തിരുവനന്തപുരം: സംസ്ഥാനത്തെ നാല് മേഖലകളായി തിരിച്ച് നിയന്ത്രണങ്ങൾ നടപ്പിലാക്കാനാണ് സർക്കാർ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഈ നിർദ്ദേശങ്ങൾ കേന്ദ്രസർക്കാരിന് മുന്നിൽ അവതരിപ്പിച്ച് കേന്ദ്രത്തിന്റെ അനുമതിയോടെ അവ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള കാസർഗോഡ്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളാണ് ആദ്യത്തെ മേഖലയിലുള്ളത്. ഈ ജില്ലകളിൽ മെയ് മൂന്നുവരെ കർശന നിയന്ത്രണങ്ങളാകും നടപ്പിലാക്കുക. ഈ നാല് ജില്ലകളിലും തീവ്ര രോഗബാധയുള്ള ഹോട്ട് സ്പോട്ടുകൾ പ്രത്യേകമായി കണ്ടെത്തി അവയുടെ അതിർത്തി അടയ്ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മൂന്നാമത്തെ മേഖലയിൽ ഉൾപ്പെടുന്നത് ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, തൃശൂർ, വയനാട് ജില്ലകളാണ്. ഇവിടെ ഭാഗികമായി സാധാരണ ജീവിതം അനുവദിക്കും. എന്നാൽ മറ്റെല്ലാ നിയന്ത്രണങ്ങളും ഇവിടെ ബാധകമായിരിക്കും.ഈ ജില്ലകളിലെ ഭക്ഷണ ശാലകൾ ഉൾപ്പെടെയുള്ളവ വൈകിട്ട് ഏഴുമണിവരെ അനുവദിക്കും. എന്നാൽ ഹോട്ട് സ്പോട്ടായ വില്ലേജുകൾ കണ്ടെത്തി അവ അടച്ചിടും.
കോട്ടയം, ഇടുക്കി ജില്ലകളാണ് നാലാമത്തെ മേഖലയിലുള്ളത്. ഇതിൽ ഇടുക്കി തമിഴ്നാടുമായി അതിർത്തി പങ്കിടുന്നതിനാൽ കൂടുതൽ ജാഗ്രത പാലിക്കേണ്ടതായുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ രണ്ടുജില്ലകൾ തമ്മിൽ ജില്ല വിട്ടുള്ള യാത്രകൾ അനുവദിക്കില്ല. ഈ ജില്ലകളിൽ സാധാരണ ജീവിതം അനുവദിക്കാനാണ് ഉദ്ദേശിക്കുന്നത്. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും വേണം. രാജ്യം മുഴുവൻ ബാധകമായ മറ്റ് നിയന്ത്രണങ്ങൾ ഇവിടെയും ബാധകമായിരിക്കുമെന്നും മുഖ്യമന്ത്രി.
കാസർഗോഡ്, കണ്ണൂർ, എറണാകുളം, മലപ്പുറം തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളെയാണ് കേന്ദ്രം ഹോട്ട് സ്പോട്ടുകളായി കണക്കാക്കിയിട്ടുള്ളത്. എന്നാൽ സംസ്ഥാനത്തിന്റ നിർദ്ദേശത്തിൽ ഇവ പല മേഖലകൾക്കുള്ളിലായാണ് വരുന്നത്. അതിനാൽ കേന്ദ്രത്തിന്റെ അനുമതിയോടെ ഈ രീതി നടപ്പിലാക്കാനാണ് സംസ്ഥാനത്തിന്റെ തീരുമാനമെന്നും മുഖ്യമന്ത്രി.