കോഴിക്കോട്; ഓഗസ്റ്റ് എട്ടിന് കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട വിമാനം സംഭവസ്ഥലത്തുനിന്ന് മാറ്റുന്നതിനുള്ള രൂപരേഖയായി. വ്യക്തമായ പദ്ധതി പ്രകാരമാണ് എയർഇന്ത്യ വിമാനം അപകടസ്ഥലത്തുനിന്ന് മാറ്റുന്നത്. 500 മീറ്റർ അകലെ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തേക്കാണ് വിമാനം മാറ്റുന്നത്. ഘട്ടംഘട്ടമായി വിമാനം മാറ്റുന്നതിന് രണ്ടുകോടിയോളം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിമാനം നിർത്തിയിടാനായി 500 മീറ്റർ അകലെ കോൺക്രീറ്റ് പ്രതലം നിർമ്മിച്ചതു മുതലാണ് നടപടി ക്രമങ്ങൾ ആരംഭിച്ചത്. പാറ നിറഞ്ഞ ഈ പ്രദേശം ഇടിച്ചുനിരത്തി തയ്യാറാക്കിയതിനുതന്നെ അരക്കോടിയിലേറെ ചെലവ് വന്നു. എയർപോർട്ട് അതോറിറ്റി കേന്ദ്ര സുരക്ഷാ സേനയുടെ ബാരിക്കേഡിന് സമീപത്തായാണ് വിമാനം നിർത്തിയിടാൻ പ്രത്യേക സ്ഥലം തയ്യാറാക്കിയത്. ഇതൂകൂടാതെ ഈ ഭാഗത്ത് മേൽക്കൂര പണിയുന്നതിനും ലക്ഷങ്ങൾ ചെലവ് വരും. ക്രെയിൻ ഉപയോഗിച്ച് വിമാനം അപകടസ്ഥലത്തുനിന്ന് നീക്കുന്നതിനും ലക്ഷങ്ങൾ ചെലവ് വരും.
അപകടത്തിൽ എയർഇന്ത്യ എക്സ്പ്രസ് വിമാനം മൂന്നായി പിളർന്നിരുന്നു. വിമാനം നീക്കം ചെയ്യുമ്പോൾ ആദ്യം കൊണ്ടുപോകുന്നത് മുഖഭാഗമാണ്. അതിനുശേഷമായിരിക്കും മറ്റു ഭാഗങ്ങൾ നീക്കം ചെയ്യുക. ഘട്ടംഘട്ടമായാണ് വിമാനത്തിന്‍റെ വിവിധ ഭാഗങ്ങൾ നീക്കം ചെയ്യുന്നത്. വിമാനത്തിന്‍റെ ഇന്ധനടാങ്കിൽ ഇപ്പോഴും കുറഞ്ഞ അളവിലുള്ള ഇന്ധം ബാക്കിയുണ്ട്. അതുകൊണ്ടുതന്നെ ഇതിലേക്ക് വെള്ളമൊഴിച്ചു ശുദ്ധീകരിച്ചു അതു നീക്കംചെയ്ത ശേഷമായിരിക്കും ടാങ്കിന്‍റെ ഭാഗം നീക്കുക.
വിമാനത്തിന്‍റെ വയറിങ് പൂർണമായും നീക്കം ചെയ്യുന്നുണ്ട്. അതിനുശേഷം ചിറകുകൾ വേർപെടുത്തുകയും അത് മാറ്റുകയും ചെയ്യും. ക്രെയിനുകളും അത്യാധുനിക ഉപകരണങ്ങളും ഉപയോഗിച്ചാണ് വിമാനം നീക്കുന്നതെങ്കിലും നിരവധി തൊഴിലാളികളും ഇതിന് ആവശ്യമുണ്ട്. ഏകദേശം പത്തുദിവസംകൊണ്ട് വിമാനം പൂർണമായും നീക്കാനാകുമെന്ന പ്രതീക്ഷയിലാണ് എയർഇന്ത്യയിലെ എഞ്ചിനിയറിങ് വിദഗ്ദ്ധർ. വിമാനം നീക്കുന്നതിന് കൃത്യമായ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. നീക്കം ചെയ്യുന്ന വിമാന ഭാഗങ്ങൾ സ്ഥിരമായി സൂക്ഷിക്കുന്ന സ്ഥലത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. അതിന് അനുസരിച്ചായിരിക്കും വിമാനം നീക്കം ചെയ്യുന്ന പ്രവർത്തി പുരോഗമിക്കുക.