സുശാന്തിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബവും സുഹൃത്തുക്കളും ആരാധകരും ഉന്നയിക്കുന്ന വാദങ്ങൾ തള്ളുന്ന തരത്തിലാണ് എയിംസ് റിപ്പോർട്ട്. താരത്തിന് വിഷം നൽകിയ ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന തരത്തിലുള്ള സംശയങ്ങളെയും സിദ്ധാന്തങ്ങളെയും ഫോറൻസിക് സംഘം തള്ളി. മരണം ആത്മഹത്യ തന്നെയാണെന്നാണ് ഇവരുടെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സംഘം സിബിഐക്ക് കൈമാറുകയും ചെയ്തു.
അതേസമയം താരത്തിന്‍റെ കുടുംബവും അഭിഭാഷകനും ഈ റിപ്പോർട്ടിൽ സംശയങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. റിപ്പോര്‍ട്ട് തൃപ്തികരമല്ല എന്നാണ് ഇവരുടെ നിലപാട്. എയിംസിലെ ഡോ.സുധീർ ഗുപ്തയുടെ നേതൃത്വത്തിലെ ഫോറന്‍സിക് പാനൽ സമർപ്പിച്ച റിപ്പോർട്ടിൽ സംശയം പ്രകടിപ്പിച്ച് ആരാധകരും എത്തിയിരുന്നു. ഡോ.സുധീർ മിശ്രയെക്കുറിച്ച് അന്വേഷണം വേണമെന്ന തരത്തിലും ആവശ്യം ഉയര്‍ന്നു വരുന്നുണ്ട്.
എന്നാൽ റിപ്പോർട്ടിൽ ആശ്ചര്യം ഒന്നുമില്ലെന്നാണ് മുംബൈ പൊലീസിന്‍റെ നിലപാട്. സുശാന്തിന്‍റെ കേസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന പേരിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേൾക്കേണ്ടി വന്നത് കേസ് ആദ്യം അന്വേഷിച്ച മുംബൈ പൊലീസിനാണ്. ആ സാഹചര്യത്തിൽ കൂടിയാണ് കേസ് ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കുന്ന എയിംസ് റിപ്പോർട്ട് പിന്തുണച്ച് മുംബൈ പൊലീസ് പ്രതികരണം.
'ഞങ്ങൾക്ക് ഒട്ടും ആശ്ചര്യം തോന്നുന്നില്ല. കൂപ്പർ ആശുപത്രി സംഘവും ഇതേ കണ്ടെത്തൽ തന്നെയാണ് നടത്തിയത്. തീർത്തും രഹസ്യാത്മകമായി നടന്ന ഒരു അന്വേഷണത്തെക്കുറിച്ച് നിങ്ങൾക്ക് എന്ത് വിവരങ്ങളാണ് അറിയുന്നതെന്ന് വെളിപ്പെടുത്താൻ, യാതൊരു ധാരണയും ഇല്ലാതെ ഞങ്ങളുടെ അന്വേഷണത്തെ വിമർശിക്കുകയും ചാനലുകളിൽ പോയി പലതരത്തിലുള്ള പ്രതികരണങ്ങൾ നടത്തിയവരെയും ഞാന്‍ വെല്ലുവിളിക്കുകയാണ്. എല്ലാം ചിലരുടെ നിക്ഷിപ്ത താത്പ്പര്യങ്ങളുടെയും പ്രചോദനം മൂലം ഉയർന്ന ചില ക്യാംപെയ്നുകളുടെയും ഫലം ആയിരുന്നു' എന്നാണ് മുംബൈ പൊലീസ് കമ്മീഷണർ പരംബീർ സിംഗ് പ്രതികരിച്ചത്.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഫോറന്‍സിക് മെഡിക്കൽ ബോർഡ് രൂപീകരിച്ചത്.സുശാന്തിന്റെ പോസ്റ്റുമോർട്ടം നടത്തിയ കൂപ്പർ ആശുപത്രിയുടെ കണ്ടെത്തലുകൾ ശരിവയ്ക്കുന്നതാണ് എയിംസിലെ ഡോക്ടമാരുടെ റിപ്പോർട്ട്.ഇതോടൊപ്പെം സാഹചര്യത്തെളിവുകളും ആത്മഹത്യയാണെന്നാണ് ചൂണ്ടിക്കാണിക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സുശാന്തിന്റെ മരണം ആത്മഹത്യയാണെന്ന റിപ്പോർട്ട് ലഭിച്ചതോടെ ഇനി ഇക്കാര്യം കേന്ദ്രീകരിച്ചാകും അന്വേഷണം തുടരുകയെന്ന് സിബിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങളും വ്യക്തമാക്കിയിരിന്നു.. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് സിബിഐ അന്വേഷിക്കും. കൊലപാതകമെന്ന് സൂചിപ്പിക്കുന്ന എന്തെങ്കിലും സൂചന ലഭിച്ചാൽ ആ നിലയ്ക്കും അന്വേഷിക്കുമെന്നും അറിയിച്ചിട്ടുണ്ട്.