പാലക്കാട് നെൽപ്പാടത്ത് യുവാക്കളുടെ മൃതദേഹങ്ങൾ കുഴിച്ചിട്ടത് സ്ഥലമുടമ; മരണം പന്നിക്ക് വെച്ച വൈദ്യുതി കെണിയിലെ ഷോക്കേറ്റ്
- Published by:Rajesh V
- news18-malayalam
Last Updated:
കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് പാൽനീരി കോളനിക്ക് സമീപത്തെ നെൽപാടത്താണ് യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്
പാലക്കാട്: കൊടുമ്പ് കരിങ്കരപ്പുള്ളിയിൽ രണ്ട് യുവാക്കൾ മരിച്ചത് ഷോക്കേറ്റെന്ന് സൂചന. കാട്ടുപന്നിയെ കുടുക്കാനുള്ള വൈദ്യുതിക്കെണിയിൽനിന്ന് ഷോക്കേറ്റാണ് യുവാക്കള്‍ മരിച്ചതെന്നാണ് പ്രാഥമിക വിവരം. സ്ഥല ഉടമ ആനന്ദ്കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ തന്നെ പാടത്തു കുഴിയെടുത്തു മൃതദേഹങ്ങൾ കുഴിച്ചിട്ടെന്നാണ് പൊലീസിന്റെ നിഗമനം.
advertisement
കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് പാൽനീരി കോളനിക്ക് സമീപത്തെ നെൽപാടത്താണ് യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. സതീഷ് (22), ഷിജിത്ത് (22) എന്നിവരാണ് മരിച്ചതെന്നാണ് സൂചന. ഞായറാഴ്ച രാത്രി വെനേലി ഭാഗത്തുണ്ടായ അടിപിടിക്കേസുമായി ബന്ധപ്പെട്ട് സതീഷ്, ഷിജിത്ത്, സുഹൃത്തുക്കളായ അഭിൻ, അജിത്ത് എന്നിവർക്കെതിരെ കസബ പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് 4 പേരും കരിങ്കരപ്പുള്ളിയിൽ സതീഷിന്റെ ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്.
advertisement
തിങ്കളാഴ്ച പുലർച്ചെയോടെ പൊലീസ് സംഘം ഇവിടെയെത്തിയെന്ന് ഭയന്ന് അഭിനും അജിത്തും ഒരു വശത്തേക്കും സതീഷും ഷിജിത്തും മറ്റൊരു വശത്തേക്കും ഓടി. അഭിനും അജിത്തും വേനോലിയിൽ എത്തിയെങ്കിലും സതീഷിനെയും ഷിജിത്തിനെയും കണ്ടെത്താനായില്ല. ഫോൺ വിളിച്ചപ്പോഴും ലഭിച്ചില്ല. ഇതോടെ ഇരുവരും കസബ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
advertisement
advertisement
കാട്ടുപന്നിയെ കുടുക്കാൻ വച്ച വൈദ്യുതിക്കെണിയിൽ പെട്ടാണ് ഇരുവരും മരിച്ചതെന്നാണ് ചോദ്യം ചെയ്യലില്‍നിന്നു വ്യക്തമായതെന്ന് പൊലീസ് അറിയിച്ചു. സ്ഥലം ഉടമ തന്നെ പാടത്തു കുഴിയെടുത്തു മൃതദേഹങ്ങൾ മറവു ചെയ്തെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹങ്ങൾ ബുധനാഴ്ച രാവിലെ പുറത്തെടുത്തു പോസ്റ്റ്മോർട്ടത്തിന് അയയ്ക്കും. തുടർന്നു മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ. മറ്റാർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നു.