മലപ്പുറം: നിലമ്പൂർ പൂക്കോട്ടുപാടത്ത് പൂർണ ഗര്‍ഭിണിയായ കാട്ടുപോത്തിനെ (പെൺ കാട്ടുപോത്തിനും കാട്ടുപോത്ത് എന്ന് തന്നെയാണ് പറയുന്നത്) വേട്ടയാടിയ സംഭവത്തതില്‍ അഞ്ചു പേരെ വനം വകുപ്പ് അറസ്റ്റു ചെയ്തു. സംഭവത്തിൽ ഒരാളെ നേരത്തെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. പ്രതികളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.
നിലമ്പൂര്‍ സൗത്ത് വനം ഡിവിഷനില്‍ കാളികാവ് റേഞ്ചിന് കീഴിലെ ചക്കിക്കുഴി ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ പുഞ്ച വനത്തിലാണ് വേട്ട നടന്നത്. പുഞ്ച സ്വകാര്യ തോട്ടത്തിന് മുകള്‍ഭാഗത്ത് പൂപ്പാതിരിപ്പാറക്കു സമീപം പ്രസവിക്കാനിടം തേടി നടന്ന പൂർണ ഗര്‍ഭിണിയായ കാട്ടുപോത്തിനെ ആണ് ഇവർ വെടിവച്ച് കൊന്നത്. വയർ പിളർത്തിയപ്പോൾ കണ്ട പൂർണ വളർച്ച എത്തിയ ഭ്രൂണവും ഇവർ വെട്ടിമുറിച്ചു ഇറച്ചിയാക്കി.
200 കിലോയിൽ അധികം മാംസം ഇവർ പങ്കുവെച്ചു. രണ്ട് തലയോട്ടികള്‍, മറ്റു അവശിഷ്ടങ്ങള്‍ എന്നിവ കാട്ടില്‍ പലയിടങ്ങളില്‍ തള്ളി. കാട്ടു പോത്തിന്റെ എല്ലുകളും ശരീരാവശിഷ്ടങ്ങയും ഭ്രൂണാവശിഷ്ടങ്ങളും വേട്ട സാമഗ്രികളും കാട്ടിൽ പലയിടത്തു നിന്നും കണ്ടെടുത്തു. പ്രതികൾ കാണിച്ചുകൊടുത്തത് പ്രകാരം അന്വേഷണ സംഘമാണ് ഇവ കണ്ടെടുത്തത്.
എസ്.എഫ്.ഒമാരായ എന്‍. വിനോദ് കൃഷ്ണന്‍, എസ്.അമീന്‍ ഹസന്‍, ബീറ്റ് ഫോസ്റ്റ് ഓഫീസര്‍മാരായ എസ്.എസ്. സജു, കെ.പി. അജിത്ത്, എ.എല്‍. അഭിലാഷ്, എം. മണികണ്ഠന്‍, കെ.പി. ദിനേഷ്, എം.എം. അയ്യൂബ്, എസ്. സുനില്‍ കുമാര്‍, എ.കെ. സനൂപ്, ടി.എസ്. ജോളി, വാച്ചര്‍മാരായ എം.സി. അജയന്‍, പി. ഗിരീശന്‍, കെ. യൂനുസ് എന്നിവർ അന്വേഷണ സംഘത്തിലുണ്ട്.