കന്യാകുമാരി : മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രത്തിലെ മാശികൊട മഹോത്സവത്തിന് കൊടിയേറി. ഇന്നലെ രാവിലെ 7.30നും 8.30നും ഇടയിലുള്ള മുഹൂർത്തത്തിൽ തൃക്കൊടിയേറ്റ് നടന്നു. ഉത്സവ ദിവസങ്ങളിൽ രാവിലെ വിശേഷ പൂജകളും അഭിഷേകങ്ങളും നടക്കും. 6 മുതൽ 14 വരെയുള്ള തീയതികളിൽ രാവിലെയും രാത്രി 9.30നും ദേവി വെള്ളിപ്പല്ലക്കിൽ എഴുന്നള്ളും.
മാർച്ച് 10ന് രാത്രി 12ന് ഉത്സവത്തിലെ പ്രധാന ചടങ്ങുകളിൽ ഒന്നായ വലിയ പടുക്ക സമർപ്പണം നടക്കും. 13ന് രാത്രി 9.30ന് വലിയ തീവെട്ടി എഴുന്നള്ളത്ത്,14ന് പുലർച്ചെ ശാസ്താക്ഷേത്രത്തിൽ നിന്ന് കളഭ ഘോഷയാത്ര തിരിക്കും. രാത്രി 9.30ന് ദേവീ എഴുന്നള്ളത്ത്. രാത്രി 12ന് ഒടുക്ക് പൂജയ്ക്കുള്ള പദാർത്ഥങ്ങൾ പാരമ്പര്യ ആചാരപ്രകാരം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. രാത്രി 1ന് ഒടുക്ക് പൂജ. മറുകോട മാർച്ച് 21ന്.