നാഷണൽ കോണ്‍ഫറൻസ്, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി), പീപ്പിൾസ് കോൺഫറൻസ് (പിസി), പീപ്പിൾസ് മൂവ്മെന്റ് (പിഎം), സിപിഎം, അവാമി നാഷണൽ കോൺഫറൻസ് (എഎൻസി), കോൺഗ്രസ് എന്നിവരടങ്ങിയതാണ് ഗുപ്കാർ സഖ്യം. ഗുപ്കാർ സഖ്യം നേടിയ 76 ശമതാനം സീറ്റുകളും കശ്മീർ മേഖലയിലാണ്. സീറ്റ് വിഭജനത്തിൽ ധാരണയിലെത്താത്ത ജമ്മുവിൽ നിന്ന് 24 ശതമാനം സീറ്റുകളാണ് സഖ്യത്തിന് ലഭിച്ചത്. ബിജെപിയും പുതിയതായി രൂപീകരിച്ച അപ്നി പാർട്ടിയുമായിരുന്നു സഖ്യത്തിന്റെ മുഖ്യഎതിരാളികൾ.
ജമ്മുമേഖലയിലെ സ്വാധീനം ബിജെപി നിലനിർത്തി. കശ്മീരിൽ മൂന്ന് സീറ്റുകൾ നേടി അക്കൗണ്ടും തുറന്നു. ദക്ഷിണ കശ്മീരിലെ കകാപൊര, ശ്രീനഗറിലെ ഖാൻമോ, തുലൈൽ എന്നീ സിറ്റുകളിലാണ് ബിജെപി ജയിച്ചത്. കശ്മീർ മേഖലയിൽ സീറ്റുകൾ പിടിക്കാൻ ബിജെപി കഠിനപ്രയത്നം നടത്തിയിരുന്നു. മുൻ വ്യോമയാന മന്ത്രി ഷാനവാസ് ഹുസൈൻ ആയിരുന്നു ഇവിടെ പ്രധാനമായും പ്രചാരണം നയിച്ചിരുന്നത്.
2200 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. ഗുപ്കാർ സഖ്യത്തിലെ നാഷണൽ കോൺഫറൻസ് 169, പിഡിപി 68, അപ്നി പാർട്ടി 166, കോൺഗ്രസ് 157, പീപ്പിൾസ് കോൺഫറൻസ് 11, പീപ്പിൾസ് മൂവ്മെന്റ് 11, സിപിഎം 8, എൽജെപി 6, പാന്തേഴ്സ് പാർട്ടി 54 എന്നിങ്ങനെയായിരുന്നു മത്സരിച്ചത്. ബിജെപി 235 സ്ഥാനാർഥികളെ നിർത്തി. 1238 സ്വതന്ത്ര സ്ഥാനാർഥികളും ജനവിധി തേടി.
നാഷണൽ കോൺഫറൻസ് 67, പിഡിപി 27, കോൺഗ്രസ് 26, പീപ്പിൾസ് കോൺഫറൻസ് 8, സിപിഎം 5, അപ്നി പാർട്ടി 12 എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ സീറ്റ് നില. ആകെ സീറ്റിൽ 50 എണ്ണം സ്വതന്ത്രന്മാർ നേടി. ശ്രീനഗറിലെ 14 മണ്ഡലങ്ങളിൽ ഏഴെണ്ണം സ്വതന്ത്രന്മാർക്കാണ്. മുൻ മുഖ്യമന്ത്രിയും എംപിയുമായ ഫാറുഖ് അബ്ദുള്ളയുടെ നാഷണൽ കോൺഫറൻസിന് ഒരു സീറ്റുമാത്രമാണ് ഇവിടെ ലഭിച്ചത്. അപ്നി പാർട്ടി മൂന്ന് സീറ്റിൽ വിജയിച്ചപ്പോൾ പിഡിപിയും ബിജെപിയും ഓരോ മണ്ഡലങ്ങളിൽ വിജയിച്ചു.