ഉത്തർപ്രദേശിൽ 24കാരിയെ സഹോദരന്മാർ കൊലപ്പെടുത്തി; ദുരഭിമാനക്കൊലയെന്ന് സംശയം
ചാന്ദിനിയെ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ നവംബർ 23ന് അർജുനും ബന്ധുക്കളും അന്വേഷിച്ച് വീട്ടിൽ എത്തി. ചാന്ദിനിയെ കുറിച്ച് തിരക്കിയപ്പോൾ ഡൽഹിയിലേക്ക് മടങ്ങിപ്പോയി എന്നാണ് വീട്ടുകാർ പറഞ്ഞത്.
ഉത്തർപ്രദേശിൽ 24കാരിയെ സഹോദരന്മാർ വെടിവെച്ചു കൊന്നു. മൃതദേഹം പറമ്പിൽ കുഴിച്ചിട്ടു. ഉത്തർപ്രദേശിലെ മേംപൂരി ജില്ലയിലെ ഫറാൻജി ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്. ചന്ദിനി കശ്യപ് എന്ന യുവതിയുടെ മൃതദേഹമാണ് വെള്ളിയാഴ്ച കണ്ടെത്തിയത്.
2/ 7
ദുരഭിമാനക്കൊലയെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ സഹോദരന്മാരായ സുനിൽ, സുധീർ അമ്മ സുഖ്റാണി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട ചാന്ദിനി അർജുൻ യാദവ് എന്ന 26കാരനെ വിവാഹം കഴിച്ചിരുന്നു.
3/ 7
വീട്ടുകാരെ മറികടന്നായിരുന്നു വിവാഹം. എട്ടു വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. ജൂൺ 12ന് അമ്പലത്തിൽ വെച്ച് ഇവർ വിവാഹം കഴിക്കുകയായിരുന്നു. വിവാഹത്തിനു ശേഷം ചാന്ദിനിയും അർജുനും ഡൽഹിയിലേക്ക് പോയി. ഡൽഹിയിൽ ഒരു ഫാക്ടറിയിൽ ജോലി ചെയ്യുകയായിരുന്നു അർജുൻ.
4/ 7
നവംബർ 17ന് സഹോദരന്മാർ വിളിച്ചതിനെ തുടർന്ന് ചാന്ദിനി നാട്ടിലേക്ക് മടങ്ങിയെത്തി. ഇതിനു പിന്നാലെ ചാന്ദിനിയെ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ നവംബർ 23ന് അർജുനും ബന്ധുക്കളും അന്വേഷിച്ച് വീട്ടിൽ എത്തി. ചാന്ദിനിയെ കുറിച്ച് തിരക്കിയപ്പോൾ ഡൽഹിയിലേക്ക് മടങ്ങിപ്പോയി എന്നാണ് വീട്ടുകാർ പറഞ്ഞത്.
5/ 7
വീണ്ടും ഡല്‍ഹിയിലെത്തിയ അർജുൻ ചാന്ദിനിയുടെ സഹോദരന്മാർക്കെതിരെ മയൂർ വിഹാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി ഫറാൻജിയിലെത്തിയ ഡൽഹി പൊലീസ് ചാന്ദിനിയുടെ സഹോദരന്മാരെ ചോദ്യം ചെയ്തു.
6/ 7
തുടർന്ന് ഇവര്‍ കൊലപാതകത്തെ കുറിച്ച് തുറന്നു പറയുകയായിരുന്നു. മൃതദേഹം കുഴിച്ച സ്ഥലവും പൊലീസിനോട് പറഞ്ഞു. എന്നാൽ ഇവർ പറഞ്ഞ സ്ഥലത്ത് മൃതദേഹം ഉണ്ടായിരുന്നില്ല. തുടർന്ന് ഇവരുടെ അമ്മ കൃത്യ സ്ഥലം പൊലീസിനോട് വ്യക്തമാക്കി.
7/ 7
തുടർന്നുള്ള പരിശോധനയിൽ മൃതദേഹം കണ്ടെത്തി. ചാന്ദിനിയുടെ സഹോദരന്മാരെയും അമ്മയെയും കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ കൊലപാതകത്തിന് കേസെടുത്തതായി പൊലീസ് പറഞ്ഞു.