വേനൽച്ചൂടിൽ മനസിനും ശരീരത്തിനും ഉണർവേകാൻ ഒരു യാത്ര പോയാലോ? രാജ്യത്തെ പല പ്രദേശങ്ങളിലും വേനൽ കടുക്കുന്ന മെയ് മാസത്തിൽ സന്ദർശിക്കാൻ അനുയോജ്യമായ സ്ഥലങ്ങൾ ഇന്ത്യയിൽ തന്നെയുണ്ട്. ജോലിത്തിരക്കുകളിൽ നിന്നൊക്കെ അകന്ന് കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും എല്ലാം ഒപ്പം അവധി ആഘോഷിക്കാൻ പറ്റിയ സ്ഥലങ്ങൾ. അതിൽ പ്രശസ്തമായതും അധികമാരും കടന്നുചെല്ലാത്തതുമായ സ്ഥലങ്ങളും എല്ലാം ഉൾപ്പെടുന്നു. അവ ഏതെല്ലാം ആണെന്നു നോക്കാം. (Image Credits: Shutterstock)
കൂർഗ്, കർണാടക (Coorg, Karnataka) : മെയ് മാസത്തിൽ യാത്ര പോകാൻ ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളിലൊന്നാണ് കൂർഗ്. ആബി വെള്ളച്ചാട്ടം, ഇരുപ്പ് വെള്ളച്ചാട്ടം, നാഗർഹോള ദേശീയ ഉദ്യാനം, നിസർഗധാമ വനങ്ങൾ തുടങ്ങിയവയാണ് കൂർഗിലെ പ്രധാന ആകർഷണങ്ങൾ. നയന മനോഹരമായ കാഴ്ചകൾക്കു പുറമേ, റിവർ റാഫ്റ്റിംഗ്, ട്രെക്കിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങളും കൂർഗിലെത്തിയാൽ ആസ്വദിക്കാം. (Image Credits: Shutterstock)
ഔലി, ഉത്തരാഖണ്ഡ് (Auli, Uttarakhand): സ്കീയിംഗ് നടത്താൻ (skiing) പറ്റിയ ഇന്ത്യയിലെ ഏറ്റവും അനുയോജ്യമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഉത്തരാഖണ്ഡിലെ ഔലി. മഞ്ഞിൻ പുതപ്പണിഞ്ഞ ഔലി പ്രകൃതി സ്നേഹികളുടെ പറുദീസയാണ്. ചെരിഞ്ഞ ഓക്ക് മരങ്ങൾ തിങ്ങി നിറഞ്ഞ വനങ്ങളും ആപ്പിൾ തോട്ടങ്ങളും വൃത്തിയുള്ള അന്തരീക്ഷവും ആരെയും ആകർഷിക്കും. നഗരജീവിതത്തിന്റെ തിരക്കുകളിൻ നിന്നകന്ന, ഉത്തരാഖണ്ഡിലെ ഏറ്റവും തണുപ്പുള്ള സ്ഥലങ്ങളിൽ ഒന്നു കൂടിയാണ് ഔലി. പലതരം ഔട്ട്ഡോർ ആക്ടിവിറ്റികളും ഇവിടെ ഉണ്ട്. (Image Credits: Shutterstock)
ഖജ്ജിയാർ, ഹിമാചൽ പ്രദേശ് (Khajjiar, Himachal Pradesh): ഇന്ത്യയിലെ സ്വിറ്റസർലണ്ട് എന്നാണ് ഹിമാചൽ പ്രദേശിലെ ഖജ്ജിയാർ അറിയപ്പെടുന്നത്. മഞ്ഞു മൂടിയ പർവതങ്ങൾ ഈ വേനൽച്ചൂടിൽ നിന്നകന്ന് നിങ്ങളുടെ മനസിനും ശരീരത്തിനും ഒരുപോലെ കുളിർമ നൽകും. സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികളെ കാത്ത് പാരാഗ്ലൈഡിംഗ്, സോർബിംഗ്, ട്രെക്കിംഗ് തുടങ്ങിയ വിനോദങ്ങളെല്ലാം ഖജ്ജിയാറിലുണ്ട്. സുവർണ്ണ ദേവി ക്ഷേത്രം, ഖജ്ജി നാഗ് ക്ഷേത്രം, ടിബറ്റൻ കരകൗശല വസ്തുക്കൾ ഉള്ള സ്ഥലം തുടങ്ങിയവയാണ് ഇവിടുത്തെ മറ്റ് പ്രധാന കേന്ദ്രങ്ങൾ. (Image Credits: Shutterstock)
സോംഗു, വടക്കൻ സിക്കിം (Dzongu, North Sikkim): പച്ചപ്പു നിറഞ്ഞ പ്രദേശങ്ങളും പർവതങ്ങളും നിറഞ്ഞ സോംഗു ഗാങ്ടോക്കിൽ നിന്നും 49 കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമമാണ്. ലെപ്ച ഗോത്രവിഭാഗം താമസിക്കുന്ന സ്ഥലം കൂടിയാണ് ഇവിടം. തടാകങ്ങൾ, കുതിച്ചുപായുന്ന വെള്ളച്ചാട്ടങ്ങൾ, ചെറിയ ആശ്രമം, ടീസ്ത നദിക്ക് കുറുകെയുള്ള മുളപ്പാലം തുടങ്ങിയവയെല്ലാം ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്. സഞ്ചാരികൾക്കായി ഹോം സ്റ്റേ സൗകര്യവും ലഭ്യമാണ്. ഇവിടെ താമസിച്ച് ഗ്രാമീണ സംസ്കാരം അറിഞ്ഞും ഗ്രാമവാസികളോട് സംസാരിച്ചും സമയം ചെലവഴിക്കാം. എന്നാൽ സോംഗുവിലേക്ക് പ്രവേശിക്കാൻ സിക്കിം സർക്കാരിന്റെ അനുമതി ആവശ്യമാണ്. (Image Credits: Shutterstock)
ദാംരോ, അരുണാചൽ പ്രദേശ് (Damro, Arunachal Pradesh): സ്വർഗത്തിലേക്കുള്ള പാതയെന്ന് ദാംരോയോ വിശേഷിപ്പിക്കുന്നവരുണ്ട്. മുളകളാൽ തീർത്ത വീടുകൾ, ആടിയുലയുന്ന തൂക്കുപാലങ്ങൾ, പ്രദേശവാസികളുടെ ജീവിതശൈലി എന്നിവയെല്ലാം ഇവിടെയെത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്നു. നാഗരിക സംസ്കാരത്തിൽ വീർപ്പു മുട്ടി, ഒരു മാറ്റം ആഗ്രഹിക്കുന്നവർക്കുള്ള മികച്ചൊരു ഓപ്ഷനാണ് ദാംരോ. ഇന്ത്യയിൽ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നു കൂടിയാണ് ഇത്. വിളവെടുപ്പിന് തയ്യാറായി നിൽക്കുന്ന കൃഷിയിടങ്ങളും വലിയ പുൽമേടുകളും സ്വൈര്യമായി വിഹരിക്കുന്ന കാട്ടുപോത്തുകളുമെല്ലാം ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്. ഒക്ടോബറിനും മെയ് മാസത്തിനും ഇടയിലുള്ള സമയമാണ് ദാംരോ സന്ദർശിക്കാൻ അനുയോജ്യം. അരുണാചൽ പ്രദേശിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലവും ഇവിടെയാണ്. ആദി പദം ഗോത്രവർഗക്കാർ താമസിക്കുന്ന സ്ഥലത്തിന് അടുത്താണ് യംനെ നദിക്ക് കുറുകെയുള്ള ഈ മനോഹരമായ പാലം. സഞ്ചാരികൾക്ക് വിശ്രമിക്കാനും പ്രകൃതിഭംഗ ആസ്വദിക്കാനും കഴിയുന്ന മുളയിൽ നിർമിച്ച നിരവധി കോട്ടേജുകളുണ്ട് ഇവിടെ. പരമ്പരാഗത റൈസ് ബിയറായ അപോങും ഇവിടെ ലഭിക്കും. (Image Credits: Shutterstock)
മൗലിനോങ്, മേഘാലയ (Mawlynnong, Meghalaya): 'ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം' എന്ന് അന്താരാഷ്ട്ര സംഘടനകൾ വിശേഷിപ്പിച്ച മൗലിനോങ് അധികം ആരാലും അറിയപ്പെടാതെ കിടക്കുന്ന ഒരു മനോഹര ഗ്രാമമാണ്. ചുരുക്കം സഞ്ചാരികൾ മാത്രമാണ് ഇവിടേക്ക് എത്താറുള്ളത്. നന്നായി സൂക്ഷിച്ചിരിക്കുന്ന റോഡുകൾ, മിനുക്കിയ തെരുവുകൾ, വൃത്തിയുള്ള വീടുകൾ, അവയുടെ മുന്നിലെ ഭംഗിയുള്ള മുറ്റങ്ങൾ, കല്ലുകൾ പാകിയ നടപ്പാതകൾ എന്നിവയെല്ലാം സഞ്ചാരികളെ ആകർഷിക്കും. ജൈവമാലിന്യങ്ങളും അജൈവ മാലിന്യങ്ങളും സംസ്കരിക്കാൻ ക്രമീകരിച്ചിട്ടുള്ള കുഴികളും നന്നായി പരിപാലിക്കപ്പെടുന്ന പൊതുസ്ഥലങ്ങളും കോസ്മോപൊളിറ്റൻ നഗരങ്ങളെപ്പോലും നാണം കെടുത്തും. വർഷം മുഴുവൻ കൂൾ ആയൊരു കാലാവസ്ഥയാണ് മൗലിനോങ്ങിൽ. മാർച്ച് മുതൽ ജൂൺ വരെയാണ് ഇവിടുത്തെ വേനൽക്കാലം. എന്നാൽ കാലാവസ്ഥ ഏതായാലും ഒരുപാട് ചൂടോ ഒരുപാട് തണുപ്പോ ഇവിടെ അനുഭവപ്പെടില്ല. 15 മുതൽ 24 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും സാധാരണ ഇവിടുത്തെ താപനില. (Image Credits: Shutterstock)
ഷോജ, ഹിമാചൽ പ്രദേശ് (Shoja, Himachal Pradesh): പച്ചപ്പുല്ലുകളാൽ സമൃദ്ധമായ ചെരിഞ്ഞ കുന്നിൻപ്രദേശങ്ങൾ നിറഞ്ഞ ഷോജയും ഈ വേനലിൽ സഞ്ചാരികളെ മാടിവിളിക്കുകയാണ്. മഞ്ഞുമലകളുടെ അതിമനോഹരമായ കാഴ്ചയും ഷോജയിലെത്തിയാൽ ആസ്വദിക്കാം. ഹിമാചലിലെ പോപ്പുലർ സ്ഥലങ്ങൾക്കപ്പുറം, അധികമാരും കടന്നു ചെന്നിട്ടില്ലാത്ത പ്രദേശങ്ങൾ സന്ദർശിക്കണം എന്നാഗ്രഹിക്കുന്നവർക്ക് മികച്ചൊരു ഓപ്ഷൻ ആയിരിക്കും ഷോജ. മെയ്, ജൂൺ മാസങ്ങളാണ് ഷോജ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ശാന്തതയും സമാധാനവും നിറഞ്ഞ അന്തരീക്ഷം നിങ്ങളെ ആകർഷിക്കുമെന്നുറപ്പ്. താമസ സൗകര്യങ്ങൾ പരിമിതമാണെങ്കിലും ഈ പ്രദേശത്തിന്റെ ഭംഗി ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതൊരു പ്രശ്നമേ അല്ല. (Image Credits: Shutterstock)
നാംചി, സിക്കിം (Namchi, Sikkim): സിക്കിമീസ് ഭാഷയിൽ 'നാം' എന്നാൽ 'ആകാശം' എന്നാണ് അർത്ഥം. 'ചി' എന്നാൽ 'ഉയരം' എന്നും. പേര് അന്വർഥമാക്കും വിധം സമുദ്രനിരപ്പിൽ നിന്ന് 1,675 മീറ്റർ ഉയരത്തിലാണ് നാംചി സ്ഥിതി ചെയ്യുന്നത്. ഖാങ്‌ചെൻഡ്‌സോംഗ പ്രദേശങ്ങളുടെയും രംഗിത് താഴ്‌വരയും ഭംഗി ഉയരെ നിന്നും സഞ്ചാരികൾക്ക് ആസ്വദിക്കാം. സിക്കിമിലെ ഏറ്റവും ഭംഗിയുള്ള ഗ്രാമങ്ങളിൽ ഒന്നു കൂടിയാണ് നാംചി. ഹൈക്കിങ്ങ്, പക്ഷി നിരീക്ഷണം, തീർഥാടനം തുടങ്ങിയവക്കെല്ലാം പ്രശസ്തമാണ് ഇവിടം. നാംചിയിലെ സംദ്രപ്സെ കുന്നിലാണ് ഗുരു പത്മസംഭവയുടെ ഏറ്റവും വലിയ പ്രതിമ സ്ഥിതി ചെയ്യുന്നത്. ആഗ്രഹ പൂർത്തീകരണത്തിനുള്ള മല (wish-fulfilment hill) എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. (Image Credits: Shutterstock)