ഷെഹലയുടെ മരണം: അധ്യാപകർക്കെതിരെ നടപടി വേണ്ടെന്ന് ബാലാവകാശ കമ്മീഷൻ; എന്തുകൊണ്ട്?
മുമ്പ് ദേശീയപാതാ ഉപരോധ സമരവുമായി ബന്ധപ്പെട്ട് 14 വയസിന് താഴെ പ്രായമുള്ള കുട്ടികൾ പങ്കെടുത്തത് അധ്യാപകർ വീട്ടുകാരെ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് സ്കൂളിലെ ഒരു വിഭാഗം വിദ്യാർഥികൾക്ക് തങ്ങളോട് വിരോധമുണ്ടായിരുന്നതെന്ന് അധ്യാപകർ മൊഴി നൽകിയിരിക്കുന്നത്.
News18 Malayalam | December 8, 2019, 4:06 PM IST
1/ 4
തിരുവനന്തപുരം: സുൽത്താൻ ബത്തേരി സർവജന സ്കൂൾ വിദ്യാർഥിനി ഷെഹല ഷെറിൻ പാമ്പ് കടിയേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ ഒരു വിഭാഗം വിദ്യാർഥികൾക്ക് അധ്യാപകരോട് നേരത്തെ വിരോധമുണ്ടായിരുന്നതായി അധ്യാപകർ. ബാലാവകാശ കമ്മീഷന് നൽകിയ മൊഴിയിലാണ് അധ്യാപകർ ഇക്കാര്യം പറഞ്ഞത്. മുമ്പ് ദേശീയപാതാ ഉപരോധ സമരവുമായി ബന്ധപ്പെട്ട് 14 വയസിന് താഴെ പ്രായമുള്ള കുട്ടികൾ പങ്കെടുത്തത് അധ്യാപകർ വീട്ടുകാരെ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് സ്കൂളിലെ ഒരു വിഭാഗം വിദ്യാർഥികൾക്ക് തങ്ങളോട് വിരോധമുണ്ടായിരുന്നതെന്ന് അധ്യാപകർ മൊഴി നൽകിയിരിക്കുന്നത്. അധ്യാപകർക്കെതിരായ കുട്ടികളുടെ മൊഴിയിൽ ഈ വിരോധം കൂടി കാരണമായിരിക്കാമെന്നും ബാലാവകാശ കമ്മീഷൻ വിലയിരുത്തുന്നു.
2/ 4
അതേസമയം ഷെഹലയുടെ മരണവുമായി ബന്ധപ്പെട്ട് അധ്യാപകർക്കെതിരെ വകുപ്പുതല നടപടികളോ ക്രിമിനൽ നടപടികളോ എടുക്കേണ്ടതില്ലെന്ന നിലപാടിലാണ് ബാലാവകാശ കമ്മീഷൻ. രക്ഷകർത്താവ് വരുംവരെ കാത്തിരുന്ന അധ്യാപകരുടെ നടപടി ശരിയല്ലെങ്കിലും കുട്ടികളുടെ ഭാവിയെക്കരുതി നടപടി വേണ്ടതില്ലെന്നാണ് വിലയിരുത്തലെന്നും കമ്മീൽൻ ചെയർമാൻ പി. സുരേഷ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
3/ 4
ഷെഹലയുടെ മരണത്തിന് സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയ ഉദ്യോഗസ്ഥനും ഉത്തരവാദിയാണെന്ന് ബാലാവകാശ കമ്മീഷൻ വിലയിരുത്തുന്നു. ക്ലാസ് മുറി പരിശോധിച്ച് ഫിറ്റ്നസ് നൽകിയിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു. ക്ലാസ് മുറി പരിശോധിക്കാതെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.
4/ 4
ഷെഹലയെ ചികിത്സിച്ച ഡോക്ടറുടെ ഭാഗത്തുനിന്നും ഗുരുതര കൃത്യവിലോപമുണ്ടായതായി ബാലാവകാശ കമ്മീഷൻ നിരീക്ഷിക്കുന്നു. പരിശോധന ഫലം പോസിറ്റീവ് ആയിട്ടും കുട്ടിയുടെ പിതാവ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ആന്‍റി വെനം നൽകാൻ ഡോക്ടർ തയ്യാറാകാതിരുന്നത് കുറ്റകരവും വൈദ്യ നൈതികതയ്ക്ക് എതിരുമാണ്. ഡോക്ടർക്കെതിരെ വകുപ്പുതല-നിയമ നടപടികളുണ്ടാകണമെന്നും ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.