ഔറംഗബാദ്: അഞ്ചു വർഷം മുമ്പ് കൂട്ടബലാത്സംഗത്തിന് ഇരയായ മുപ്പതുകാരിയെ നാടുകടത്താൻ പഞ്ചായത്ത് പ്രമേയം പാസാക്കി. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം. 2015ൽ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ നാടു കടത്താനാണ് ഗ്രാമ പഞ്ചായത്ത് പ്രമേയം പാസാക്കിയത്. പ്രമേയം പാസാക്കിയതോടെ സ്ഥലത്ത് നിന്ന് ഒഴിഞ്ഞുപോകാൻ യുവതിയെ നാട്ടുകാർ നിർബന്ധിക്കുകയാണ്.
അഞ്ചു വർഷം മുമ്പാണ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. പരുത്തി പറിക്കാൻ ഗ്രാമത്തിലെ ഫാമിലേക്ക് പോയപ്പോൾ ആയിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഈ വർഷം ആദ്യം നാലുപേർക്ക് കോടതി ജീവപര്യന്തം തടവു വിധിച്ചിരുന്നു. അതേസമയം, ഗ്രാമം വിട്ടുപോകാൻ ആവശ്യപ്പെട്ട് വീടിന്റെ വാതിലിൽ നോട്ടീസ് പതിപ്പിച്ചതായി യുവതി വാർത്താചാനലിനോട് പറഞ്ഞു. ഗ്രാമവാസികൾ തന്നെ ഭീഷണിപ്പെടുത്തുണ്ടെന്നും യുവതി ആരോപിച്ചു.
'ഈ വർഷം ഓഗസ്റ്റ് 15ന് മൂന്ന് ഗ്രാമങ്ങൾ സ്ത്രീയെ നാടുകടത്താനുള്ള പ്രമേയങ്ങൾ പാസാക്കി. ഞങ്ങളുടെ പരിശോധനയിൽ, ഈ ഗ്രാമങ്ങൾ പരസ്പരം സ്ഥിതിചെയ്യുന്ന പ്രമേയങ്ങൾ പ്രത്യേകം പാസാക്കിയതായി ഞങ്ങൾ കണ്ടെത്തി' - എന്ന് ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ അനിരുദ്ധ സനപ് പറഞ്ഞു. അതേസമയം, യുവതിയുടെ വീട്ടിൽ ഒട്ടിച്ച നോട്ടീസ് കൈയേറ്റവുമായി ബന്ധപ്പെട്ടതാണെന്നാണ് ഗ്രാമസേവകരുടെ മറുപടി.