിവന്ന ആളാണ് കമൽ റോയ്
നടിമാരായ ഉർവശി, കല്പന, കലാരഞ്ജിനിമാരുടെ കുടുംബത്തിൽ അവശേഷിച്ച ഏക സഹോദരനും വിടവാങ്ങി. രണ്ടു ദിവസം മുൻപാണ് ചലച്ചിത്ര, സീരിയൽ നടൻ കൂടിയായ കമൽ റോയിയുടെ (Kamal Roy) വിയോഗം. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. 'സായൂജ്യം' എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ച കമൽ റോയ്, സിനിമയിലും സീരിയലിലും ശ്രദ്ധേയവേഷങ്ങൾ ചെയ്തിട്ടുണ്ട്. വളരെ വർഷങ്ങൾക്ക് മുൻപ് സംഭവിച്ച ഒരു അപകടത്തെ തരണം ചെയ്ത് ജീവിതത്തിലേക്ക് മടങ്ങിവന്ന ആളാണ് കമൽ റോയ്. കമലിന് സംഭവിച്ച ആ അപകടത്തെക്കുറിച്ച് ആലപ്പി അഷറഫ് അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലായ 'ആലപ്പി അഷറഫ് കണ്ടത് കേട്ടതും' എന്ന യൂട്യൂബ് ചാനലിൽ ഓർക്കുന്നു
advertisement
ആലപ്പി അഷറഫ് ജീവൻ ടി.വിയിൽ പ്രോഗ്രാം ചീഫ് ആയി ജോലിനോക്കുന്ന കാലം. അങ്ങനെയിരിക്കെ തന്റെ സഹോദരന് ജീവൻ ടി.വിയിൽ ഒരു ജോലി കൊടുക്കാമോ എന്ന് ചോദിച്ചു കൊണ്ട് കല്പന അഷറഫിനെ വിളിക്കുന്നു. സഹോദരന് ആ ജോലിയിൽ താല്പര്യമുണ്ട്. സംസാരിക്കാം, നോക്കാം എന്ന് പറഞ്ഞ അഷറഫ് ജീവൻ ടി.വി. എം.ഡി. ബേബി മാത്യു സോമതീരവുമായി സംസാരിച്ചു. ആദ്യത്തെ വിവാഹം വേർപെട്ട ശേഷം കമൽ റോയ്, സീരിയൽ നടി രേഖ രതീഷുമായി വിവാഹം ചെയ്തിരുന്ന സമയം കൂടിയായിരുന്നു അത്. രേഖയ്ക്ക് അന്ന് സീരിയലുകൾ ഉണ്ടായിരുന്നു. കമലിന് ഒരു ജോലി ആവശ്യമായിരുന്നു (തുടർന്ന് വായിക്കുക)
advertisement
കല്പനയുടെ സഹോദരന് ആ ജോലി കൊടുക്കാൻ എം.ഡിക്കും സമ്മതം. കമൽ അദ്ദേഹത്തെ വന്നൊന്ന് കാണണം എന്നും പറഞ്ഞ ശേഷം കൂടിക്കാഴ്ചയ്ക്കുള്ള ദിവസവും അറിയിച്ചു. അന്ന് 'ഉണ്ണിയാർച്ച' എന്ന പരമ്പരയുടെ ഷൂട്ടിങ്ങിനായി കമൽ റോയ് കൊയിലാണ്ടിയിലായിരുന്നു. പിന്നീട് 'ഞാൻ പുറപ്പെട്ടു, നാളെ രാവിലെ അവിടെ എത്തും' എന്ന് അദ്ദേഹം അറിയിക്കുന്നു. ജീവൻ ടി.വിയിലേക്ക് പുറപ്പെട്ട കമൽ വഴിയരികിൽ കാർ നിർത്തി. അപ്പോൾ തുറന്നിരുന്ന ഒരു കടയിൽ നിന്നും ഏതാനും സാധനങ്ങൾ വാങ്ങുന്നു. അവിടെ നിന്നും സിഗരറ്റും പുകച്ചു നടന്ന കമൽ റോയിക്ക് പിന്നിൽ നിന്നും വടിവാൾ കൊണ്ട് വെട്ടേൽക്കുന്നു
advertisement
ഇരുമ്പു വടി കൊണ്ട് അടിയുമേറ്റു. സംഭവിച്ചതെന്ത് എന്ന് അറിയാതെ ചോരയിൽക്കുളിച്ച കമൽ റോയ് ബോധരഹിതനായി നിലത്തു വീണു. പോലീസ് എത്തിയപ്പോൾ കമലിന്റെ ഫോൺ ബെല്ലടിക്കുന്നു. ആ ഫോൺ കോൾ പോലീസാണ് എടുത്തത്. മറുതലയ്ക്കൽ നടൻ മനോജ് കെ. ജയൻ. മനോജിനോട് പോലീസ് കാര്യങ്ങൾ വിശദമാക്കി. കമലിനെ എത്രയും വേഗം അമൃതാ ആശുപത്രിയിൽ എത്തിക്കാൻ മനോജ് അവരോട് അഭ്യർത്ഥിച്ചു. ഉർവശി അന്ന് ഷൂട്ടിങ്ങിനായി വൈറ്റ് ഫോർട്ട് എന്ന ഹോട്ടലിൽ തങ്ങുന്നുണ്ടായിരുന്നു. ജീവിതത്തതിൽ ആരോടും ഒരു ദ്രോഹവും ചെയ്യാത്ത കമൽ റോയിക്ക് ജീവിതത്തിൽ ഇങ്ങനെയൊരു തിരിച്ചടി നേരിടേണ്ടി വരുന്നു
advertisement
അന്ന് കമൽ സിഗരറ്റ് വാങ്ങിയ കടയുടെ പരിസരത്ത് ബി.ജെ.പി., മുസ്ലിം ലീഗ് സംഘർഷം നടക്കുന്ന കാലമായിരുന്നു. ആ കയ്യാങ്കളിയിൽ കമലിന്റെ രൂപസാദൃശ്യമുള്ള ഒരാൾ പങ്കാളിയായിരുന്നു. അയാൾ എന്ന് കരുതിയാകണം, ഇരുട്ടിന്റെ മറവിൽ ആ വെട്ട് കമലിന്റെ മേൽ പതിച്ചത്. അവർ പ്രതീക്ഷിച്ച ആൾ മറ്റാരോ. വെട്ടിയത് ആരെന്നോ, ഏതു രാഷ്ട്രീയ ചേരിയിൽ ഉള്ളയാൾ എന്നോ ഇന്നും ആർക്കും അറിയില്ല. ആറു മാസക്കാലം കമൽ റോയ് കോമയിൽ തുടർന്നു. തിരികെ തൃപ്പൂണിത്തുറയിലെ വീട്ടിലേക്ക്. അന്ന് അദ്ദേഹത്തെ കണ്ട ഓർമ ഇന്നും അഷറഫറിന്റെ മനസിലുണ്ട്
advertisement
മാത്രവുമല്ല, അന്ന് തലയ്‌ക്കേറ്റ പരിക്കിനെ തുടർന്ന് കമലിന്റെ തലയോട്ടിയുടെ ഒരു ഭാഗം ഇളക്കി ഫ്രിഡ്ജിൽ വച്ചിരിക്കുന്നതും അദ്ദേഹം കാണാൻ ഇടയായി. പകരം തലയിൽ ആ ഭാഗം എന്തെല്ലാമോ വച്ച് മറച്ചിരിക്കുന്നു. കുറച്ചു കാലം കഴിഞ്ഞ് ആ ഭാഗം തിരികെവച്ചു. തനിക്ക് ആശ്ചര്യവും സങ്കടവും തോന്നിയ നിമിഷമായിരുന്നു അതെന്ന് അഷറഫ് ഓർക്കുന്നു. അന്ന് കമൽ റോയുടെ ഭാര്യയായിരുന്ന രേഖ, വിവാഹബന്ധം വേർപെടുത്തി മറ്റൊരു വിവാഹം ചെയ്തു







