അസംഗഡ്: മദ്യപിച്ചെത്തിയ പൊലീസുകാരൻ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചതായി പരാതി. ഉത്തർപ്രദേശിലെ അസംഗഡിലാണ് സംഭവം. ഇക്കാര്യം ചോദ്യം ചെയ്തയാളെ പൊലീസുകാരൻ വെടി വച്ചതായും പരാതിയുണ്ട്. സർവേഷ് എന്ന പൊലീസുകാരനാണ് സ്ത്രീകൾക്ക് എതിരെ മോശമായി പെരുമാറിയതെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്തു. കിഷൻലാൽ എന്നയാൾക്കാണ് പൊലീസുകാരൻ നടത്തിയ വെടിവെപ്പിൽ പരിക്കേറ്റത്.
ഗ്രാമത്തിലെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സ്ത്രീകൾ. സ്ത്രീകൾ വഴിയിലൂടെ കടന്നുപോകുന്ന സമയത്ത് റോഡിൽ മറ്റ് ആളുകൾക്കൊപ്പം നിന്ന് മദ്യപിക്കുകയായിരുന്ന പൊലീസുകാരൻ സ്ത്രീകൾക്ക് എതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തുകയായിരുന്നു. കിഷൻ ലാൽ ഇതിനെ ചോദ്യം ചെയ്തപ്പോൾ പൊലീസുകാരൻ വെടി പൊട്ടിച്ചു. ഇതിനെ തുടർന്ന് വാക്കേറ്റം നടക്കുകയും വാക്കുതർക്കം അക്രമാസക്തമാകുകയും ചെയ്യുകയായിരുന്നു.