'ലഹരി കേസുമായി ബന്ധപ്പെട്ട് നിരവധി താരങ്ങളുടെ പേരുകൾ കേട്ടിരുന്നു. ഇതിൽ ദീപിക പദുകോണിനെയും ദിയാ മിർസയെയും പുതിയ തലമുറ താരങ്ങളിൽ സാറ അലി ഖാനെയും നന്നായി അറിയാം.. അതുകൊണ്ട് തന്നെ അവരുടെ ബന്ധം ആശ്ചര്യം ഉയർത്തുന്നതാണ്. എനിക്ക് മാത്രമല്ല ഇൻഡസ്ട്രിക്കും അവരുടെ ആരാധകർക്ക് പോലും' ന്യൂസ് 18നോട് സംസാരിക്കവെ രൂപ വ്യക്തമാക്കി
"പക്ഷെ ഇപ്പോൾ ഈ താരങ്ങൾ NCB അന്വേഷണത്തോട് സഹകരിക്കുകയാണ് വേണ്ടത്. അണിയറയ്ക്ക് പിന്നിൽ നിന്ന് പ്രവർത്തിച്ച് ലഹരി മരുന്ന് എത്തിച്ച് നൽകുന്നയാളെ പിടികൂടാൻ പിന്തുണയ്ക്കുകയാണ് വേണ്ടത്. ശരിക്കും മയക്കിമരുന്നുകൾ എത്തിച്ചു നല്‍കുന്ന ഏതോ വ്യക്തിയുണ്ട്. അയാള്‍ ഇപ്പോൾ രഹസ്യമായ ബന്ധങ്ങൾ പലതും മറച്ചു തന്നെ വയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.. വിഷയം ശ്രദ്ധ തിരിച്ചു വിടാൻ ഒരു പിആർ മെഷിനറി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്' ബിജെപി എംപി പറയുന്നു.
ഇൻഡസ്ട്രിയിലെ പല പാർട്ടികളിലും ആളുകൾ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ചും ഈ മുൻകാല താരം പറയുന്നു. ' ലഹരി വസ്തു എന്നത് ഇൻഡസ്ട്രിയിൽ പുതുമയുള്ള കാര്യമല്ല. ഇൻഡസ്ട്രിയിലെ പല ആളുകളും വെളുത്ത പൊടി ഉപയോഗിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. മഹാഭാരതം ചെയ്തിരുന്ന സമയത്ത് ഒരു പ്രമുഖ ഡയറക്ടർ വിളിച്ചതനുസരിച്ച് ഒരു പാർട്ടിയിൽ പങ്കെടുത്തിരുന്നു. അവിടുത്തെ ഇരുട്ട് നിറഞ്ഞ പുകമയമായ അന്തരീക്ഷം കണ്ട് ഭയന്ന് ഹോട്ടൽ മുറിയിലേക്ക് തന്നെ മടങ്ങുകയാണുണ്ടായത്.'
"പിന്നീടും പല ആളുകളും വമ്പൻ വാഗ്ദാനങ്ങളുമായി സമീപിച്ചിരുന്നു. ദുബായിൽ ഷോ, പണം തുടങ്ങി ആകര്‍ഷകമായ വാഗ്ദാനങ്ങളാണ് ഇവര്‍ മുന്നോട്ട് വയ്ക്കുന്നത്. ഇത്തരത്തിൽ നമ്മളെ വലയിലാക്കി അവരുടെ റാക്കറ്റിന്‍റെ കണ്ണിയാക്കുകയാണ് ലക്ഷ്യം. അക്കാലത്ത് മൊബൈൽ ഇല്ലാതിരുന്നതിനാൽ ഞാൻ ഒരു ടേപ്പ് റിക്കോർഡറിൽ ഇവരുടെ സംഭാഷണം റെക്കോഡ് ചെയ്തു. അത് പൊലീസിന് കൈമാറുമെന്ന് ഭീഷണിപ്പെടുത്തി.. വളരെ ബുദ്ധിപരമായി ഇടപെട്ടാണ് ഈ റാക്കറ്റിൽ നിന്നും ലഹരി മരുന്ന് ഇടപാടുകാരിൽ നിന്നും അകന്നു നിന്നത്' രൂപ പറയുന്നു.
ലഹരി റാക്കറ്റ് വലിയ നിലയിലാണ് പ്രവർത്തിക്കുന്നത്. പല മോഹന വാഗ്ദാനങ്ങളും അവർ നൽകും. അവരിൽ നിന്നും അകന്ന് നിൽക്കാനാണ് താരങ്ങൾ ശ്രമിക്കേണ്ടത്. " ദുബായ് ഷോകള്‍ക്കും മറ്റുമായി വന്‍ തുകയും ആകർഷക സമ്മാനങ്ങളുമാകും വാഗ്ദാനം. അതുകൊണ്ട് തന്നെ ഇവ സ്വീകരിക്കുന്നതിന് മുമ്പ് നന്നായി ആലോചിക്കണം. കാരണം ഇതിനു പകരമായി റാക്കറ്റുകൾ പലതും തിരികെ ആവശ്യപ്പെടും.. അത് ചിലപ്പോൾ ലഹരി മരുന്ന് എത്തിച്ചു നൽകൽ പോലും ആകാം.. അതുകൊണ്ട് തന്നെ കരുതലോടെ ഇരിക്കണം.. അത്യാഗ്രഹം വേണ്ട' ഇതാണ് പുതിയ തലമുറ താരങ്ങൾക്ക് മുന്നിൽ വയ്ക്കാനുള്ള നിർദേശമെന്നും രൂപ വ്യക്തമാക്കി.
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട് ആരംഭിച്ച അന്വേഷണമാണ് ബോളിവുഡിലെ ഡ്രഗ് ഇടപാടുകളിലേക്ക് എത്തിയത്. നാർക്കോട്ടിക്സ് കണ്‍ട്രോൾ ബ്യൂറോയും അന്വേഷണത്തിനിറങ്ങിയ കേസിൽ സുശാന്തിന്‍റെ കാമുകി റിയ ചക്രബർത്തി ഉൾപ്പെടെയുള്ളവർ നേരത്തെ അറസ്റ്റിലായിരുന്നു. ഇവരുടെ മൊഴിയുടെയും വാട്സ് ആപ്പ് ചാറ്റിന്‍റെയും ഒക്കെ അടിസ്ഥാനത്തിലാണ് ബോളിവുഡിലെ പല മുൻനിര താരങ്ങളുടെയും പേരുകൾ ഉയർന്നു വന്നത്.