പത്തനംതിട്ട: തിരക്കേറിയ പത്തനംതിട്ട നഗരത്തിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് തീപിടിത്തമുണ്ടായത്. ബേക്കറിയിൽ നിന്ന് പടർന്നു പിടിച്ച തീ നിമിഷനേരം കൊണ്ട് അഞ്ചുകടകളിലേക്ക് വ്യാപിക്കുകയായിരുന്നു. തീപിടിച്ച് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതും അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. ആളപായം ഇല്ല എന്നതാണ് ഏക ആശ്വാസം. എന്നാൽ സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിച്ചതാണ് പത്തനംതിട്ട നഗരത്തിലെ തീ പിടിത്തതിന് കാരണമെന്നാണ് അഗ്‌നിശമന സേന വിലയിരുത്തുന്നത്. ഉപ്പേരി വറുക്കുന്നതിനിടെ എണ്ണയിൽ നിന്ന് തീ പടർന്നതാണ് അപകടത്തിന് കാരണമായതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ കേസെടുത്ത പൊലീസ് തീപിടിത്തം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താൻ തീരുമാനിച്ചു.