നിനക്ക് എന്താ വട്ടാണോ... ? പഠിച്ച് ഒരു ജോലി കിട്ടിയപ്പോൾ കൃഷിപ്പണിക്ക് പോകണമത്രേ ... പരിഹാസവും, പുച്ഛവും ഒരുപാട് കേട്ടിട്ടുണ്ട് ഭാഗ്യരാജ് ബാലസുന്ദർ എന്ന ഈ ആലപ്പുഴക്കാരൻ. ജൈവകർഷകർ പ്രതിസന്ധികളിൽ നട്ടം തിരിയുന്ന കാലത്താണ് ഈ ആലോചന എന്നോർക്കണം. ഐ ടി യോ കൃഷിയോ? ചിന്തകൾ ഉറക്കത്തെ ഭ്രാന്ത് പിടിപ്പിച്ച കാലം. അങ്ങനെ ഒരു സുപ്രഭാതത്തിൽ ലാപ്ടോപ്പിനും സ്മാർട്ട് ഫോണുകൾക്കും മുന്നിൽ തലകുനിച്ചിരിക്കുന്ന യുവതയോട് യാത്ര പറഞ്ഞ് ടി സി എ സി ലെ ക്വാളിറ്റി ഓഫീസർ കുപ്പായം അഴിച്ച് വെച്ച് ഭാഗ്യരാജ് ഇറങ്ങി.
എൺപത് സെൻ്റിലെ കൃഷി ഏക്കറുകളിൽ നിന്ന് ഏക്കറുകളിലേക്ക് വ്യാപിച്ചു. അര ലക്ഷം ശമ്പളം ഉപേക്ഷിച്ചു പോന്ന ടെക്കിപ്പയ്യൻ മാസം ഒന്നും രണ്ടും ലക്ഷം വരെ സമ്പാദിച്ചപ്പോൾ വിമർശകർ വാ പൂട്ടി. അങ്ങനെ അവിടെ നിന്ന് മണ്ണിൻ്റെ മണമുള്ള ന്യുജൻ കർഷകനായി ഈ മലയാളി പയ്യൻ തിളങ്ങി. ഭാഗ്യരാജിന് കൃഷി ഒരു ഹോബി അല്ലായിരുന്നു. മറിച്ച് കഠിനാധ്വാനത്തിൻ്റെ പാഠങ്ങളായിരുന്നു.
ജോലി കൂടി ഉപേക്ഷിച്ചതോടെ വിജയത്തിനപ്പുറം മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാൻ പോലുമാകാത്ത അവസ്ഥ. പ്രത്യേകിച്ച് എം ബി എക്കാരൻ കൈക്കോട്ടുമായി മണ്ണിലേക്കിറങ്ങുമ്പോൾ നാട്ടിൽ അടക്കം പറച്ചിലുകൾ ഏറെയായിരുന്നു. ജോലി കിട്ടി ഇരുപതാം ദിവസമാണ് ഭാഗ്യരാജ് നാട്ടിലേക്ക് വണ്ടി കയറുന്നത്. കൃഷിയെന്ന അതിയായ ആഗ്രഹവും, ഹോംസിക്ക്നസുമൊക്കെ ചേർന്നപ്പോൾ മടക്കം വേഗത്തിലായി.
ആലപ്പുഴ ചേർത്തല പുത്തനംമ്പലം സ്വദേശിയാണ് ഭാഗ്യരാജ്. 6 കൊല്ലം മുമ്പ് 80 സെന്റ് ഭൂമി പാട്ടത്തിനെടുത്ത് കൃഷിയിറക്കി. അടിമുടി ഓർഗാനിക്... അതായിരുന്നു മുന്നിലുള്ള ലക്ഷ്യം. അതിന് അവലംബിക്കുന്ന മാർഗങ്ങൾ ശുദ്ധവും ജൈവവുമായിരിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. പയർ, പാവൽ, പടവലം, വെള്ളരി എന്നു വേണ്ട മലയാളിയുടെ തീൻമേശയിൽ എന്തൊക്കെ എത്തുമോ അതിനെയെല്ലാം വിത്തെറിഞ്ഞും നട്ടും മണ്ണിലേക്കിറക്കി. എളുപ്പമല്ലാത്ത വഴിയാണ് മുന്നിലുള്ളതെന്ന് അറിയാമായിരുന്നു എന്നിട്ടും പിൻമാറിയില്ല.
അന്ന് ഏതാണ്ട് ഒരു ലക്ഷത്തോളം രൂപ മുടക്കിയാണ് ഈ സംരംഭത്തിനിറങ്ങി തിരിച്ചത്. ദൈവാനുഗ്രഹമെന്ന് പറയട്ടെ, ആദ്യ മാസങ്ങളിൽ തന്നെ മുപ്പതിനായിരത്തിനും 50,000ത്തിനും ഇടയിൽ വരുമാനം കിട്ടി. മാസങ്ങൾ കഴിഞ്ഞു പോകുമ്പോൾ തന്നതിന്റെ ഇരട്ടി മണ്ണ് എനിക്ക് തരാൻ തുടങ്ങി. അമ്പതിനായിരം ഒരു ലക്ഷമായി. ഒന്ന് രണ്ടായി... സ്വപ്നങ്ങളങ്ങനെ പടർന്നു പന്തലിച്ചു. 80 സെന്റിൽ നിന്നും 12 ഏക്കറിലേക്ക് കൃഷി വ്യാപിച്ച് തുടങ്ങിവച്ച സംരംഭം പടർന്നു പന്തലിക്കുകയായി. പല ഘട്ടങ്ങളിലും കാർഷികോത്പ്പന്നങ്ങൾ നൂറു കിലോയ്ക്ക് അടുത്തു വരെ വിളവെടുത്തു. കൃഷിയുടെ അളവും ഉത്പന്നങ്ങളുടെ എണ്ണവും കൂടി. ഇക്കോ ഷോപ്പ് എന്ന ആശയം മനസിലേക്ക് വരുന്നത് അങ്ങനെയാണ്. അതോടെ വിപണനത്തിന് സ്വന്തമായൊരു കട കൂടിയായി.
എല്ലാത്തിനും പിന്തുണയും ധൈര്യവുമായി കൂടെയുണ്ടായിരുന്നത് യുവകർഷകനും ആത്മമിത്രവുമായ സുജിത്ത് ആയിരുന്നു. കാർഷിക കൂട്ടായ്മയേയും ഉപഭോക്താക്കളേയും ഒരു കുടക്കീഴിൽ കൊണ്ടു വന്നതാണ് മറ്റൊരു നാഴികക്കല്ല്. വെജ് 2 ഹോം എന്നാണ് വാട്സാപ്പ് ഗ്രൂപ്പ് പിറവിയെടുക്കുന്നത് ഇങ്ങനെയാണ്. തുടക്കത്തില്‍ വെറും 40 പേര്‍ മാത്രമേ ഈ ഗ്രൂപ്പിലുണ്ടായിരുന്നുള്ളൂ. ഇപ്പോ രണ്ടായിരത്തിലേറെ അംഗങ്ങളുണ്ട്. ആലപ്പുഴയില്‍ മാത്രമുള്ളവരാണിതില്‍. ജില്ല പൂര്‍ണമായും കവര്‍ ചെയ്യുന്നുണ്ട്. നേരിട്ട് ഓർഡറുകൾ കൂടി സ്വീകരിച്ചു തുടങ്ങിയതോടെ സംഭവം പക്കാ ഓൺലൈനായി.
വെജ് 2 ഹോം ഗ്രൂപ്പിന് ഓര്‍ഡര്‍ കിട്ടിയാല്‍, ഒരു മണിക്കൂറിനുള്ളില്‍ സാധനങ്ങള്‍ ആവശ്യക്കാരിലെത്തിക്കും. വീട്ടില്‍ കൊണ്ടുപോയി കൊടുക്കുന്നതിന് പ്രത്യേക ചാര്‍ജ് ഈടാക്കാറില്ല. ഉത്പന്നത്തിന്‍റെ വില മാത്രമേ കസ്റ്റമറില്‍ നിന്നു ഈടാക്കുന്നുള്ളൂ. ആലപ്പുഴയില്‍ ഒരു റൂട്ടില്‍ മാത്രം പോയാല്‍ തന്നെ ഇരുപതിനായിരം രൂപയുടെ കച്ചവടം നടക്കും. നിത്യേന വാട്സാപ്പ് ഗ്രൂപ്പിലൂടെ അമ്പതിലേറെ പേര്‍ ഓര്‍ഡര്‍ നല്‍കാറുണ്ട്. സ്ഥല ലഭ്യതയ്ക്കനുസരിച്ച് നെല്ല്, മത്സ്യം, കോഴി എന്നിവ കൂടി കൃഷി ചെയ്യാനിറങ്ങി തിരിച്ചതോടെ ഞങ്ങളുടെ ലോകവും വലുതായി. മുന്നൂറ് നാടന്‍ കോഴികളെ വീട്ടില്‍ വളര്‍ത്തുന്നുണ്ട്. പച്ചക്കറിക്കൊപ്പം മുട്ട, നാടന്‍ കോഴി, കാട, താറാവ് ഇതൊക്കെയും വാട്സാപ്പ് ഗ്രൂപ്പിലുടെ ലഭ്യമാക്കി തുടങ്ങി. കാരി, റെഡ് ബെല്ലി, സിലോപ്പിയ മത്സ്യങ്ങൾ മത്സ്യം ഡ്രസ് ചെയ്താണ് ആളുകളിലേക്കെത്തിക്കുന്നതായിരുന്നു രീതി.
വാണിജ്യാടിസ്ഥാനത്തിൽ മറ്റു കർഷകരിൽ നിന്നും ഉല്‍പന്നങ്ങൾ ശേഖരിച്ച് അവർക്ക് അർഹമായ ലാഭ വിഹിതം അവരിലേക്ക് എത്തിക്കുന്നുമുണ്ട്. എറണാകുളത്തും ജൈവ പച്ചക്കറി വിൽപ്പനയിലൂടെ സജീവമായി രംഗത്തുണ്ട്. എറണാകുളം പനമ്പള്ളിയിലുള്ള വെജ് റ്റു ഹോം എന്ന ഓൺലൈൻ സംരഭത്തിലൂടെ എറണാകുളത്ത് മുഴുവൻ ഇടങ്ങളിലും വീടുകളിൽ പച്ചക്കറികൾ എത്തിക്കും.ഇന്ന് ഏകദേശം ശരാശരി ഒരു ലക്ഷത്തിലേറെ രൂപ കൃഷിയിലൂടെ ഞങ്ങൾ സ്വരുക്കൂട്ടുന്നുണ്ട്. കുടുംബത്തിൻ്റെ പൂർണ പിന്തുണ കൂടിയാണ് വിജയത്തിന് പിന്നിൽ അച്ഛൻ ബാലസുന്ദർ ഒമാനിലായിരുന്നു ജോലി നോക്കിയിരുന്നത്. അമ്മ പുഷ്പ. എല്ലാ അധ്വാനത്തിനും ഉറച്ച പിന്തുണയുമായി ഭാര്യ ആതിരയുമുണ്ട്. മകൾ ഐറ.