കുർബാന തർക്കത്തിൽ പോപ്പുലർ ഫ്രണ്ട്; വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്ന് എറണാകുളം-അങ്കമാലി അതിരൂപത
- Published by:Sarika N
- news18-malayalam
Last Updated:
ബിഷപ്പിന്റെ പ്രസ്താവന ദുർവ്യാഖ്യാനം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് നിയമനടപടികൾ ആവശ്യപ്പെട്ട് അതിരൂപത രംഗത്തെത്തിയത്
കൊച്ചി: സീറോ മലബാർ സഭയിലെ ആരാധനാക്രമ തർക്കത്തിന് പിന്നിൽ ബാഹ്യശക്തികളുടെ ഇടപെടലുണ്ടായെന്ന തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെ പ്രസ്താവനയിൽ സമഗ്ര അന്വേഷണം വേണമെന്ന് എറണാകുളം-അങ്കമാലി അതിരൂപത. ബിഷപ്പിന്റെ പ്രസ്താവന ദുർവ്യാഖ്യാനം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് നിയമനടപടികൾ ആവശ്യപ്പെട്ട് അതിരൂപത രംഗത്തെത്തിയത്.
ദീപികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മാർ ആൻഡ്രൂസ് താഴത്ത് പരാമർശം നടത്തിയത്. പോപ്പുലർ ഫ്രണ്ടിനെ റെയ്ഡ് ചെയ്ത ഒരു ഉദ്യോഗസ്ഥൻ നൽകിയ വിവരമനുസരിച്ച്, സീറോ മലബാർ സഭയിൽ ഭിന്നിപ്പുണ്ടാക്കുക എന്നത് അവരുടെ ലക്ഷ്യമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും സംഘടിച്ചു നിൽക്കുന്ന സഭാവിഭാഗത്തെ തകർക്കാൻ ബാഹ്യശക്തികൾ കുത്സിത നീക്കം നടത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ആർച്ച് ബിഷപ്പിന്റെ പ്രസ്താവന അതീവ ഗൗരവമുള്ളതാണെന്ന് എറണാകുളം–അങ്കമാലി അതിരൂപത പിആർഒ ഫാ. പോൾ മേലേടത്ത് അറിയിച്ചു. ഇതിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരാൻ രാജ്യത്തെ നിയമസംവിധാനങ്ങൾ സമഗ്രമായ അന്വേഷണം നടത്തണം. പ്രസ്താവനയ്ക്ക് ആധാരമായ തെളിവുകൾ വെളിപ്പെടുത്താൻ ആർച്ച് ബിഷപ്പ് തയ്യാറാകണമെന്നും പ്രസ്താവനയിൽ പറയുന്നു. മതാന്തര ബന്ധങ്ങളെ ബാധിക്കുന്ന തരത്തിൽ പ്രസ്താവന വ്യാഖ്യാനിക്കപ്പെടുന്നതിനാൽ സത്യമറിയാൻ പൊതുസമൂഹത്തിന് അവകാശമുണ്ട്. സഭയിലെ ഭിന്നിപ്പിനെ അതിരൂപതയ്ക്കെതിരെ ഉപയോഗിക്കാൻ ചില നിക്ഷിപ്ത താത്പര്യക്കാർ ശ്രമിക്കുന്നുണ്ടെന്നും അതിരൂപത കുറ്റപ്പെടുത്തി. മതസൗഹാർദ്ദത്തിന് പ്രാധാന്യം നൽകുന്ന സഭയുടെ നിലപാടിൽ അതിരൂപത ഉറച്ചുനിൽക്കുന്നുവെന്നും ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന ശക്തികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
advertisement
എറണാകുളം–അങ്കമാലി അതിരൂപത പുറത്തിറക്കിയ പ്രസ്താവനയുടെ പൂർണരൂപം, 'സീറോ മലബാർ സഭയിലെ ആരാധനാക്രമ തർക്കത്തിൽ ഭിന്നിപ്പുകളുണ്ടാക്കുന്നതിന് ബാഹ്യ ശക്തികളുടെ ഇടപെടലുണ്ടായെന്ന ഭാരത കത്തോലിക്ക മെത്രാൻ സമിതി അധ്യക്ഷൻ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിൻ്റെ പ്രസ്‌താവന അതീവ ഗൗരവസ്വഭാവമുള്ളതാണ്. ഈ പ്രസ്‌താവനയെ എറണാകുളം-അങ്കമാലി അതിരൂപതയ്ക്കെതിരായി ദുർവ്യാഖ്യാനം ചെയ്യാൻ സാമൂഹ്യമാധ്യമങ്ങളിൽ ചില നിക്ഷിപ്തതാല്പര്യക്കാർ ശ്രമിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം ആവശ്യമുണ്ട്. പോപ്പുലർ ഫ്രണ്ടിനെ റെയ്ഡ് ചെയ്ത ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതനുസ രിച്ച് അവരുടെ പദ്ധതികളിൽ സീറോമലബാർ സഭയിൽ ഭിന്നിപ്പുണ്ടാക്കുക എന്നത് ഒരുലക്ഷ്യമായിരുന്നു എന്ന പ്രസ്താവനയെ ആർക്കും തമസ്‌കരിക്കാനാവില്ല. ഭാരത കത്തോലിക്ക സഭയുടെയും സീറോ മലബാർ സഭയുടെയും ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്ന അഭിവന്ദ്യ ആൻഡ്രൂസ് താഴത്ത് പിതാവ് നടത്തിയ ഈ പ്രസ്‌താവനയിൽ ആരാണ് അദ്ദേഹത്തെ കാര്യങ്ങൾ ധരിപ്പിച്ചത് എന്നും അതിലേക്ക് എന്തൊക്കെ തെളിവുകൾ ലഭിച്ചതിൻ്റെ വെളിച്ചത്തിലാണ് ഗൗരവതരമായ പ്രസ്താവന നടത്തിയതെന്നും നിയമസംവിധാനങ്ങൾക്ക് മുൻപിൽ പറയുവാൻ പിതാവ് കുടപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ നിയമസംവിധാനങ്ങൾ സമഗ്രമായ അന്വേഷണം നടത്തണം. വിഷയത്തിൽ വ്യക്തത വരുത്താൻ സഭാതലത്തിലും കൃത്യമായ അന്വേഷണങ്ങൾ നടത്താനും എത്രയും വേഗം ഇതിൻ്റെ നിജസ്ഥിതി വെളിപ്പെടുത്താനും ബന്ധപ്പെട്ടവർ തയ്യാറാകണം.
advertisement
മതാന്തരബന്ധങ്ങളെപ്പോലും ബാധിക്കുന്നതരത്തിൽ ഈ പ്രസ്‌താവന പൊതുസമൂഹത്തിൽ വ്യാഖ്യാനിക്കപ്പെടുന്ന സാഹചര്യമുളവായിട്ടുള്ളതിനാൽ സത്യമറിയാൻ പൊതുസമൂഹത്തിനും അവകാശമുണ്ട്. മതേതര രാജ്യത്ത് മതത്തിൻ്റെ പേരിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്ന സാമൂഹ്യവിരുദ്ധ ശക്തികൾ ആരായാലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരികയും മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്യണം. സമൂഹത്തിൻ്റെ സുസ്ഥിതിക്ക് മതങ്ങൾ തമ്മിലുള്ള സൗഹാർദത്തിന് എക്കാലവും പ്രാധാന്യം കൊടുത്തിട്ടുള്ള കത്തോലിക്കാ സഭയുടെ പൊതു സമീപനം എക്കാലവും മുറുകെപ്പിടിക്കുന്ന അതിരൂപത, വ്യത്യസ്‌ത മതങ്ങളിലുള്ളവരുടെ സഹവർത്തിത്വ സംസ്കാരത്തെ ആദരവോടെ കാണാൻ പ്രതിജ്ഞാബദ്ധമാണ്. മേൽപറഞ്ഞ വിഷയങ്ങളിൽ സത്വര നടപടികൾ കൈക്കൊള്ളണമെന്ന് എറണാകുളം - അങ്കമാലി അതിരൂപത ആവശ്യപ്പെടുന്നു.'
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ernakulam,Kerala
First Published :
Feb 09, 2026 7:34 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കുർബാന തർക്കത്തിൽ പോപ്പുലർ ഫ്രണ്ട്; വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്ന് എറണാകുളം-അങ്കമാലി അതിരൂപത







