ഐപിഎൽ മത്സരങ്ങൾക്കായി പുറപ്പെടുന്നതിന് മുന്നോടിയായി ചെന്നൈ സൂപ്പർകിങ്സ് നായകൻ മഹേന്ദ്ര സിങ് ധോണി കോവിഡ് ടെസ്റ്റിന് വിധേയനായി. റാഞ്ചിയിൽവെച്ച് നടത്തിയ ധോണിയുടെ കോവിഡ് പരിശോധന ഫലം ഇന്നു വൈകുന്നേരത്തോടെ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഫലം നെഗറ്റീവ് ആണെങ്കിൽ, ഐപിഎൽ 2020 നായി യുഎഇയിലേക്കു പുറപ്പെടുന്നതിന് മുന്നോടിയായി ധോണി ചെന്നൈ സൂപ്പർ കിങ്സ് ടീമിന്റെ പരിശീലന ക്യാമ്പിനായി ചെന്നൈയിലേക്ക് പോകും.
ടീമിന്റെ ബൌളിംഗ് പരിശീലകനായ എൽ ബാലാജിയാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം കളിക്കാർക്ക് ഫിറ്റ്നസ് വീണ്ടെടുക്കുക എളുപ്പമല്ലെന്ന് അദ്ദേഹം ബുധനാഴ്ച പറഞ്ഞു. “ഏതൊരു കായികരംഗത്തും 100 ശതമാനം മികവോടെ ഫിറ്റ്നസ് നിലനിർത്തുക എളുപ്പമല്ല. ഓരോ ആഴ്ചയും കായികക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമമാണ് കളിക്കാരിൽനിന്ന് ഉണ്ടാകേണ്ടത്,” അദ്ദേഹം പിടിഐയോട് പറഞ്ഞു.
ധോണി, സുരേഷ് റെയ്‌ന, പീയൂഷ് ചൌള എന്നിവരുൾപ്പെടെയുള്ള ഇന്ത്യൻ കളിക്കാർ അണിനിരക്കുന്ന ഹ്രസ്വ ക്യാമ്പിന്റെ ചുമതല ബാലാജിക്കായിരിക്കും. നെറ്റ് ബൌളർമാർ ബുധനാഴ്ച കോവിഡ് -19 ടെസ്റ്റുകൾക്ക് വിധേയരായതിനാൽ എട്ട് തമിഴ്‌നാട് കളിക്കാരെ യുഎഇയിലേക്ക് പോകാൻ തിരഞ്ഞെടുത്തിട്ടുണ്ട്. വരാനിരിക്കുന്ന സിഎസ്‌കെ ക്യാമ്പിൽ ഇവരും ഉണ്ടാകും.