ഗുണ്ടൂര്‍: രണ്ട് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിൽ 19കാരന്‍ അറസ്റ്റില്‍. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ ഗോപി എന്നയാളാണ് അറസ്റ്റിലായത്. ഗുണ്ടൂരിലെ തടേപ്പള്ളിയില്‍ മെല്ലാംപുടി, വടേശ്വരം എന്നിവിടങ്ങളിലാണ് കൊലപാതകം നടന്നത്. ഈ ആഴ്ച ആദ്യം മെല്ലാംപുടിയില്‍നിന്ന് കാണാതായ ആറു വയസ്സുകാരനെ രണ്ടു ദിവസത്തിനു ശേഷം മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
സ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചു. കുട്ടിയെ വാഴത്തോട്ടത്തിൽ എത്തിച്ച് ലൈംഗിക പീഡനത്തിനു ശേഷം കൊലപ്പെടുത്തിയെന്നാണ് പ്രതി പൊലീസിനോട് സമ്മതിച്ചത്. ചോദ്യം ചെയ്യലിനിടെ, വടേശ്വരത്തുനിന്ന് ഫെബ്രുവരി 11ന് ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ കാണാതായ എട്ട് വയസുകാരനെ കുറിച്ചും പൊലീസ് ചോദിച്ചു.
പ്രതിക്ക് 14 വയസ്സായിരുന്നപ്പോള്‍, സുഹൃത്തിനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബക്കിങ്ഹാം കനാലില്‍ ഉപേക്ഷിച്ചതായി അഭ്യൂഹമുണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ സംഭവത്തില്‍ കേസൊന്നും റജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഇയാളുടെ അച്ഛനും ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.